
Monday, January 11, 2010
ന്യൂദല്‍ഹി: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭൂമിയുടെ ഗണ്യമായ ഭാഗം ചൈന കൈയേറിയതായി ഔദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ജമ്മു കശ്മീരിലെ ലേയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 20^25 വര്‍ഷങ്ങള്‍ക്കിടെ ഗണ്യമായ ഭൂമി ചൈന കൈയേറിയതായി നയോമ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് സെറിങ് നോര്‍ബോ യോഗത്തില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ലേ കമീഷണര്‍ എ.കെ. സാഹു, 14ാം കോര്‍ ബ്രിഗേഡ് ബ്രിഗേഡിയര്‍ ജനറല്‍ ശരത്ചന്ദ്, കേണല്‍ ഇന്ദര്‍ജിത് സിങ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ ഭാഗത്തെ അതിര്‍ത്തി അടയാളപ്പെടുത്തുന്ന മാപ്പിന് കൃത്യതയില്ലായ്മയുണ്ടെങ്കിലും ചൈന ഭൂമി കൈയേറിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യോഗം വിലയിരുത്തി. 'വളരെ സാവധാനത്തിലാണെങ്കിലും ചൈന കൃത്യമായ ആസൂത്രണത്തോടെയാണ് കൈയേറ്റം നടപ്പാക്കുന്നത്. വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് ഇക്കാര്യം യഥാസമയം അറിയുന്നതില്‍ ഇന്ത്യക്കും തടസ്സം' ^യോഗം അഭിപ്രായപ്പെട്ടു.
നയോമ മേഖലയിലെ ഡോക്ബര്‍ഗ് സെക്ടറിലേക്ക് ശൈത്യകാലത്ത് കാലികളെ മേയ്ക്കാന്‍ പോകുന്ന നാടോടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് സെറിങ് നോര്‍ബോയുടെ റിപ്പോര്‍ട്ടിലാണ് ചൈനീസ് സൈന്യം നടത്തുന്ന കൈയേറ്റത്തെ കുറിച്ച് വിശദീകരിക്കുന്നത്. 'പതിറ്റാണ്ടുകളായി ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഡോക്ബര്‍ഗ്, ടാംഗോ പ്രദേശങ്ങളില്‍ കാലികളെ മേയ്ക്കുന്ന നാടോടികളെ ഭീഷണിപ്പെടുത്തിയാണ് ചൈന ഭൂമി കൈയേറുന്നത്. വാരകളെക്കാള്‍ ഇഞ്ചുകളായി ചെയ്യുന്നതാണ് നല്ലതെന്ന ചൈനീസ് പഴമൊഴി പോലെത്തന്നെയാണ് അവരുടെ കൈയേറ്റവും. 1984ല്‍ ഫുഷ്കെ, 91ല്‍ നാകുങ്, 92ല്‍ ലുങ്മ സെര്‍ഡിങ് എന്നീ പ്രദേശങ്ങള്‍ കൈയേറിയതിനു സമാനമാണ് ഇപ്പോഴത്തെ കൈയേറ്റവും' റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയായി ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന ലഡാക്കിലെ ഗ്യ പര്‍വതത്തിലെ ഒന്നര കി.മീ കഴിഞ്ഞ ജൂലൈ 31ന് ചൈന കൈയേറിയിരുന്നു. ഇവിടത്തെ വലിയ പാറക്കല്ലുകളില്‍ ചൈന എന്ന് അടയാളപ്പെടുത്തുകയും ചെയ്തു. ലഡാക്ക്, ഹിമാചല്‍ പ്രദേശിലെ സ്പിതി, തിബത്ത് എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന 22,420 അടി ഉയരമുള്ള ഗ്യ പര്‍വതത്തിലെ അതിര്‍ത്തി ബ്രിട്ടീഷ് കാലത്ത് അടയാളപ്പെടുത്തിയതാണ്. ജൂണ്‍ 21ന് ബുമ്മാര്‍ മേഖലയിലെ അതിര്‍ത്തി കടന്ന് പറന്ന ചൈനീസ് ഹെലികോപ്റ്ററുകള്‍ കാലാവധി കഴിഞ്ഞ ഭക്ഷണപ്പൊതികള്‍ താഴേക്കിടുകയും ചെയ്തിരുന്നു.
No comments:
Post a Comment