
കാസര്‍കോട്: നാലാം ക്ലാസുകാരി കുട്ടിയായ ദീപ്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കണ്ടുനിന്നവര്‍ക്ക് നെഞ്ചിടിപ്പേറി. കൂസലില്ലാതെ സ്റ്റിയറിങ് തിരിച്ച് ആ ഒമ്പതു വയസ്സുകാരി ബസ് മുന്നോട്ടെടുത്തപ്പോള്‍ അത് വിസ്മയമായി മാറി. കുഡ്ലു ഗംഗൈ റോഡിലെ പ്രണവം ഹൌസില്‍ ഗണേഷിന്റെ മകള്‍ ദീപ്തിയാണ് കൂടിനിന്നവര്‍ക്ക് ആകാംക്ഷയും അദ്ഭുതവും സമ്മാനിച്ച് ബസോടിച്ചത്. ഇന്നലെ രാവിലെ കാസര്‍കോട് താളിപ്പടുപ്പ് ഗ്രൌണ്ടിലായിരുന്നു ദീപ്തിയുടെ ഡ്രൈവിങ് പ്രകടനം.
ഡ്രൈവറായ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ദീപ്തി വാഹന ലോകത്തേക്ക് ചുവടുവെക്കുന്നത്. ഗണേഷ് മുമ്പ് ടെമ്പോ ട്രാവലര്‍ ഡ്രൈവറായിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടില്‍ കൊണ്ടുവെക്കുന്ന ഈ വണ്ടിയില്‍നിന്നാണ് ദീപ്തി ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. തമാശക്ക് വണ്ടിയില്‍ കയറി സ്റ്റിയറിങ് തിരിച്ചപ്പോള്‍ തോന്നിയ മോഹം പിന്നീടൊരു വാശിയായി മാറുകയായിരുന്നെന്ന് ദീപ്തി പറയുന്നു. അച്ഛന്‍ നല്‍കിയ പരിശീലനത്തിന്റെ ബലത്തില്‍ ഒരുവര്‍ഷം മുമ്പ് ദീപ്തി ടെമ്പോ ട്രാവലര്‍ ഓടിച്ചു. ഇപ്പോള്‍ ബസും ലോറിയുമുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍പോലും ദീപ്തി കൂസലില്ലാതെ ഓടിക്കുന്നുണ്ടെന്ന് ഗണേഷ് പറയുന്നു. ദീപ്തിയുടെ ബസോടിക്കല്‍ കാണാന്‍ ഇന്നലെ താളിപ്പടുപ്പില്‍ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ എത്തി. ചേച്ചിതാരമായതോടെ ശ്രീഹരിക്കും വൈഷ്ണവിനും വണ്ടി ഓട്ടണമെന്ന് മോഹമുയരുന്നുണ്ട്. സുഗന്ധിയാണ് ദീപ്തിയുടെ മാതാവ്.
No comments:
Post a Comment