WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Thursday, January 14, 2010

മലയാളി ഹോട്ടല്‍ ഉടമയില്‍നിന്ന് പൊലിസ് കൈക്കലാക്കിയ 8000 റിയാല്‍ തിരിച്ചുകിട്ടി

Thursday, January 14, 2010

ജിദ്ദ: വഴി മധ്യെ പരിശോധനക്കെന്ന വ്യാജേന എത്തിയ രണ്ടു പൊലീസുകാര്‍ കൈവശപ്പെടുത്തിയ 8000 റിയാല്‍ മലയാളി ഹോട്ടല്‍ ഉടമക്ക് തിരിച്ചുകിട്ടി. ശറഫിയിലെ ഹില്‍ടോപ്പ് റസ്റ്റോറന്റ് ഉടമ തലശേãരി, പുന്നോല്‍ സ്വദേശി റഹീമിനാണ് പൊലീസ് മേധാവികളുടെ നിഷ്പക്ഷവും നീതിപൂര്‍വകവുമായ ഇടപെടലിലൂടെ തുക തിരിച്ചുകിട്ടിയത്. കുറ്റം സമ്മതിച്ച പ്രതികള്‍ അതോടെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുകയും അഴികള്‍ക്കുള്ളിലായിരിക്കുകയുമാണ്.
കഴിഞ്ഞ 30 വര്‍ഷമായി ജിദ്ദയില്‍ ഹോട്ടല്‍ ബിസിനസ് രംഗത്തുള്ള റഹീം പുന്നോലിന് ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്. കഴിഞ്ഞ മാസം 17ന് രാത്രി ഒന്നരയോടെ മരുമകന്‍ മുഹമ്മദ് നൌഫലിനോടൊപ്പം ഹോട്ടലില്‍നിന്ന് ശറഫിയയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കന്ദറ പാലത്തിനടിയില്‍ ഇവരെ പിന്തുടര്‍ന്ന പൊലീസ് വണ്ടിയില്‍നിന്നിറങ്ങിയ രണ്ടുപേര്‍ ഇഖാമ ആവശ്യപ്പെട്ടു. റഹീം കാണിച്ചുകൊടുത്തെങ്കിലും മുഹമ്മദ് നൌഫലിന്റേത് പുതുക്കാന്‍ കൊടുത്തിരിക്കയാണെന്നും ഹോട്ടലില്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. അതോടെ നൌഫലിനാട് പൊലീസ് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും ശരീരം മുഴുവന്‍ പരിശോധിച്ച ശേഷം പേഴ്സും താക്കോലും മറ്റെല്ലാ സാധനങ്ങളും അവര്‍ വണ്ടിയില്‍ കൊണ്ടുവെച്ചു. തന്റെ കൈയില്‍ 1900 റിയാലും ഏതാനും ഇന്ത്യന്‍ കറന്‍സിയുമുണ്ടെന്ന് റഹീമും തന്റെ പക്കല്‍ 2400റിയാലുണ്ടെന്ന് നൌഫലും വെളിപ്പെടുത്തി. അപ്പോഴേക്കും റഹീമിന്റെ സഹോദരീപുത്രന്‍ സാഹിര്‍ നൌഫലിന്റെ ഇഖാമയുമായി വണ്ടിയില്‍ കുതിച്ചെത്തിയെങ്കിലും അടുക്കാന്‍ അനുവദിച്ചില്ല. ഉടന്‍ പോയിക്കൊള്ളണമെന്നും അല്ലെങ്കില്‍ വണ്ടിയില്‍ പിടിച്ചിടുമെന്നും ഭീഷണി മുഴക്കിയത്രെ. പേഴ്സും മറ്റും പരിശോധിച്ച ശേഷം രണ്ടുപേരുടെയും പണവും രേഖകളും തിരിച്ചുകൊടുത്ത് വണ്ടി ഉടന്‍ സ്ഥലം വിടുകയും ചെയ്തു. വണ്ടിയുടെ നമ്പര്‍ അപ്പോള്‍ തന്നെ കുറിച്ചെടുത്തിരുന്നു. തലേദിവസം ബാങ്കില്‍ അടച്ചതിന്റെ ബാക്കി 8000റിയാല്‍ പേഴ്സില്‍ ഉണ്ടായിരുന്നുവെന്ന കാര്യം അപ്പോഴാണ് റഹീമിന് ഓര്‍മ വന്നത്. പണം കൈക്കലാക്കുകയായിരുന്നു പൊലീസിന്റെ ഉദ്ദേശ്യമെന്ന് അതോടെ മനസ്സിലായി.


പിറ്റേന്ന് കന്ദറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസ് മേധാവി വളരെ ഗൌരവത്തോടെയാണ് സംഭവത്തെ സമീപിച്ചത്. നിങ്ങള്‍ ചെയ്തത് മാതൃകാപരമാണെന്നും കുറ്റക്കാരെ കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കുമെന്നും ഉറപ്പുനല്‍കി. നാട്ടിലേക്ക് പുറപ്പെടാനിരുന്ന റഹീം അതോടെ യാത്ര മാറ്റിവെച്ച് എല്ലാ വിവരങ്ങളും കൈമാറി സ്റ്റേഷനില്‍നിന്നുള്ള വിളി കാത്തിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഇരുവരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രതികളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും പ്രതികള്‍ കുറ്റം സമ്മതിച്ചുകഴിഞ്ഞിരുന്നു. പണം തിരിച്ചുകിട്ടിയ സ്ഥിതിക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാമെന്ന് ഇവര്‍ പറഞ്ഞുനോക്കിയെങ്കിലും നിയമാനുസൃതമായ ശിക്ഷ നല്‍കേണ്ടത് അനിവാര്യമാണെന്ന് മേധാവി ഓര്‍മിപ്പിച്ചു. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പണം തട്ടിപ്പറിച്ചതിനെ കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചതിന് അനുമോദിച്ചതോടൊപ്പം സൌദി പൊലിസിന്റെ നിഷ്പക്ഷതയും കാര്യക്ഷമതയും ഇന്ത്യയില്‍ചെന്ന് അറിയിക്കണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു.

ഇത്തരം നിരവധി സംഭവങ്ങള്‍ സൌദിയില്‍ നിത്യേന ഉണ്ടാവാറുണ്ടെങ്കിലും ആരും ബന്ധപ്പെട്ടവരെ വേണ്ടവിധം അറിയിക്കാത്തത് കൊണ്ടാണ് പിടിച്ചുപറിയും തട്ടിപ്പും അരങ്ങേറുന്നതെന്ന് റഹീം അഭിപ്രായപ്പെട്ടു.

No comments: