WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Friday, January 15, 2010

പിന്നെയും പൊന്‍കപ്പ് കോഴിക്കോടിന്


കോഴിക്കോട്: ഓര്‍മയുടെ ഇതളുകളില്‍ പൊന്‍തിളക്കത്തിന്റെ ചേലുള്ള ആ ഏഴ് നാളുകള്‍ക്കൊടുവില്‍ കലയുടെ പൊന്‍കപ്പ് കോഴിക്കോടിന് സ്വന്തം. തുടര്‍ച്ചയായി ഇത് നാലാംവട്ടവും കോഴിക്കോടിന്റെ കുട്ടികള്‍ തന്നെ കപ്പില്‍ ആവേശമുത്തം വെച്ചപ്പോള്‍ ജനപങ്കാളിത്തത്തില്‍ പുതു റെക്കോര്‍ഡിട്ട അമ്പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് മറവീണു. നാടും നഗരവും കണ്ണിമ ചിമ്മാതെ നിന്ന ദിനരാത്രങ്ങള്‍ക്കൊടുവില്‍ ആണ്ടൊന്നുകഴിഞ്ഞാല്‍ അക്ഷരനഗരമായ കോട്ടയത്ത് കാണാമെന്ന് ഉപചാരംചൊല്ലി മലയാളകൌമാരം വിട ചൊല്ലി.

കോഴിക്കോട് പതിനൊന്നാം തവണയാണ് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കിരീടം ചൂടുന്നത്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. തൃശൂരും പാലക്കാടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി. വിജയികള്‍ക്ക് വര്‍ണാഭ ചടങ്ങില്‍ ഗായകന്‍ കെ.ജെ. യേശുദാസ് സമ്മാനങ്ങള്‍ നല്‍കി. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരുന്നു.

വിദ്യാഭ്യാസമന്ത്രി എം.എ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എഴുപത് വിദ്യാര്‍ഥികള്‍ യേശുദാസിന് എഴുപത് പൂക്കള്‍ സമ്മാനിച്ച് നാടിന്റെ ആദരം കൈമാറി. ജേതാക്കളായ കോഴിക്കോടിന് 178 ഇനങ്ങളില്‍ 790 പോയന്റ് ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ കണ്ണൂരിന് 723 പോയന്റാണ്. തൃശൂരിന് 720 പോയന്റും പാലക്കാടിന് 711 പോയന്റും ലഭിച്ചു.
ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 249 പോയന്റാണ് കോഴിക്കോടിന്. കണ്ണൂര്‍ 318, തൃശൂര്‍ 326, പാലക്കാട് 328. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് 441 പോയന്റ് നേടി.കണ്ണൂരിന് 405, തൃശൂരിന് 394, പാലക്കാടിന് 383 എന്നിങ്ങനെയാണ് പോയന്റ് നില.ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ക്കെന്‍ഡറി സ്കൂള്‍ 72 പോയന്റ് നേടി മുന്നിലെത്തി. കാസര്‍കോട് കാഞ്ഞങ്ങാട്ടെ ദുര്‍ഗാ സ്കൂള്‍ 65 പോയന്റോടെ രണ്ടാം സ്ഥാനവും കണ്ണൂര്‍ എ.ഐ.എച്ച്.എസ്.എസ് 63 പോയന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറിയില്‍ ഇടുക്കി കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ് 106 പോയന്റ് നേടി മുന്നിലെത്തി. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ഗേള്‍സ് എച്ച്.എസ്.എസ് 94 പോയന്റ് നേടിയപ്പോള്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് 78 പോയന്റ് നേടി തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി
http://www.madhyamam.com/

No comments: