WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, January 13, 2010

പന്നിപ്പനി ഭീതി പടര്‍ത്തിയതാര്; വിവാദം കത്തുന്നു


Thursday, January 14, 2010
ലണ്ടന്‍: പന്നിപ്പനിയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാനിടയായ സാഹചര്യങ്ങള്‍ ലോകാരോഗ്യ സംഘടന പുനഃപരിശോധിക്കുന്നു.
വന്‍കിട മരുന്നു കമ്പനികളുടെ പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടിയെന്ന് വ്യാപക വിമര്‍ശം വന്നതിനെ തുടര്‍ന്നാണ് ഇത്. ഈ മാസം 28ന് ചേരുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സംഘടനാ വക്താവ് ക്രിസ്റ്റി ഫെയ്ഗ് പറഞ്ഞു.
പന്നിപ്പനി രോഗത്തെക്കുറിച്ച് അതിശയോക്തിപരമായ വിവരങ്ങള്‍ നല്‍കി ലോകാരോഗ്യ സംഘടന മരുന്നു വില്‍പ്പനക്കാര്‍ക്ക് വഴങ്ങുകയായിരുന്നെന്നാണ് മുഖ്യ വിമര്‍ശം. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്ററി ആരോഗ്യ സമിതിയാണ് ആദ്യം ഇക്കാര്യം ഉന്നയിച്ചത്. പന്നിപ്പനിയെക്കുറിച്ച് ലോകമെങ്ങും ഭീതി പരത്തി വാക്സിന്‍ വില്‍പ്പന നടത്തുകയാണ് മരുന്നു കമ്പനികളെന്നും കൌണ്‍സില്‍ ഓഫ് യൂറോപ് ആരോഗ്യ സമിതി ചെയര്‍മാന്‍ വോള്‍ഫ്ഗാങ് വോഡ്റാഗ് ആരോപിച്ചിരുന്നു.

പന്നിപ്പനി മരണ നിരക്കിലും ക്രമക്കേടുകള്‍ നടന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. സ്വാഭാവിക മരണങ്ങള്‍ പോലും പന്നിപ്പനിയുടെ പേരില്‍ കെട്ടിവെച്ചാണ് ലോകാരോഗ്യ സംഘടന ഭീതി പരത്തിയത്. സംഘടനയും മരുന്നു കമ്പനികളും തമ്മിലുള്ള അവിഹിത ബന്ധമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്ററി സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഈ മാസം അവസാനം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്.

വാക്സിനുകള്‍ ദ്രുതഗതിയില്‍ തട്ടിക്കൂട്ടിയതാണെന്നും യൂറോപ്യന്‍ യൂനിയന്‍ ആരോഗ്യ സമിതി ആരോപിച്ചിരുന്നു. 'വാക്സിനിലെ ചില ഘടകങ്ങള്‍ കാര്യമായി പരിശോധിക്കപ്പെട്ടിട്ടില്ല. നൊവാര്‍ടിസ് എന്ന കമ്പനിയുടെ വാക്സിന്‍ കാന്‍സര്‍ കോശങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിച്ചത്. ഇത് അസാധാരണമാണ്' ^സമിതി ആരോപിക്കുന്നു.
ലോകാരോഗ്യ സംഘടനയും മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന സുപ്രധാന തെളിവുകള്‍ സ്പാനിഷ് പത്രം 'ഇന്‍ഫര്‍മേഷന്‍' ഈയിടെ പുറത്തുവിട്ടിരുന്നു.
ഡാനിഷ് വിവര സ്വാതന്ത്യ്ര നിയമ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. ലോകാരോഗ്യ സംഘടനയുടെ വാക്സിന്‍ സമിതിയിലെ ഫിന്നിഷ് അംഗം പ്രഫ. ജൂഹാനി എസ്കോല 63 ലക്ഷം യൂറോ ഗ്ലാക്സോ മരുന്നു കമ്പനിയില്‍ നിന്ന് കൈപ്പറ്റിയതായാണ് തെളിഞ്ഞത്. വാക്സിന്‍ ഗവേഷണ പദ്ധതിയുടെ പേരിലായിരുന്നു ഇത്. പ്രഫ. എസ്കോല ഉള്‍പ്പെട്ട 'തന്ത്രപരമായ ഉപദേശങ്ങള്‍ക്കായുള്ള വിദഗ്ധ സമിതിയാണ് ഏത് കമ്പനിയുടെ രോഗ പ്രതിരോധ വാക്സിനുകള്‍ വാങ്ങണമെന്ന് ലോകാരോഗ്യ സംഘടനക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും നിര്‍ദേശം നല്‍കുന്നത്.

ഇതേ സമിതിയിലെ മറ്റ് ആറ് അംഗങ്ങളെക്കുറിച്ചും ആക്ഷേപമുണ്ട്. ഡോ. പീറ്റര്‍ ഫിഗറോവ, ഡോ. നീല്‍ ഫെര്‍ഗൂസന്‍, പ്രഫ. മാലിക് പെയ്രിസ്, ഡോ. ആര്‍നോള്‍ഡ് മോണ്‍ടോ, ഡോ. ഫ്രെഡറിക് ഹെയ്ഡന്‍, ഡോ. ആല്‍ബര്‍ട്ട് ഓസ്റ്ററോസ് എന്നീ അംഗങ്ങള്‍ക്കെതിരെയാണ് ആരോപണം. ഇവര്‍ വന്‍കിട കമ്പനികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി ഡാനിഷ് പത്രങ്ങളാണ് വെളിപ്പെടുത്തിയത്.
ഇവരില്‍ ഡോ. പീറ്റര്‍ ഫിഗറോവ മാത്രമാണ്, മരുന്നു കമ്പനിയായ മെര്‍ക്കില്‍ നിന്ന് ഗവേഷണ ഗ്രാന്‍ഡ് കൈപ്പറ്റിയതായി സമ്മതിച്ചത്. മറ്റുള്ളവര്‍ മൌനം പാലിക്കുകയാണ്.
ഗ്ലാക്സോ സമിത് ക്ലെയിന്‍, നൊവാര്‍ടിസ്, സോള്‍വേ, ബാക്സ്റ്റര്‍, മെഡ്ല്‍മ്യൂന്‍, സനോഫി അവന്റിസ് തുടങ്ങിയ കമ്പനികളാണ് പന്നിപ്പനി വാക്സിന്‍ നിര്‍മാണത്തില്‍ മുന്നില്‍. ഈ കമ്പനികളുമായി ബന്ധമുള്ളവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. ഗവേഷണ ഗ്രാന്‍ഡ്, കണ്‍സല്‍ട്ടന്‍സി എന്നീ നിലകളിലാണ് ഇവര്‍ വന്‍തുകകള്‍ കൈപ്പറ്റുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിദഗ്ധസമിതി അംഗങ്ങള്‍ മരുന്നു കമ്പനികളുമായുള്ള എല്ലാ ബന്ധങ്ങളും വ്യക്തമാക്കേണ്ടതാണെന്ന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
http://www.madhyamam.com/

No comments: