WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, January 6, 2010

നടപടിയെടുക്കാന്‍ മടി എന്തിന് -കോടതി


Thursday, January 7, 2010
കൊച്ചി: ജനജീവിതം ദുരിതത്തിലാക്കിയ സ്വകാര്യ ബസ് സമരത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്ന് ഹൈ കോടതി. ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ഭരണഘടനാപരവും നിയമപരവുമായ അധികാരം ഉപയോഗിച്ച് കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബെന്നുര്‍മ~്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
സമരം അവസാനിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് കോടതിയെ അറിയിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ബസുടമകള്‍ വിലപേശുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതിന് ന്യായീകരണമില്ല.

സമരം നടത്തുന്ന ബസ് ഓപറേറ്റര്‍മാര്‍ക്കെതിരെ അവശ്യ സര്‍വീസ് നിയമ (എസ്മ) പ്രകാരം നടപടിയെടുക്കണമെന്നും, ബസുടമകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫോറം ഫോര്‍ അവേര്‍നസ് ആന്‍ഡ് സോഷ്യല്‍ കള്‍ച്ചറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് വുമണ്‍ (ഫാസ്റ്റ്) സംഘടനയുടെ ജനറല്‍ സെക്രട്ടറി ഹേമലതാ നമ്പ്യാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ പരാമര്‍ശം. സമരത്തിലേര്‍പെട്ട ബസുടമകള്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നതടക്കം ഹരജിയിലെ ആവശ്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സമരം തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ദുരിതമനുഭവിക്കുകയാണെന്ന് ഹരജിക്കാരിയുടെ അഭിഭാഷകന്‍ ശിവന്‍ മ~ത്തില്‍ ബോധിപ്പിച്ചു. ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

മോട്ടോര്‍ വാഹന നിയമത്തിലും ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലും വ്യവസ്ഥാ ലംഘനം നടത്തുകയും ട്രിപ്പുകള്‍ മുടക്കുകയും ചെയ്താല്‍ പെര്‍മിറ്റ് തിരിച്ചെടുക്കാമെന്ന് വ്യവസ്ഥയുണ്ട്. സമരംമൂലം സഞ്ചാര സ്വാതന്ത്ര്യവും തൊഴിലെടുത്ത് മാന്യമായി ജീവിക്കാനുള്ള അവകാശവും തടസ്സപ്പെടുന്നത് ആശങ്കാജനകമാണ്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ഒരുനിമിഷംപോലും കണ്ടില്ലെന്ന് നടിക്കാനാവില്ല.

അനുദിനം വികസിക്കുന്ന എറണാകുളത്തും സംസ്ഥാനത്തും സ്വന്തമായി വാഹനമില്ലാത്തവര്‍ സ്‌കൂളുകളിലും ജോലിസ്ഥലത്തും, അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലുമെത്താന്‍ പൊതു ഗതാഗത സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തി വിലപേശുന്നത് അനുവദിക്കാനാകില്ല. എന്നാല്‍, ഹരജി നിലനില്‍ക്കില്ലെന്ന് കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ അഭിഭാഷകന്‍ കെ. രാംകുമാര്‍ വാദിച്ചു.
ബസ് സമരത്തിനെതിരെ നടപടി സ്വീകരിച്ചുവരികയാണെന്ന് മറ്റൊരു കേസില്‍ സര്‍ക്കാര്‍ അറിയിച്ചു. ബസ് സമരത്തിനു മുമ്പ് പെര്‍മിറ്റ് തിരിച്ച് നല്‍കണമെന്ന മുന്‍ ഉത്തരവ് പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ ചെയര്‍മാന്‍ ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹരജിയാണ് പരിഗണനയിലുള്ളത്. നാറ്റ്പാക്കിന്റെ യാത്രാ നിരക്ക് നിര്‍ണയം നിയമവിരുദ്ധമാണെന്നും മോട്ടോര്‍ വാഹന നിയമത്തിലെ 158ാം വകുപ്പ് അനുസരിച്ചുവേണം നിരക്ക് നിശ്ചയിക്കേണ്ടതെന്നും ഹരജിയില്‍ ആവശ്യമുണ്ട്. ഹരജിയിലെ ആവശ്യങ്ങള്‍ നാറ്റ്പാക്കിന്റെ പരിഗണനയ്ക്ക് വിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.
http://www.madhyamam.com/

No comments: