WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, January 12, 2010

പുകവലിച്ചാല്‍ ഇനി പോക്കറ്റ് 'പുകയുന്ന' കാലം


Wednesday, January 13, 2010
ദുബൈ: പുകവലി ശീലമാക്കിയാല്‍ ഇനി മുതല്‍ ശ്വാസകോശം മാത്രമല്ല പോക്കറ്റും ചോരുന്ന അരിപ്പപോലെയാകും. ആളെകൊല്ലുന്ന ശീലത്തെ നിരുല്‍സാഹപ്പെടുത്താന്‍ യു.എ.ഇയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിപ്പിക്കാന്‍ ഒരുക്കം തുടങ്ങി. നിലവില്‍ ഏഴ് ദിര്‍ഹം വരെ പാക്കറ്റിന് വിലയുള്ള സിഗരറ്റുകള്‍ ഇനിമുതല്‍ പൊള്ളും വിലക്ക് വാങ്ങി വലിക്കേണ്ടി വരും.

പുകയില ഉല്‍പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തുന്നത് സംബന്ധിച്ച് ധനകാര്യമന്ത്രാലയവുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിലെ പുകയില വിരുദ്ധവിഭാഗം മേധാവി ഡോ. വിദാദ് അല്‍ മൊയ്തുര്‍ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട പുകവലി നിരോധം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണീ നടപടി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിച്ചാണ് നിയമങ്ങള്‍ നടപ്പിലാക്കുക. പുകവലി അനുവദിക്കാവുന്ന പ്രായം നിലവിലെ 18ല്‍ നിന്ന് 20 ആക്കുന്നതും പരിഗണനയിലാണ്. ദുബൈയില്‍ നേരത്തെ തന്നെ ഈ നിയമം നിലവിലുണ്ട്. ഇത് മറ്റുള്ള എമിറേറ്റുകളിലേക്കു കൂടി ബാധകമാക്കുന്നത് ഉടനുണ്ടാവുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം, നിയമലംഘകരെ പിടികൂടാനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ രംഗത്തിറക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും നഗരസഭകളും യോജിച്ചായിരിക്കും നിയമലംഘകരെ പിടികൂടുക.

രാജ്യത്ത് പുകവലി നിരോധനം സമ്പൂര്‍ണമാക്കുന്നതിന്റെ ഭാഗമായാണ്്് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സിഗരറ്റ്് പാക്കിന് മുകളില്‍ പുകവലി അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന നിലവിലുള്ള മുന്നറിയിപ്പ്്് ചിത്രങ്ങള്‍ സഹിതം വ്യക്തമാക്കേണ്ടി വരും. കഴിഞ്ഞ ആഴ്ചയാണ് പുതിയ പുകവലി നിയമം നടപ്പാക്കി തുടങ്ങിയത്.

18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകവലി ഉല്‍പന്നങ്ങള്‍ വില്‍ക്കാതിരിക്കുക, 12 വയസ്സിന് താഴെയുള്ള കുട്ടികളിരിക്കുന്ന കാറുകളില്‍ പുകവലിക്കാതിരിക്കുക. മിഠായി,കളിക്കോപ്പ് പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വരുന്ന സിഗരറ്റുകളുടെ പരസ്യം നിരോധിക്കുക. ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ റെസ്റ്റോറന്റുകളിലെ പുകവലി നിര്‍ത്തുകയോ അല്ലെങ്കില്‍ 2 വര്‍ഷത്തിനകം സ്ഥാപനം ഈ സ്ഥലത്ത് നിന്ന് മാറ്റുകയോ ചെയ്യണം.

യു.എ.ഇയില്‍ വസിക്കുന്ന എല്ലാവരുടെയും ജീവിത ഗുണനിലവാരം ഉയര്‍ത്താനാണ് പിഴ അടക്കമുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രാലയം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. സാലിം ദര്‍മഖി പറഞ്ഞു.
നഗരസഭകള്‍, നീതിന്യായ മന്ത്രാലയം, കസ്റ്റംസ്, ട്രാഫിക് പൊലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചായിരിക്കും പുകവലി നിയന്ത്രണം കര്‍ശനമാക്കുക. പുതിയ നിയന്ത്രണത്തിന്റെ വിവിധ വശങ്ങള്‍ ആലോചിച്ചുവരികയാണെന്നും ഇതിന്റെ വ്യവസ്ഥകള്‍ പൂര്‍ത്തിയാവുന്നതോടെ നിയന്ത്രണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു

No comments: