WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, February 28, 2010

ഇന്ത്യയും സൌദിയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു

എണ്ണ വിഹിതം ഇരട്ടിയാക്കും
റിയാദ്: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ത്രിദിന റിയാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും സൌദി അറേബ്യയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും സൌദി ഭരണാധികാരി അബ്ദുല്ല രാജാവുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇതു സംബന്ധിച്ച കരാര്‍ സാധ്യമായത്. ഇതോടെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പരസ്പരം കൈമാറാനുള്ള സാധ്യത തെളിഞ്ഞു. ഇതിനുപുറമെ സൌദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കാനും വഴിയൊരുങ്ങി. അബ്ദുല്ല രാജാവും ഡോ. മന്‍മോഹന്‍ സിങും ചേര്‍ന്ന് റിയാദ് പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇതിനു പുറമെ 10 സുപ്രധാന കാരാറുകളിലും ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ഒപ്പുവെച്ചു.
റിയാദ് പ്രഖ്യാപനത്തിന്റെ നടത്തിപ്പിനു ഇന്ത്യാ^സൌദി സംയുക്ത കമീഷന്‍ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിലാണ് കരാര്‍. ഇതിനു പുറമെ ഐ.എസ്.ആര്‍.ഒ യും കിങ് അബ്ദുല്ല സര്‍വകലാശാലയും സഹകരണത്തിനു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് സൌദി അറേബ്യയുടെ എണ്ണ കയറ്റുമതി ഇരട്ടിയോളമാക്കാനും ധാരണയായി. ഇതനുസരിച്ച് നിലവിലെ 25.5 ദശലക്ഷം മെട്രിക് ടണ്ണില്‍നിന്ന് 40 ദശലക്ഷം ടണ്ണാക്കി ഉയര്‍ത്തുമെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ത്രിദിന റിയാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യ^സൌദി പെട്രോളിയം മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യമറിയിച്ചത്. എണ്ണ വിഹിതം കൂട്ടുന്നതിന്റെ കാലപരിധി നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സൌദി അധികൃതര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ സമഗ്ര ഊര്‍ജ കരാര്‍ ഉണ്ടാക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
വ്യാപാര^സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിക്ഷേപ^സേവന മേഖലകളില്‍ പങ്കാളിത്ത സഹകരണത്തിന്റെ വഴിയില്‍ മുന്നോട്ടു നീങ്ങാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഗള്‍ഫ് മേഖലാ സഹകരണ കൌണ്‍സില്‍ രാജ്യങ്ങളും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഏറ്റവും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ധാരണയായിട്ടുണ്ട്.
സൌദി ഭരണാധികാരി അബ്ദുല്ല രാജാവ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കഴിഞ്ഞ രാത്രി നടത്തിയ കൂടിക്കാഴ്ചക്ക് പശ്ചാത്തലമൊരുക്കുന്നതിന് നേരത്തേ നടന്ന വിവിധ ചര്‍ച്ചകളിലാണ് ഇത്തരമൊരു ധാരണ രൂപപ്പെട്ടത്. സൌദി എണ്ണ^ധാതു വിഭവ മന്ത്രി അലി അല്‍ നൈമി, വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍, വാണിജ്യ^വ്യവസായ മന്ത്രി അബ്ദുല്ല സൈനുല്‍ അലി റിസ എന്നിവരെയാണ് കിങ് സഊദ് ഗസ്റ്റ് പാലസില്‍ പ്രധാനമന്ത്രി കണ്ടത്.
ഇന്ത്യ^സൌദി സഹകരണം ശരിയായ വഴിക്കാണ് മുന്നോട്ടു നീങ്ങുന്നതെന്ന് മന്‍മോഹനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൂടിക്കാഴ്ചകള്‍ അര്‍ഥപൂര്‍ണമായ വഴിയിലാണ്. ഇന്ത്യയുമായുള്ള സഹകരണം വ്യാപാര ബന്ധത്തിനപ്പുറം തന്ത്രപര പങ്കാളിത്തമായി വളര്‍ന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കാളിത്ത സഹകരണം ഉണ്ടാകണമെങ്കില്‍ പരസ്പര വിശ്വാസവും ധാരണയും വേണം. സമാധാനത്തിനും മേഖലയുടെ പുരോഗതിക്കുമായി ഒന്നിച്ചുനില്‍ക്കണം.
ഇന്ത്യ^സൌദി വ്യാപാരബന്ധം 2600 കോടി ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും പരസ്പര സഹകരണത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന വ്യാപാരബന്ധ ശേഷി അതിലുമെത്രയോ അധികമാണെന്ന് മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ചയില്‍ വിലയിരുത്തപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തില്‍ കിഴക്കന്‍ മേഖലയുടെ ചുമതല വഹിക്കുന്ന സെക്രട്ടറി ലതാ റെഡ്ഢി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരസ്പര വ്യാപാരത്തിന്റെ തോത് ഉയര്‍ത്താന്‍ ഏറെ സഹായിക്കുന്ന ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിലേക്ക് ഇനിയും നടപടി ക്രമങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍, കരാറിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കാന്‍ ധാരണയായത് നല്ല നീക്കമാണെന്ന് അവര്‍ വിശദീകരിച്ചു. ജി.സി.സിയിലെ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരത്തിന് വേണ്ടിയുള്ള കരടു കരാര്‍ തയാറാക്കി വേണം മുന്നോട്ടു നീങ്ങാന്‍. ഇതിന് സമയ പരിധി വെച്ചിട്ടില്ല.
പെട്രോകെമിക്കല്‍, വളം, സാങ്കേതിക വിദ്യ, ആരോഗ്യ പരിരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പറ്റിയ നിക്ഷേപ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അത് പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സൌദിക്ക് വേണ്ടി എല്ലാ സഹായവും ചെയ്യുമെന്നും ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പറഞ്ഞു. സൌദിയിലെ പ്രവാസികളില്‍ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടേത് വിശ്വസ്തവും ആശ്രയിക്കാവുന്നതുമായ സേവനമാണെന്ന് സൌദി ഭരണാധികാരികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യയുടെ അയല്‍പക്ക രാജ്യങ്ങളിലെ സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായെന്ന് ലതാ റെഡ്ഢി പറഞ്ഞു. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല.

എ.എസ് സുരേഷ് കുമാര്‍

ഇന്ത്യയും സൌദിയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു

ശശി തരൂര്‍ വീണ്ടും വിവാദത്തില്‍
റിയാദ്: ഇന്ത്യ-പാകിസ്താന്‍ പ്രശ്നത്തില്‍ സൌദി അറേബ്യയുടെ മാധ്യസ്ഥ്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തില്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കുന്നതില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനിടയിലാണ് റിയാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച തരൂര്‍ സൌദിയുടെ മാധ്യസ്ഥ്യം താല്‍പര്യപ്പെടുന്ന വിധം അഭിപ്രായ പ്രകടനം നടത്തിയത്.
വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവരുകയും വിഷയം വിവാദമാവുകയും ചെയ്തതോടെ സൌദി ഇടപെടണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തരൂര്‍ തിരുത്തിയിട്ടുണ്ട്. സൌദിക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട മധ്യസ്ഥനാകാന്‍ കഴിയുമെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും മറിച്ചൊരു അര്‍ഥവും അതിനില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. നമ്മോട് സംസാരിക്കുന്ന ആരും നമ്മുടെ മധ്യസ്ഥനാണെന്നും അതിനപ്പുറത്തെ അര്‍ഥം അതിനില്ലെന്നും തരൂര്‍ ട്വിറ്ററിലും വിശദീകരിച്ചു.
എന്നാല്‍, തരൂരിന്റെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നു. ഇതേക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇന്ത്യ^പാക് പ്രശ്നത്തില്‍ മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടില്‍നിന്ന് ഭിന്നമായി പറഞ്ഞ തരൂരിന്റെ പ്രസ്താവനയെ ദല്‍ഹിയില്‍ കോണ്‍ഗ്രസും നിരാകരിച്ചു. ഇടതുപാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സൌദി സന്ദര്‍ശന സംഘത്തില്‍ അംഗമായി റിയാദില്‍ എത്തിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍, ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ തല്‍മീസ് അഹ്മദ് ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്. പാകിസ്താനിലെ തീവ്രവാദ സാഹചര്യങ്ങള്‍ വഴി ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പാകിസ്താനുമായി സൌദി അറേബ്യക്ക് തീര്‍ച്ചയായും നല്ല ബന്ധമുണ്ടെന്നാണ് ഇന്ത്യ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍, സൌദി ഒരു വിലപ്പെട്ട മധ്യസ്ഥനായി മാറുന്നുണ്ട്. ഇത്തരമൊരു വിഷയത്തില്‍ നമ്മുടെ നിലപാട് സഹതാപ പൂര്‍വവും ഉത്കണ്ഠയോടെയും അവര്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷ'^സൌദിയുടെ സഹകരണം ഇന്ത്യ തേടുമോ എന്ന ചോദ്യത്തിന് തരൂരിന്റെ അഭിപ്രായ പ്രകടനം ഇങ്ങനെയായിരുന്നു. മുമ്പും തരൂരിന്റെ പല പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ പാകിസ്താനോടും അഫ്ഗാനിസ്താനോടുമുള്ള സൌദിയുടെ നിലപാട് എന്തായിരിക്കുമെന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ താല്‍പര്യപൂര്‍വം ചര്‍ച്ചചെയ്യുന്നുണ്ട്. പാകിസ്താനിലെ സാഹചര്യങ്ങള്‍ അസ്വാസ്ഥ്യവും ഖേദകരവുമാണെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സൌദി വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാകിസ്താന്‍ സൌദിക്ക് സൌഹൃദ രാജ്യമാണ്. അതുകൊണ്ടുതന്നെ അപകടകരമായ സൂചനകളുള്ള അവിടത്തെ ഏതു സംഭവവികാസവും സൌദിക്ക് അസ്വസ്ഥത നല്‍കുന്നതാണെന്ന് സഊദ് അല്‍ ഫൈസല്‍ പറഞ്ഞു. താലിബാനില്‍ അല്‍ഖാഇദ ബന്ധമുള്ളവരുണ്ടെന്ന് കണ്ടതോടെ സൌദി അവരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്തും നിരുത്തരവാദപരമാണ് തരൂരിന്റെ പ്രസ്താവനയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ അറിവോടെയാണോ അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയണം^ പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ അപമാനിക്കുന്നതാണ്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രധാന വിഷയങ്ങളില്‍ പ്രസ്താവന നടത്തുമ്പോള്‍ പക്വത പാലിക്കാതിരുന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.
അതിനിടെ, ഇന്ത്യ^പാക് പ്രശ്ന പരിഹാരത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു

Saturday, February 27, 2010

We Proudly Welcome

ഇന്ത്യന്‍ നായകന് ലഭിച്ചത് ഉജ്ജ്വല വരവേല്‍പ്


റിയാദ്: ഉഭയകക്ഷി സൌഹൃദത്തിന്റെ വഴിയില്‍ പുതിയ നാഴികക്കല്ല് നാട്ടി സൌദി മണ്ണിലെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ലഭിച്ചത് ഒന്നാം ലോക രാഷ്ട്രനായകര്‍ക്ക് ലഭിക്കുന്നതിന് സമാനമായ വരവേല്‍പ്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തില്‍ രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും നേരിട്ടെത്തി വരവേറ്റത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് സൌദി ഭരണകൂടം നല്‍കുന്ന സ്ഥാനത്തിന്റെ മഹിമ വിളിച്ചോതുന്നതായി.

ഇന്ന് വൈകുന്നേരമാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ കാണുന്ന ചരിത്രമുഹൂര്‍ത്തം. ഒന്നാം ലോക രാജ്യങ്ങളുടെ തലവന്മാര്‍ എത്തുമ്പോഴുള്ള സുരക്ഷാ ജാഗ്രതയാണ് ഇന്നലെ രാവിലെ തൊട്ട് നഗരത്തിലെങ്ങും ഏര്‍പ്പെടുത്തിയിരുന്നത്. പ്രധാന ഹൈവേകളിലും ശാഖ റോഡുകളിലും സുരക്ഷാ സേനയുടേതുള്‍പ്പടെ ശക്തമായ ബന്തവസുണ്ടായിരുന്നു. വാഹനങ്ങളെല്ലാം പരിശോധനക്ക് വിധേയമാക്കി. സൌദി ഭരണകൂടത്തിനോടൊപ്പം ഇന്ത്യന്‍ മിഷനും സര്‍വ സന്നാഹങ്ങളുമൊരുക്കിയാണ് പ്രധാനമന്ത്രിക്കും സംഘത്തിനും വേണ്ടി കാത്തിരുന്നത്.

കൃത്യം 5.05നാണ് പ്രധാനമന്ത്രിയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലിറങ്ങിയത്. വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ മിഷന് അംബാസഡര്‍ തല്‍മീസ് അഹ്മദ് നേതൃത്വം നല്‍കി. 28 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ ഭരണത്തലവന്‍ സൌദി മണ്ണിലെത്തുമ്പോള്‍ ഇവിടുത്തെ 18 ലക്ഷം ഇന്ത്യന്‍ തൊഴില്‍ സമൂഹവും ആവേശത്തിലാണ്. ഒട്ടേറെ പ്രതീക്ഷയുമായി കാത്തിരിക്കുന്ന അവര്‍ ഇന്നലെ ഉച്ച കഴിഞ്ഞതുമുതല്‍ പത്രപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളിലേക്ക് നിമിഷങ്ങള്‍ ഇടവിട്ട് 'പ്രധാനമന്ത്രി എത്തിയോ, എത്തിയോ' എന്ന് ആരാഞ്ഞുകൊണ്ടിരുന്നു. തങ്ങള്‍ക്ക് ജീവിതം തരുന്ന സൌദി മണ്ണില്‍ തങ്ങളുടെ നായകന് രാജോചിത വരവേല്‍പ് ലഭിക്കുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത് ഇവരാണ്.
നാളെ രാവിലെ 11ന് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പൌരസമൂഹത്തെ അഭിസംബോധന ചെയ്യാനെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ അവസരം കിട്ടുന്നത് വെറും 150 ല്‍ താഴെ പേര്‍ക്കാണ്.
ഇന്നലെ രാവിലെ മുതല്‍ റിയാദില്‍ സുരക്ഷാ സേനയുടെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുകയായിരുന്നു. പോക്കറ്റ് റോഡുകള്‍ ഉള്‍പ്പെടെ അടച്ചിട്ട് ഹൈവേകളില്‍ ആഭ്യന്തര സുരക്ഷാ സേന കര്‍ശന നിരീക്ഷണം നടത്തി.

'ഇന്ത്യയും സൌദിയും സഹകരിച്ചാല്‍ വ്യവസായ രംഗത്ത് അദ്ഭുതങ്ങള്‍'

റിയാദ്: വികസന പാതയില്‍ അതിവേഗം കുതിക്കുന്ന സൌദി അറേബ്യക്കും ഇന്ത്യക്കും സമാനങ്ങളായ ആവശ്യങ്ങളും പ്രദാനങ്ങളുമാണുള്ളതെന്നും ഇരുഭരണകൂടങ്ങളും വ്യവസായ മേഖലയും സഹകരിക്കുകയാണെങ്കില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്നും റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അല്‍ ജിറൈസി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സൌദി സന്ദര്‍ശനത്തിന് മുന്നോടിയായി റിയാദില്‍ലെത്തിയ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്ക് ചേമ്പര്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഭവ സമാഹരണത്തിന് ഒരുങ്ങുന്ന സൌദിക്ക് ഇന്ത്യയുടെ സഹകരണം അത്യാവശ്യമായ സന്ദര്‍ഭമാണിത്. 28ലേറെ ഖനിജങ്ങളുടെ കലവറകളാണ് സൌദിയിലുള്ളത്. അവയുടെ ഉദ്ഖനനത്തിന് ഇന്ത്യയുടെ സാങ്കേതിക സഹകരണം ആവശ്യമുണ്ട്. മാനവശേഷിയുടെ കാര്യത്തില്‍ ഇന്ത്യയിലേക്കാണ് ഞങ്ങള്‍ ഉറ്റനോക്കുന്നത്. 18 ലക്ഷം ഇന്ത്യക്കാര്‍ ഇപ്പോള്‍ തന്നെ സൌദിയിലുണ്ട്. അവരുടെ കഠിനാധ്വാനവും വിശ്വസ്തതയും ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നു^അദ്ദേഹം പറഞ്ഞു.

'ഫിക്കി' ചെയര്‍മാനും സുവാരി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം.ഡിയുമായ സരോജ് കെ. പോഡറാണ് ഇന്ത്യന്‍ വ്യവസായ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത രണ്ടു രാഷ്ട്രങ്ങളാണ് ഇന്ത്യയും സൌദിയുമെന്നും 8.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യ അടുത്ത വര്‍ഷം 9.8 ശതമാനം വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും സരോജ് പോഡര്‍ ചൂണ്ടിക്കാട്ടി. മൂലധന കമ്പോളം ഇപ്പോള്‍ ഇന്ത്യയില്‍ സജീവമാണ്. ഖനനം, അടിസ്ഥാന സൌകര്യ വികസനം എന്നീ മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ അനവധിയാണ്. വിവിധ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.

സൌദിയില്‍നിന്ന് വിപുലമായ നിക്ഷേപ സമാഹരണമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേമ്പര്‍ സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ ബിന്‍ അബ്ദുറഹ്മാന്‍ സൌദിയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് വിവരിച്ചു. സ്കൂളുകള്‍, ആതുരാലയങ്ങള്‍, ഐ.ടി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ വിസ ലഭ്യതയും മറ്റും ഉദാരമാക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.അതുല്‍ പുഞ്ച്, പ്രമോദ് ഭാസിന്‍, പ്രകാശ് ഹിന്ദുജ, രവികാന്ത്, കെ.കെ. മോഡി, പ്രീത റെഡ്ഢി, എസ്.പി.എസ് ബക്ഷി തുടങ്ങിയ ഇന്ത്യയില്‍നിന്നുള്ള വ്യവസായ, വാണിജ്യ പ്രമുഖര്‍ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിച്ചു. രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹ്മദ് ഇരുരാജ്യങ്ങളിലെയും വ്യവസായ^വാണിജ്യ സംരംഭങ്ങളെ കുറിച്ച് പരിചയപ്പെടുത്തി.

വി.കെ. ഹംസ അബ്ബാസ്

മന്‍മോഹന് റിയാദില്‍ രാജോചിത വരവേല്‍പ്



റിയാദ്: പരസ്പര ബന്ധത്തില്‍ ഊഷ്മളതയുടെ പുതിയ അധ്യായം രചിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സൌദിയില്‍. 28 വര്‍ഷത്തിന് ശേഷം ഇതാദ്യമായി വിരുന്നെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രോട്ടോക്കോളിന്റെ അതിരുകള്‍ മാറ്റിനിറുത്തി അബ്ദുല്ല രാജാവിന്റെ സഹോദരനും ഒന്നാം കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തില്‍ സൌദി മന്ത്രിസഭാംഗങ്ങള്‍ ഒന്നാകെ എത്തിയാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പത്നി ഗുര്‍ചരണ്‍ കൌര്‍, മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, മുരളി ദേവ്റ, ആനന്ദ് ശര്‍മ, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ എന്നിവര്‍ക്കൊപ്പം വൈകീട്ട് 5.05നാണ് മന്‍മോഹന്‍സിങ് വിമാനമിറങ്ങിയത്. രണ്ടാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രമുഖരാണ്. ഇന്ത്യയുമായുള്ള ബന്ധത്തിന് സൌദി നല്‍കുന്ന പ്രത്യേക പ്രാധാന്യം വിളിച്ചോതുന്നതായി വരവേല്‍പ്.

വിമാനത്താവളത്തില്‍ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിച്ച പ്രധാനമന്ത്രിയേയും മറ്റു വിശിഷ്ടാതിഥികളെയും പിന്നീട് ജനാദ്രിയയിലെ കിങ് സഊദ് അതിഥി മന്ദിരത്തിലേക്ക് ആനയിച്ചു. കിലോമീറ്ററുകള്‍ നീളുന്ന റോഡിന് ഇരുവശവും ഇന്ത്യയുടെയും സൌദിയുടെയും പതാകകള്‍ പാറിപ്പറന്നു. മന്‍മോഹന്‍ സിങിനെ സ്വീകരിക്കാന്‍ കാബിനറ്റ് അംഗങ്ങളെ ഒന്നാകെ വിമാനത്താവളത്തിലേക്ക് അയച്ച അബ്ദുല്ല രാജാവ്, ഇന്ന് രാജകൊട്ടാരത്തില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്‍കും. നാലു കൊല്ലം മുമ്പ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ അബ്ദുല്ല രാജാവിനെ പതിവുകള്‍ മാറ്റിനിറുത്തി ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അന്ന് സ്വീകരിച്ചത്.

മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര മേനോന്‍, റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹ്മദ്, വിദേശകാര്യ മന്ത്രാലയത്തില്‍ കിഴക്കന്‍ മേഖലാ ചുമതലയുള്ള സെക്രട്ടറി ലതാ റെഡ്ഢി, പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഡോ. ഹരീഷ് ഖരെ, വിദേശകാര്യ വക്താവ് വിഷ്ണുപ്രകാശ് തുടങ്ങിയവര്‍ മന്‍മോഹന്‍സിങ്ങിനൊപ്പമുണ്ട്.

കുറ്റവാളികളെ കൈമാറല്‍, വിവര സാങ്കേതിക വിദ്യ, സാംസ്കാരികം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 10 കരാറുകള്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഒപ്പുവെച്ചേക്കും. ഇതുസംബന്ധിച്ച കൂടിക്കാഴ്ചകള്‍ ഇന്ന് നടക്കും. സൌദിയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സുരക്ഷിതത്വം സംബന്ധിച്ച കരാറിന്റെ സാധ്യതകളെക്കുറിച്ച ചര്‍ച്ചകളും ഇതിനൊപ്പം നടക്കും. ഇന്ത്യ^സൌദി സംയുക്ത നിക്ഷേപ നിധി രൂപവത്ക്കരിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കും. നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഇത്തരമൊരു നിധി അറബ് രാജ്യങ്ങള്‍ തമ്മിലുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ ഇന്ത്യയെയാണ് ആദ്യമായി സൌദി പരിഗണിക്കുന്നത്.
എ.എസ്. സുരേഷ്കുമാര്‍

മന്‍മോഹന്‍ ഇന്ന് സൗദിയില്‍



ന്യൂദല്‍ഹി: ഇന്ത്യഫസൗദി അറേബ്യ ബന്ധം പുതിയ വിതാനങ്ങളിലേക്ക്. 28 കൊല്ലത്തിനിടയില്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൗദിയില്‍ എത്തുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യന്‍ സംഘത്തിന്റെ മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനം ഇന്നു തുടങ്ങും.

നാലു കൊല്ലം മുമ്പത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് എത്തിയതോടെ വര്‍ധിച്ച സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് മന്‍മോഹന്റെ സന്ദര്‍ശനം വഴിയൊരുക്കും.

ഇന്ത്യയും സൗദിയും ഏറെ പ്രാധാന്യത്തോടെ കാണുന്ന സന്ദര്‍ശനത്തിനിടയില്‍ കുറ്റവാളികളെ പരസ്പരം കൈമാറുന്നതടക്കം വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദിയില്‍ ഒരു രാഷ്ട്ര നേതാവിന് ലഭിക്കുന്ന അത്യപൂര്‍വ ബഹുമതിയായി, മന്‍മോഹന്‍സിങ് പണ്ഡിത സഭയായ ശൂറാ കൗണ്‍സിലിനെ അഭിസംബോധന ചെയ്യും. അബ്ദുല്ല രാജാവും മന്‍മോഹന്‍സിങ്ങുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് പുറമെ, മന്ത്രിതലഫവ്യവസായി ചര്‍ച്ചകളും സന്ദര്‍ശനത്തിനിടയില്‍ ഉണ്ടാവും.

ഗുലാംനബി ആസാദ്, മുരളി ദേവ്‌റ, ആനന്ദ് ശര്‍മ എന്നീ കേന്ദ്രമന്ത്രിമാരും അനില്‍ അംബാനി, അസിം പ്രേംജി തുടങ്ങി രണ്ടു ഡസന്‍ വ്യവസായ പ്രമുഖരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്, 18 ലക്ഷത്തോളം ഇന്ത്യക്കാരുടെ തൊഴിലിടവും രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങളില്‍ 20 ശതമാനത്തിന്റെ സ്രോതസ്സുമായ സൗദിയിലേക്ക് പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനത്തിന്റെ പ്രത്യേക പ്രാധാന്യം എടുത്തുകാട്ടുന്നു.

തിരക്കിട്ട പരിപാടികളാണ് മന്‍മോഹന്‍സിങ്ങിന് റിയാദില്‍. ഞായറാഴ്ച രാവിലെ എണ്ണ മന്ത്രി അലി അല്‍ നിയാമി, വിദേശമന്ത്രിയും രാജകുമാരനുമായ സൗദ് അല്‍ ഫൈസല്‍, വാണിജ്യഫവ്യവസായ മന്ത്രി അബ്ദുല്ല സൈനല്‍ അലി റെസ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്ക് കൂടുതല്‍ അസംസ്‌കൃത എണ്ണ നല്‍കുന്ന കാര്യവും ചര്‍ച്ചയാകും.

ഉച്ചക്ക് വ്യവസായ തല സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും അബ്ദുല്ല രാജാവിന്റെയും സാന്നിധ്യത്തില്‍ പ്രതിനിധി തല ചര്‍ച്ചകള്‍; കരാര്‍ ഒപ്പുവെക്കല്‍. തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മജ്‌ലിസുശ് ശൂറയെ അഭിസംബോധന ചെയ്യുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ പ്രവാസി പ്രതിനിധികളെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഉച്ചതിരിഞ്ഞ് ദല്‍ഹിക്ക് മടങ്ങും.

എ.എസ് സുരേഷ്‌കുമാര്‍

Thursday, February 25, 2010

മന്‍മോഹന്‍സിംഗ്‌ ശനിയാഴ്‌ച സഊദിയില്‍



റിയാദ്‌: 1982ല്‍ ഇന്ദിരാഗാന്ധി സഊദി അറേബ്യ സന്ദര്ശിയച്ച ശേഷം 28 വര്ഷകങ്ങള്ക്കുതശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സഊദി തലസ്ഥാനത്തെത്തുകയാണ്‌. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്ശരനത്തിന്‌ സഊദിയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ പ്രൗഢമായ വരവേല്പ്പ്്‌ നല്കാദനുള്ള ഒരുക്കത്തിലാണ്‌ രാജ്യം.
തലസ്ഥാന നഗരിയിലെ പ്രധാന വീഥികളെല്ലാം ഇന്ത്യയുടെയും സഊദിയുടേയും ദേശീയ പതാകകള്കൊ്ണ്ടലങ്കരിച്ചിരിക്കുന്നു. പ്രമുഖ വ്യക്തിത്വങ്ങള്‍ രാജ്യം സന്ദര്ശി‍ക്കുമ്പോള്‍ മാത്രമാണ്‌ സഊദി പതാകക്കൊപ്പം അതാത്‌ രാജ്യത്തിന്റെ പതാകയും ഒരുമിച്ച്‌ കെട്ടി വീഥികള്‍ അലങ്കരിക്കാറുള്ളത്‌.
കിംഗ്‌ ഖാലിദ്‌ ഇന്റര്നാെഷണല്‍ എയര്പോ്ര്ട്ടി ലെ റോയല്‍ ടെര്മിമനല്‍ മുതല്‍ തഖസൂസി റോഡിലെ മക്കാ എക്‌സിറ്റ്‌ വരെയുള്ള നഗരപാതകളില്‍ ഇന്ത്യയുടെയും സഊദിയുടേയും ദേശീയ പതാകകള്‍ പാറിപ്പറക്കുകയാണ്‌.

Monday, February 15, 2010

ഇന്ന് റബീഉല്‍ അവ്വല്‍ 1 മാധ്യമം ദിനപത്രം നബി തങ്ങളോടുള്ള സ്നേഹത്തെ കുറിച്ച് പ്രസ്ധീകരിച്ച ലേഖനം


കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍

സ്നേഹത്തിന്റെ ഉദാത്തവും ഉല്‍കൃഷ്ടവുമായ ജീവിതപാഠങ്ങളാണ് സ്വജീവിതത്തിലൂടെ തിരുനബി ലോകത്തിന് പകര്‍ന്നത്. സാംസ്കാരികവും ധാര്‍മികവുമായി മനുഷ്യസമൂഹം ധര്‍മച്യുതിയില്‍ അഭിരമിച്ച ഒരു കാലത്ത് നിയതവും നീതിനിഷ്ഠവുമാര്‍ന്ന ഒരു ദര്‍ശനത്തിലൂടെ പ്രവാചകന്‍ ലോകത്തെ ധാര്‍മികമായി സംസ്കരിച്ചെടുത്തു. മനുഷ്യഹൃദയത്തില്‍ സ്നേഹത്തിന്റെ കൈത്തിരി കൊളുത്തിയാണ് തിരുനബി ജനതയെ നേര്‍വഴിയിലേക്ക് നയിച്ചത്.
നന്മയെ സ്നേഹിക്കുകയും തിന്മയെ വെറുക്കുകയും ചെയ്യുക എന്ന ഇസ്ലാമികദര്‍ശനത്തിന്റെ സമ്പൂര്‍ണപാഠങ്ങളെ നെഞ്ചിലേറ്റിയപ്പോള്‍ തിന്മയുടെ വാഹകരായിരുന്ന ഒരു സമൂഹം നന്മയുടെയും സത്യത്തിന്റെയും വക്താക്കളായി മാറി. മനുഷ്യന്റെ മനോഭാവത്തില്‍ മൌലികമാറ്റം വരുത്തിയാണ് റസൂല്‍(സ) ഈ സ്നേഹവിപ്ലവം സൃഷ്ടിച്ചത്. ഗോത്രങ്ങളെയും കുലങ്ങളെയും സമൂഹകൂട്ടായ്മകളെയും അതിന്റെ പാഥേയങ്ങളില്‍ നിലനിറുത്തുകയും മനസ്സിനെ വിമലീകരിക്കുകയുമാണ് മുഹമ്മദ് നബി ചെയ്തത്. ഇതോടെ ഇസ്ലാമികദര്‍ശനത്തിലേക്ക് ജനങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തി. സത്യവിശ്വാസികള്‍ക്ക് അഭയവും ആശ്വാസകേന്ദ്രവുമായി പ്രവാചകന്‍. എല്ലാറ്റിനെയും എല്ലാവരെയും അവിടുന്ന് സ്നേഹിച്ചു. സഹവര്‍ത്തിത്വത്തോടെ പെരുമാറുകയും സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പര്‍ശംകൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. തങ്ങള്‍ ഉന്നതമായ സ്വഭാവത്തിന്റെ ഉടമയാണെന്ന ഖുര്‍ആനികവചനം സ്വജീവിതത്തിലൂടെ അന്വര്‍ഥമാക്കി. സ്നേഹം നല്‍കിയവര്‍ക്ക് സ്നേഹം തിരിച്ചുകിട്ടുമെന്ന് അരുള്‍ ചെയ്തു. ഈ സ്നേഹപാഠങ്ങളാണ് എന്നും മാനവരാശിയുടെ വിമോചനമന്ത്രവും വിജയനിദാനവും.ഒരാള്‍, മറ്റൊരാളെ സ്നേഹിക്കുന്നതിന് കാരണമായി മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സൌന്ദര്യം തുടങ്ങിയ ബാഹ്യഗുണങ്ങള്‍, വിജ്ഞാനം തുടങ്ങിയ ആന്തരികഗുണങ്ങള്‍, അയാളില്‍നിന്ന് ലഭിക്കുന്ന നന്മകളും ഉപകാരങ്ങളും. ഒരു വ്യക്തിയില്‍ ഒത്തുചേരുന്ന ഗുണങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും സ്നേഹത്തിന്റെ ഏറ്റക്കുറച്ചില്‍. സുന്ദരനോടും അതിസുന്ദരനോടുമുള്ള സ്നേഹം തുല്യമല്ല. പണ്ഡിതനോടും, മഹാപണ്ഡിതനോടുമുള്ള സ്നേഹങ്ങള്‍ തമ്മിലുമുണ്ട് അന്തരം. അപ്രകാരം തന്നെ ചെറിയ ഗുണം ചെയ്തവരോടുള്ള സ്നേഹമാവില്ല വലിയ ഗുണം ചെയ്തവരോട്.
എന്നാല്‍, സ്നേഹത്തിനുള്ള എല്ലാ നിമിത്തങ്ങളും സമഗ്രമായി ഒരു വ്യക്തിയില്‍ ഒത്തുചേര്‍ന്നാലോ? ആ വ്യക്തി ലോകത്ത്, എല്ലാവരാലും, എപ്പോഴും, ഏറ്റവും സ്നേഹിക്കപ്പെടാന്‍ അര്‍ഹനായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ ഒരു വ്യക്തി പക്ഷേ ഉണ്ടാകുമോ? അതു സംഭവ്യമാണോ? അതേ, സംഭവ്യമാണ്. ലോകം ആ വ്യക്തിയെ നേര്‍ക്കണ്ണില്‍ കണ്ടു. ആ അതുല്യമായ വ്യക്തിപ്രഭാവത്തെ ശത്രുമിത്ര ഭേദമെന്യേ രേഖപ്പെടുത്തി. ബുദ്ധി, സൌന്ദര്യം, പ്രസന്നത, പ്രതിഭാശക്തി, സദാചാരം, സദ്സ്വഭാവം, സഹനം, സഹിഷ്ണുത, വിശാലമനസ്കത, വിശാലവീക്ഷണം, ദീര്‍ഘദര്‍ശനം, കാരുണ്യം, മഹാമനസ്കത, ധൈര്യം, സ്ഥൈര്യം, സാഹസികത, ഭരണം, നേതൃത്വം, സ്വാധീനം, നയതന്ത്രം, നീതിന്യായം, യുദ്ധപാടവം, സൈന്യാധിപത്യം, അധ്യാപനം, സംസ്കരണം, സമുദ്ധാരണം, പ്രസംഗം, ഉപദേശം, ശിക്ഷണം, സ്ഥിരോത്സാഹം, ആത്മാര്‍ഥത, പ്രവര്‍ത്തനം, സേവനം, സംഘാടനം, എല്ലാ മഹദ് ഗുണങ്ങളിലും അക്ഷരാര്‍ഥത്തില്‍ അതുല്യമായ ഒരു മഹാവ്യക്തിത്വത്തെ നാം ചരിത്രത്തില്‍ കാണുന്നു. അതാണ് ലോക പ്രവാചകനായ മുഹമ്മദ്നബി (സ).
മനുഷ്യസമൂഹത്തിന്റെ മോക്ഷത്തിനും സമുദ്ധാരണത്തിനും നബി ചെയ്ത ഏറ്റവും വലിയ സേവനമാണ് ഏറ്റം ശ്രദ്ധേയം. ഏതൊരു പരിഷ്കര്‍ത്താവിനും അസാധ്യമായ വിപ്ലവമാണ് തിരുനബി സാധിച്ചത്. പ്രവാചകരുടെ പ്രഥമസംബോധിതരായ അറബികളുടെ ദുരവസ്ഥയേക്കാള്‍ ദയനീയമായിരുന്നു റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെയും യൂറോപ്പിന്റെയും സ്ഥിതി. എച്ച്.ജി.വെല്‍സിന്റെ വരികളില്‍: 'ബൈസാന്റിയന്‍ സാമ്രാജ്യവും പേര്‍ഷ്യന്‍സാമ്രാജ്യവും നശീകരണപോരാട്ടങ്ങളിലായിരുന്നു. ഇന്ത്യയാകട്ടെ തദവസരം ഛിദ്രതയിലും ദുഃസ്ഥിതിയിലുമായിരുന്നു' (A Short History of the World p. 244). അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെ യൂറോപ്പിലുടനീളം തമോരാത്രി വ്യാപിച്ചിരുന്നുവെന്ന് റോബര്‍ട്ട് ബ്രിഫോള്‍ട്ട്. നാഗരിക ലോകം മുഴുവന്‍ അക്കാലത്ത് നാശവക്ത്രത്തിലെത്തിയിരുന്നുവെന്നാണ് ജെ. എച്ച്. ഡെനിസന്‍ പറയുന്നത്.ഈ തലതിരിഞ്ഞ ലോകത്തിന്റെ ഗതിക്കു മാറ്റം വരുത്തി ഒരു വിശ്വോത്തര സമുദായത്തെ വാര്‍ത്തെടുക്കുക ക്ഷിപ്രസാധ്യമല്ല. പ്രസിദ്ധ ഫ്രഞ്ച്സാഹിത്യകാരനായ ലാമാര്‍ട്ടിന്‍ നബിയുടെ നിരുപമവിജയത്തിനു മുമ്പില്‍ തലകുനിക്കുന്നു: 'ഇത്രയും മഹോന്നതമായ ഒരു ലക്ഷ്യത്തിനായി ഒരു മനുഷ്യനും ഇറങ്ങിത്തിരിച്ച ചരിത്രമില്ല. കാരണം ഈ ലക്ഷ്യം മനുഷ്യ കഴിവിന് അതീതമായിരുന്നു. മനുഷ്യന്റെയും സ്രഷ്ടാവിന്റെയും ഇടയ്ക്കു സൃഷ്ടിക്കപ്പെട്ട മിഥ്യാഭിത്തികള്‍ തകര്‍ക്കുകയും മനുഷ്യനെ കൈപിടിച്ച് നാഥന്റെ പടിവാതില്‍ക്കലേക്ക് ആനയിക്കുകയും ഉജ്വലവും സംശുദ്ധവുമായ ഏകദൈവസിദ്ധാന്തം, സര്‍വവ്യാപകമായ വിഗ്രഹാരാധനയുടെയും ഭൌതികദൈവങ്ങളുടെയും കാര്‍മേഘാന്തരീക്ഷത്തില്‍, യാഥാര്‍ഥ്യമാക്കുകയുമായിരുന്നു ആ പരമോന്നത ലക്ഷ്യം. ചെറുതും നിസ്സാരവുമായ ഉപാധികളുമായി ഇവ്വിധം ദുര്‍വഹവും എന്നാല്‍, അതിപ്രധാനവും അത്യുദാത്തവുമായ ഉത്തരവാദിത്തം മറ്റൊരു മനുഷ്യനും ഏറ്റെടുത്ത സംഭവമുണ്ടായിട്ടില്ല'.

ഇക്കാരണം കൊണ്ടു തന്നെയാണ് ഇരുനൂറ് വര്‍ഷംമുമ്പ് തോമസ് കാര്‍ലൈല്‍ സകല പ്രവാചകന്മാരുടെയും കൂട്ടത്തില്‍ നിന്ന് മുഹമ്മദ് നബിയെ ഏറ്റവും വലിയ ചരിത്രപുരുഷനായി തിരഞ്ഞെടുത്തത്. ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മൈക്കല്‍ എച്ച്. ഹാര്‍ട്ട് ചരിത്രത്തില്‍ ഏറ്റം സ്വാധീനം ചെലുത്തിയ നൂറ് മഹാന്മാരുടെ ചരിത്ര പട്ടികയുള്‍ക്കൊള്ളിച്ചു ഗ്രന്ഥമെഴുതിയപ്പോള്‍ നബിക്ക് പ്രഥമസ്ഥാനം നല്‍കിയതിന്റെ കാരണവും മറ്റൊന്നല്ല.
വിശ്വവിമോചകനായ മുഹമ്മദ്നബിയെ സ്നേഹിക്കാന്‍ ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. 'സകലലോകത്തിനും അനുഗ്രഹമായിട്ടു മാത്രമാണ് താങ്കളെ നിയോഗിച്ചിട്ടുള്ളത്' എന്നാണ് ഖുര്‍ആന്റെ പ്രസ്താവന. മനുഷ്യന്റെ പ്രഥമമായ പരമസ്നേഹം സ്രഷ്ടാവായ അല്ലാഹുവോടായിരിക്കണം. അടുത്ത പടി അല്ലാഹുവിന്റെ പ്രവാചകരായ തിരുനബിയോട്. അഥവാ സൃഷ്ടികളില്‍ ഏറ്റം വലിയ സ്നേഹം പ്രവാചകരോട്. ഈ സ്നേഹം സത്യവിശ്വാസത്തിന്റെ മൌലികഘടകമാണ്. 'പറയുക, നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും സമ്പാദിച്ച സ്വത്തുക്കളും മാന്ദ്യം ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും ഇഷ്ടപ്പെട്ട മണിമാളികകളുമാണ്, അല്ലാഹുവേക്കാളും പ്രവാചകനേക്കാളും അവന്റെ മാര്‍ഗത്തിലെ ധര്‍മസമരത്തേക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ അല്ലാഹു അവന്റെ കല്‍പന നടപ്പില്‍ വരുത്തുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല' (ഖുര്‍ആന്‍ 9:24).
തന്റെ സന്താനങ്ങള്‍, മാതാപിതാക്കള്‍, മറ്റു ജനങ്ങള്‍ ഇവരെല്ലാവരേക്കാളും എന്നെ സ്നേഹിക്കുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ലെന്ന തിരുനബിയുടെ പ്രസ്താവന സുപ്രസിദ്ധമാണ്. ഉമര്‍ ഫാറൂഖ് ഒരിക്കല്‍ നബിയോട് പറഞ്ഞു: 'അല്ലാഹുവാണ്, ഞാന്‍ അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളെക്കാളും പ്രിയങ്കരമായി കാണുന്നു.' അപ്പോള്‍ നബി പറഞ്ഞു: സ്വന്തം ആത്മാവിനേക്കാളും ഞാന്‍ ഒരാള്‍ക്ക് പ്രിയങ്കരനാകുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ല. ഉടനെ ഉമര്‍ ഇങ്ങനെ പ്രതികരിച്ചു: അങ്ങേക്ക് വിശുദ്ധഗ്രന്ഥം അവതരിപ്പിച്ചവന്‍ തന്നെ സത്യം, എന്റെ ശരീരത്തിലെ ആത്മാവിനേക്കാളും അങ്ങ് എനിക്ക് പ്രിയങ്കരനാണ്.'

എന്താണ് സ്നേഹത്തിന്റെ ലക്ഷണം? പ്രവാചകസ്നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'നബീ, പറയുക, നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും.'

അപ്പോള്‍, നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോധര്‍മങ്ങളില്‍ നബിയെ അനുകരിക്കണം. അതാണ് സ്നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. തിരുനബി അനസുബ്നു മാലിക് എന്ന ശിഷ്യനു നല്‍കിയ ഉപദേശം കാണുക: 'കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ, പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അതെന്റെ ചര്യയില്‍പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചു. എന്നെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി'.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍


--

Monday, February 8, 2010

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ പീഡിപ്പിക്കുന്നു

ഫുജൈറ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും ലഗേജുകളും നഷ്ടപ്പെടുന്നുവെന്ന പരാതികളെക്കുറിച്ചും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അ നാവശ്യ വാദങ്ങളുയര്‍ത്തി കുട്ടികളെയും സ്ത്രീകളെയുമടക്കം ബുദ്ധിമുട്ടിക്കുന്നതായ റിപ്പോര്‍ട്ടുകളെക്കുറിച്ചും സമഗ്രമായ അന്വേഷമം നടത്തണമെന്ന് ഓവര്‍ സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോ ണ്‍ഗ്രസ് യു എ ഇ ഈസ്റ് കോസ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ സി അബൂബക്കര്‍ ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ അകറ്റാനുള്ള ബോധപൂര്‍വമായ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള വിമാനത്താവളങ്ങളിലില്ലാത്ത രീതിയിലുള്ള സമീപനമാണ് കരിപ്പൂരില്‍ ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്ന് ഈ സംശയം ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഏറ്റവും വലിയ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി മര്‍കസില്‍ തയ്യാറാകുന്നു

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ മുസ്ഹഫ് കൈയെഴുത്ത് പ്രതി മര്‍കസില്‍ തയ്യാറാവുന്നു. മര്‍കസ് ഹെരിറ്റേജ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് മുസ്ഹഫിന്റെ കൈയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നത്. മര്‍ക്കസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇതു കാണാനുള്ള സൌകര്യമുണ്ട്. കശ്മീര്‍ ഹസ്റത്ത് ബാല്‍ മസ്ജിദിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈപ്പടയില്‍ തയ്യാറാക്കിയ മുസ്ഹഫുകള്‍ സൂക്ഷിക്കുന്നുണ്ട്. മര്‍കസ് സ്റുഡന്റ്സ് സംഘടനയായ ഇഹ്യാഉസ്സുന്നയാണ് കൈയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. കൈയെഴുത്തിന്റെ ആദ്യാക്ഷരം ദുബൈ മതകാര്യവകുപ്പ് പബ്ളിക് റിലേഷന്‍ മേധാവി ശൈഖ് അഹ്മദ് സാഇദ് നിര്‍വ്വഹിച്ചു. മര്‍കസില്‍ നടന്ന ചടങ്ങില്‍ അബ്ദുല്ല ഇബ്റാഹീം അബ്ദുല്‍ ജബ്ബാര്‍, ഹാജി കലന്തര്‍ മസ്താന്‍ കായല്‍പട്ടണം, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. ലിയാഖത്ത് ഹുസൈന്‍ മുഈനി, എ.പി മുഹമ്മദ് മുസ്ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. ഹകീം അസ്ഹരി എന്നിവര്‍ സംബന്ധിച്ചു

ജിദ്ദ ആര്‍ എസ് സി മെഡിക്കല്‍ ക്യാമ്പ് നടത്തി




ജിദ്ദ; സാമൂഹിക സേവന രംഗത്ത് ആര്‍ എസ് സി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് ജിദ്ദാ കോണ്‍സുലേറ്റ് കമ്മ്യുണിറ്റി വെല്‍ഫെയര്‍ കൌണ്‍സിലര്‍ കെ. കെ. വിജയന്‍ അഭിപ്രയപ്പെട്ടു.
രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദാ സോണ്‍ സമ്മേളനത്തിന്റെ ഭാഗമായി ശിഫ ജിദ്ദാ പോളിക്ളിനിക്കുമായി സഹകരിച്ചു നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള മുഴുവന്‍ ആശുപത്രികളും ഈ മാതൃക തുടരുകയാണെങ്കില്‍ സഊദി പ്രവാസികളിലെ അമ്പതു ശതമാനത്തിനു മുകളിലുള്ള സാധാരക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അനധികൃത താമസക്കാരായ ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന് സാധ്യമാകുന്നതെന്തും ചെയ്യുമെന്നും ആര്‍ എസ് സി പോലുള്ള മത സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകരണം ഈ വിഷയത്തില്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ലോകത്ത് കഷ്ടതയനുഭവിക്കുന്നവക്കൊപ്പമാണ് ശിഫ ജിദ്ദയെന്നും സാമ്പത്തിക പരാധീനത മൂലം ഒരു പ്രവാസിക്കും ചികിത്സ് നിഷേധിക്കപ്പെടരുതെന്നാണ് തങ്ങളുടെ നയമെന്നും ശിഫ ജിദ്ദാ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഫാഹിദ് പറഞ്ഞു.
രാവിലെ എട്ടു മണിമുതല്‍ ആരംഭിച്ച മെഡിക്കല്‍ കേമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൌജന്യ ശുഗര്‍ കൊളസ്ട്രോള്‍ പരിശോധനക്കു പുറമെ റജിസ്റ്റര്‍ ചെയ്ത ആയിരത്തില്‍പരം പേര്‍ക്ക് ഒരു വര്‍ഷത്തെ ഫ്രീ കണ്‍സള്‍ട്ടേഷന്‍ കാര്‍ഡും നല്‍കി.
ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനത്തിന്റെ ഭാഗമായി പ്രത്യേകം പരിശീലനം നല്‍കിയ അമ്പ്തോളം അല്‍ ഇസാബ പ്രതിനിധികളുടെ സേവനസന്നദ്ധത മെഡിക്കല്‍ ക്യാമ്പില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ആര്‍ എസ് സി സഊദി നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ നിസാമി, ഇസ്മാഈല്‍ നീറാട്, അബ്ദുറഹ്മാന്‍ വണ്ടൂര്‍, ഉസ്മാന്‍ ഇരുമ്പുഴി, മുജീബ് സഖാഫി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
അബ്ദുന്നാസിര്‍ അന്‍വരി അധ്യക്ഷത വഹിച്ചു, ശരീഫ് മാസ്റ്റര്‍ സ്വാഗതവും ഇസ്മാഈല്‍ തവനൂര്‍ നന്ദിയും പറഞ്ഞു.
ആര്‍ എസ് സി ജിദ്ദാ സോണ്‍ സമ്മേളനം ഫെബ്രുവരി 11, 12 തിയതികളില്‍ ശറഫിയ്യയില്‍ നടക്കുമെന്നും പരിപാടിയില്‍ അല്‍ഇസാബ സംഗമം, സെമിനാര്‍, വഴികാട്ടികള്‍, പ്രവര്‍ത്തക ക്യാമ്പ്, പാനല്‍ഡിസ്കഷന്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

Wednesday, February 3, 2010

ആര്‍ എസ് സീ സമ്മേളനം

കൊച്ചിന്‍ ഹനീഫയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി

എറണാകുളം : ചൊവ്വാഴ്ച അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ കൊച്ചിന്‍ ഹനീഫയുടെ (61) ഖബറടക്കം എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ഉച്ചമുതല്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം ജുമാമസ്ജിദില്‍ എത്തിച്ചത്. സിനിമാപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ക്ക് പുറമേ ആയിരങ്ങള്‍ തങ്ങളുടെ ഇഷ്ടനടനെ അവസാനമായൊന്ന് കാണാന്‍ അംബേദ്കര്‍ സ്റ്റേഡിയത്തിലെത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടത്തിയത്. വിവിധ വകുപ്പ് മന്ത്രിമാര്‍, നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, തമിഴ് നടന്‍ ശരത്കുമാര്‍, അമ്മ പ്രസിഡന്റ് ഇന്നസെന്റ് എന്നുതുടങ്ങി മലയാളസിനിമാലോകത്തെ മിക്കവാറും താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും സംവിധായകരും അന്ത്യോപചാരം അര്‍പ്പിച്ചു.
http://sirajnews.blogspot.com

പ്രവാസിയുടെ മകന്‍

തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര!
ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ചതല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല.
ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ
ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട
അച്ഛനും.

അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്.
നഗരത്തിന്റെ വശ്യമായ അലങ്കാരങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ
സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗഗ്രസ്തമായ പ്രവാസക്കൂടുകളിലേക്ക്
തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച് ഛന്റെ ഉറച്ച
തീരുമാനമായിരുന്നു.

