
14 വരെ കാസര്‍കോട് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ്
Monday, January 11, 2010
കൊല്ലം: കാസര്‍കോട്ടുനിന്ന് എട്ട് മാസം മുമ്പ് കാണാതാകുകയും കഴിഞ്ഞദിവസം പത്തനാപുരത്തെ അഗതിമന്ദിരത്തില്‍ കണ്ടെത്തുകയും ചെയ്ത റിയാനയെ (16) ജനുവരി 14 വരെ കാസര്‍കോട് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. 15ന് റിയാനയെ ഹൈ കോടതിയില്‍ ഹാജരാക്കാനും പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ഡി. സുധീര്‍ ഉത്തരവ് നല്‍കി. പത്തനാപുരം ഗാന്ധിഭവനില്‍ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത റിയാനയെ ഇന്നലെ വൈകുന്നേരമാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.
രാവിലെ 11 ഓടെ ഗാന്ധിഭവനിലെത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.ഐ ദയാനന്ദന്‍, കൊല്ലം ക്രൈംബ്രാഞ്ച് എസ്.ഐ സത്യവ്രതന്‍ എന്നിവരടങ്ങിയ സംഘമാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ. മാത്യു, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്. വേണുഗോപാല്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദാ കമാല്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം റിയാനയെ കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ പി.ഡി.പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. പെണ്‍കുട്ടിയുടെ മാതാവ് എത്താതെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു ഇത്. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഇവരെ പിന്തിരിപ്പിച്ചു.
ഉച്ചക്ക് 12.50 ഓടെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച റിയാനയില്‍ നിന്ന് ഐ.ജി ശ്രീലേഖ വിവരങ്ങള്‍ ശേഖരിച്ചു. മൂന്ന് മണിയോടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഐ.ജി അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും മാനസികമായി അവശയായ നിലയിലായിരുന്നു റിയാന.
പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് പരവൂരില്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ ചോദ്യങ്ങള്‍ക്ക് റിയാന മറുപടി പറഞ്ഞില്ല. പെണ്‍കുട്ടി പീഡനങ്ങള്‍ക്കിരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായി ക്രൈംബ്രാഞ്ച് അറിയിച്ചു. റിയാന ഏതുസാഹചര്യത്തിലാണ് വീടുവിട്ടിറങ്ങിയതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന റിയാനയെ കഴിഞ്ഞ മെയ് 18 മുതലാണ് കാണാതാകുന്നത്. കേസന്വേഷണം വഴിമുട്ടുകയും പ്രതിഷേധവും സമ്മര്‍ദവും ശക്തമാകുകയും ചെയ്തപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ ഈ അന്വേഷണവും എങ്ങുമെത്താതെ തുടരവെ കഴിഞ്ഞ ദിവസം റിയാനയെ പത്തനാപുരത്ത് കണ്ടെത്തുകയായിരുന്നു
No comments:
Post a Comment