
തിരുവനന്തപുരം: മൂന്നാറിലെ നടപടികള്‍ ഇടതുമുന്നണിയില്‍ അഭിപ്രായ ഐക്യമുണ്ടാക്കിയ ശേഷം മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അടിയന്തര ഇടതു മുന്നണി യോഗം ചേരും.
മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ ഉപസമിതി തുടര്‍ നടപടി കൈക്കൊള്ളും. ഇടുക്കി ജില്ലാ കലകട്ര്‍ അശോക് കുമാര്‍ സിങ്ങിനെ മാറ്റണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭയില്‍ ആവശ്യപ്പെട്ടുവെങ്കിലും മന്ത്രിമാര്‍ യോജിച്ചില്ല. അതിനാല്‍ കലക്ടറെ മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പായില്ല. ഈ വിഷയം കൂടി മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനക്ക് വിടുകയായിരുന്നു
ഒന്നര മണിക്കൂറോളമെടുത്താണ് മന്ത്രിസഭ മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്തത്. ഹൈകോടതി വിധിയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയാണ് വിശദീകരിച്ചത്. കോടതി വിധിക്കനുസരിച്ച് കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ രാഷ്ട്രീയ തീരുമാനത്തിന് ശേഷം മതിയെന്ന അഭിപ്രായമാണ് മന്ത്രിമാര്‍ പ്രകടിപ്പിച്ചത്. മൂന്നാറില്‍ നടപടി എടുക്കേണ്ട ഉത്തരവാദിത്തം ജില്ലാ കലക്ടര്‍ക്കാണെന്നും വീഴ്ച ഉണ്ടായതിനാല്‍ കലക്ടറെ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ കലക്ടറെ ഇപ്പോള്‍ മാറ്റിയാല്‍ സര്‍ക്കാറിന് ഗുണകരമാകുമോ എന്ന് ചില മന്ത്രിമാര്‍ സംശയം പ്രകടിപ്പിച്ചു. ജില്ലാ കലക്ടര്‍ പല വിവരങ്ങളും അറിയിയിച്ചിട്ടില്ലെന്നും ഈ കലക്ടര്‍ വിശ്വസ്തനല്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ആരാണ് വിശ്വസ്തരെന്നും ആര് അധികാരത്തിലിരുന്നാലും അവരോടൊപ്പം നില്‍ക്കുകയാണ് ഐ.എ.എസുകാര്‍ ചെയ്യുകയെന്നും ചില മന്ത്രിമാര്‍ സൂചിപ്പിച്ചു. മൂന്നാറിലേക്ക് നിയോഗിച്ച ആദ്യ ദൌത്യ സംഘം തന്നെ വിശ്വസ്തരായിരുന്നില്ലെന്ന കമന്റും ഉണ്ടായി. ഒന്നാം ദൌത്യസംഘത്തെ അയച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചു. ചില പാര്‍ട്ടി ഓഫിസുകള്‍ക്ക് വരെ രവീന്ദ്രന്‍ പട്ടയമാണ്. അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുകയും കൈയേറ്റം തിരിച്ചുപിടിക്കുകയും വേണം. ഒന്നാം മൂന്നാര്‍ ദൌത്യത്തിന് തുടര്‍ച്ചയുണ്ടായില്ലെന്നും ഒഴിപ്പിക്കല്‍ തടസ്സപ്പെട്ടുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ രാഷ്ട്രീയ പിന്തുണയില്ലാതെ പോയതാണ് മൂന്നാര്‍ പരാജയത്തിന് കാരണമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. മൂന്നാറില്‍ ഉണ്ടാകേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. രാഷ്ട്രീയ സമവായത്തിന് ശേഷമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. എങ്കില്‍ മാത്രമേ കൈയേറ്റം ഒഴിപ്പിക്കാനാകൂ.
സി.പി.ഐ ഓഫിസിന് രവീന്ദ്രന്‍ പട്ടയമല്ലെന്നും വില കൊടുത്ത് വാങ്ങിയതാണെന്നും സി.പി.ഐ മന്ത്രിമാര്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതിന് പുറത്ത് ഭൂമി ഉണ്ടെങ്കില്‍ ഏറ്റെടുത്ത് കൊള്ളാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സജീവമായ ചര്‍ച്ചയാണ് മൂന്നാര്‍ വിഷയത്തില്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍, എ.കെ. ബാലന്‍, പാലോളി മുഹമ്മദ്കുട്ടി, എം. വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. 2007ലെ മൂന്നാര്‍ ഒഴിപ്പിക്കലിനോട് ബന്ധപ്പെട്ട് രൂപവത്കരിച്ചതാണ് സമിതി. മന്ത്രിസഭാ സമിതി മൂന്നാര്‍ സന്ദര്‍ശനം നടത്തുന്നതടക്കം കാര്യങ്ങള്‍ ഇടതു മുന്നണി തീരുമാനിക്കും.
കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജിലെ 17922 ഏക്കര്‍ വനഭൂമിയായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാനുള്ള നിര്‍ദേശവും മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് വിടും. ഇക്കാര്യവും മന്ത്രിസഭ പരിഗണിക്കാനിരുന്നതാണ്
No comments:
Post a Comment