"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ്
വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച് ഛനുണ്ട്."
പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.
ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെയായിട്ടാണ് അച്ഛന്‍ കത്തുകളയക്കാറ്.
ഒരുപാട് ഉപദേശങ്ങള്‍, ഒരുപാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനുകുനെ എഴുതി നിറച്ച
ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യനിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍
ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു
വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന്
നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ
പഠിപ്പിയ്ക്കാനും എത്ര സാരള്യത്തൊടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.

വളരെ പ്രൗഢമാണ് വിദ്യാഭ്യാസകാലത്തെ ഓര്‍മ്മകള്‍.
കുബേരപുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില
കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢമ്പര വീട്ടില്‍ ഉറങ്ങി....ഒന്നിനും ഒരു കുറവ്
അനുഭവപ്പെടാതെ..!!
ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയത്തിനോട് വിട പറയുമ്പോള്‍ പിന്നെയും
ചോദ്യം.
"ഇനി മറ്റെന്തെങ്കിലും പടിയ്ക്കണോ..? ഉപരിപഠനത്തിന് ആഗ്രഹമുണ്ടെങ്കില്‍
പറയണം..അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ..അതോണ്ടാ.."

അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. രണ്ട്
വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍
നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ്
കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ്
പോരാന്‍ കഴിയില്ല.
എന്നൊക്കെ.

പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും
ഞങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങളുമൊക്കെ മുറ തെറ്റാതെ വരും.
കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.
"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി.."
വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും
അസൂയയും.
"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍.."
ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍
ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.

ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിക്കവേ
നിമിഷങ്ങള്‍ക്കകം വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്
ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് .

പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പുണ്ടായിരുന്നു.
പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടിപ്പിടിച്ചു.
"ഇത് എന്റെ ഗംഗയുടെ മോനല്ല.. ഗംഗ തന്നെയാണ്. "
ബാലേട്ടന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
"ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ..അച്ഛനെ മുറിച്ച് വെച്ചത്
പോലെ..ഇങ്ങനെയുണ്ടോ ഒരു രൂപസാദൃശ്യം!!!"
ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.
വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.
"ബാലേട്ടന് ...ഇന്ന് ഡ്യൂട്ടിയില്ലേ...."
അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു. "ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"

തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു.
"വിശ്വാസമായില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച്
കൊല്ലായി ഓടിച്ചു കൊണ്ടേയിരിക്കുന്നു..."
ബാലേട്ടന്‍ ഉറക്കെ ചിരിച്ചു.

ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി.
അമ്പലവീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍!
അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.
കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു.
ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍
പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച്
വാങ്ങിപ്പിച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി
വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ
ധരിക്കണമെന്ന്.
"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴിമാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍ .
അച് ഛനത് കാണും. സന്തോഷിക്കും."
പാവം അമ്മ!
എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരിഭാഗവും
ഞങ്ങള്‍ക്ക് വേണ്ടി....

കാര്‍ സഡന്‍ ബ്റേക്കിട്ട് നിന്നു.
മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.
"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.
വെറുതെ ചിരിച്ചു.


ഞങ്ങളിപ്പോള്‍ കെട്ടിടസമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത്
എത്തിയിരിക്കുന്നു. ഇരുവശങ്ങളിലും പരന്നു കിടക്കുന്ന മരുഭൂമി. അകലെ മലകളുടെ
അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട്
കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.

ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.
അമ്പലവീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹുനില
കെട്ടിടത്തിലായിരിക്കുമെന്ന് കരുതിയ തനിക്ക് തെറ്റിയിരിക്കുന്നു. കാര്‍ ചെന്ന്
നിന്നത് ഒരു തീരപ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച്
പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റമുറിയുള്ള വീടുകള്‍. തികച്ചും
അനാസൂത്രിതമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.

കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസസൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍
മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ
പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കുമെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!
"വരൂ..ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും...ഹ ഹ ഹ ..."

കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യബന്ധന
ബോട്ടുകള്‍.
രണ്ട്മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷത്തണലും തോട്ടവുമുള്ള
ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.

"ഇതാണ് ഞാനും മോന്റെ അച് ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..."
അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ടയിടറിയിരുന്നു.

അകത്ത്-
ഇരുവശങ്ങളിലായി രണ്ടു കട്ടിലുകള്‍.
നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു
ടെലിവിഷ്യന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ്
റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും
ഗുലാം അലിയും യേശുദാസും...
മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍
ചെയ്തു ബാലേട്ടന്‍.
എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.
"ഇതാണ് ..മോന്റെ അച് ഛന്റെ കട്ടില്‍...." താനിരിക്കുന്ന കട്ടില്‍
ചൂണ്ടിക്കാട്ടി ബാലേട്ടെന്‍ പറഞ്ഞു.
കരച്ചിലടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും
കോട്ടുമെല്ലാം അഴിച്ച് വലിച്ചെറിയണമെന്ന് തോന്നി.
ബാലേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക്
വരുന്നില്ലായിരുന്നു.
ചുമരില്‍ തൂങ്ങിക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍. വളരെ പഴകിയ അവ
ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.
"അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."
മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബിക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.
അച് ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.

"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം
എനിക്കനുഭവിയ്ക്കാനായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."


തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ
കടല്‍ തീരത്ത്.....ഈ ചെറിയ മരക്കുടിലില്‍...ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ
അച്ഛന്‍! തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ..ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു
തന്റെ അച് ഛനെന്നറിഞ്ഞിരുന്നെങ്കില്‍....

തന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ആഢ്യനായ അച് ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ്
ഇപ്പോള്‍ താനറിഞ്ഞുകൊണ്ടിരിക്കുന്ന സ്നേഹനിധിയായ അച്ഛന്‍.

"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കിക്കൂട്ടി നാട്ടിലേക്ക്
വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു."

കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു.

"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍
വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം
കഴിഞ്ഞാണ് ബോഡി കണ്ടെത്താനായുള്ളൂ.......അപ്പോഴേക്കും ഒരു പാട്...."

"വേണ്ട ബാലേട്ടാ...മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."

സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.
കയ്യിലെ അച്ഛന്റെ അറബിക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ
അച്ഛനോടെന്ന പോലെ ചോദിച്ചു.
"ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"

കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു
ബാലേട്ടന്‍.
"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി.
ധൈര്യമുണ്ടായില്ല."

പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.
"അച് ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍
അതെല്ലാം ഇങ്ങോട്ട് അയക്കണം. അച് ഛനെയോ കാണാനായില്ല. "
കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.
"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ..അച് ഛന്‍ ബാക്കി വെച്ച അച് ഛന്റെ
ശേഷിപ്പുകള്‍..."

സാവധാനം പെട്ടി തുറന്നു.
തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും
ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടൊകള്‍! അമ്മയുടെ ഫോട്ടൊ. വൃത്തിയായി റബര്‍
ബാന്റിട്ട് കെട്ടിവെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ
മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...
മറ്റൊന്നുമില്ലായിരുന്നു അതില്‍.

‘ ഒന്നുമില്ലമ്മേ...അച് ഛനായി അച് ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്.
അമ്മയുടെ രൂപത്തില്‍ , എന്റെ രൂപത്തില്‍, അനിയത്തിയുടെ
രൂപത്തില്‍..വീടിന്റെ..ഭൂമിയുടെ.............
അഴുക്കു പിടിച്ച അറബിക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.

ബാലേട്ടന്റെ കാറില്‍-
മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും
ഞ്ങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ്
ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്..
അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....

*Author: Shaan Riyas*

രിസാല മെഡിക്കല്‍ ക്യാമ്പ്‌