
Tuesday, January 19, 2010
പോര്‍ട്ടോ പ്രിന്‍സിലെ പ്രമുഖ കുടുംബങ്ങളുടെ അന്ത്യ വിശ്രമ കേന്ദ്രമായിരുന്ന ഗ്രാന്‍ഡ് സെമിത്തേരിയിലെ ദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു, ബ്രിട്ടനിലെ 'ഗാര്‍ഡിയന്‍' പത്രത്തിന്റെ ലേഖകന്‍ എഡ് പില്‍കിങ്ടണ്‍
ഇവിടെയാകെ അളിഞ്ഞ ശവങ്ങളുടെ ഗന്ധമാണ്. ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട മൃതദേഹങ്ങള്‍ ഭീകരമായ കാഴ്ചയാണ്. മൃതദേഹങ്ങളുമായെത്തിയ കൈവണ്ടികള്‍ ശ്മശാന കവാടത്തില്‍ നിറഞ്ഞിരിക്കുന്നു. ഓരോ തവണയും വണ്ടികള്‍ അകത്തേക്ക് കയറി അഞ്ചും പത്തും മൃതദേഹങ്ങള്‍ ഒന്നിച്ച് താഴേക്കിടുന്നു. ഓരോ അഞ്ചു മിനിറ്റിലും ഓരോ മൃതദേഹങ്ങള്‍ ഇവിടെയെത്തുന്നതായി സെമിത്തേരി സൂക്ഷിപ്പുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരുപാട് തുണിയൊന്നും ചെലവാക്കാന്‍ ഇല്ലാത്തതിനാല്‍, കീറത്തുണികളില്‍ പൊതിഞ്ഞാണ് മൃതദേഹങ്ങള്‍ എത്തുന്നത്. പൊട്ടിപ്പൊളിഞ്ഞ മരക്കഷണങ്ങള്‍കൊണ്ടുണ്ടാക്കിയ ശവപ്പെട്ടികളില്‍ എത്തുന്നത് ഭാഗ്യം ചെയ്തവരുടെ മൃതദേഹങ്ങളാണ്. അതുപോലും അപ്രാപ്യമാണ് മറ്റുള്ള മൃതദേഹങ്ങള്‍ക്ക്.
നോക്കിനില്‍ക്കെ ഒരു കൈവണ്ടി കവാടം കടന്നുവന്നു. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ആണതില്‍. വണ്ടി ഉന്തിവന്നവര്‍ ശ്മശാന ജോലിക്കാരനോട് ഏതോ വാക്ക് നിരന്തരം ആവര്‍ത്തിച്ചു. അതിന്റെ അര്‍ഥം തിരക്കിയപ്പോള്‍ അടുത്തുള്ളയാള്‍ പറഞ്ഞു. 'ആ കുട്ടിയുടെ കുടുംബം ദരിദ്രമാണ്. പണം നല്‍കാനാവില്ല' ^ജീവനക്കാരന്‍ കൈമലര്‍ത്തുന്നതിനിടെ സമീപത്തെ ശവക്കൂനയിലേക്ക് ആ കുട്ടിയുടെ മുഖം മറഞ്ഞു.
സമ്പന്ന കുടുംബത്തിലെ ഒരാളുടെ മൃതദേഹം നേരത്തെ ശ്മശാനത്തില്‍ എത്തിയത് കണ്ടിരുന്നു. കമനീയമായ ശവപ്പെട്ടിയില്‍, ആറുപേര്‍ തോളിലേറ്റിവന്ന മൃതദേഹം, കുടുംബ കല്ലറയിലേക്കാണ് കൊണ്ടുപോയത്.
പൊട്ടിക്കരഞ്ഞുകൊണ്ട് ശ്മശാനത്തില്‍നിന്നിറങ്ങിയ മധ്യവയസ്കന്‍ പലതവണ കവാടത്തിലേക്ക് വന്നുനോക്കുന്നതുകണ്ടു. സഹോദരിയെയും സഹോദരീ പുത്രിയെയും അടക്കിയ ശേഷമാണ് അയാളിറങ്ങിയത്. ഭൂകമ്പത്തിനു ഒരാഴ്ച മുമ്പ്, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അവരെന്ന് അയാള്‍ കണ്ണീരോടെ പറഞ്ഞു. 'അമേരിക്കയിലാണ് അവരുടെ വീട്. മൃതദേഹം എങ്ങനെയെങ്കിലും അങ്ങോട്ടെത്തിക്കാന്‍ അവളുടെ മക്കള്‍ പറയുന്നു. ഒരു കൈവണ്ടിപോലും കിട്ടാതെ, വിമാനമില്ലാതെ ഞാനെന്തു ചെയ്യും?' അയാള്‍ ചോദിക്കുന്നു.
അയാള്‍ക്കൊപ്പമുള്ളത് മകന്റെ മകനാണ്. ചെറുപ്പക്കാരന്‍. മരണത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കഥ അവന്‍ പറഞ്ഞു. അതില്‍ അതിശയോക്തിക്ക് വകയില്ല. മരണം സ്പര്‍ശിക്കാത്ത ഒരാളും ഈ രാജ്യത്ത് ഇപ്പോഴില്ല.
No comments:
Post a Comment