Manqoos Moulid
Wednesday, January 13, 2010
ഹെയ്തിയില്‍ ഉഗ്ര ഭൂകമ്പം; വന്‍ ആള്‍നാശം
Thursday, January 14, 2010
പോര്‍ട്ടോ പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയെ തരിപ്പണമാക്കിയ ഉഗ്ര ഭൂകമ്പത്തില്‍ ലക്ഷത്തോളം പേര്‍ മരിച്ചെന്ന് സംശയിക്കുന്നതായി പ്രധാനമന്ത്രി ഴാങ് മാക്സ് പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരവും യു.എന്‍ ആസ്ഥാനവുമടക്കം തകര്‍ത്ത ഭൂകമ്പത്തില്‍ ഇന്ത്യക്കാരും പെട്ടതായി സംശയമുണ്ട്. 50ഓളം ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 'ഏഴ്' രേഖപ്പെടുത്തിയ ചലനം രണ്ടു ശതകത്തിനിടെ ഹെയ്തിയിലുണ്ടാവുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണ്. തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിലെ മിക്കവാറും കെട്ടിടങ്ങള്‍ നിലംപൊത്തി. നൂറുകണക്കിന് കോടിയുടെ നാശം വിതച്ച ഭൂകമ്പത്തിലെ ആളപായത്തെക്കുറിച്ച് കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രസിഡന്റ് റെനെ പ്രെവാലും ഭാര്യയും രക്ഷപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. പോര്‍ട്ടോ പ്രിന്‍സ് ആര്‍ച്ച്ബിഷപ്പ് സെര്‍ജി മിയോട്ട് ഭൂകമ്പത്തില്‍ മരിച്ചതായി മിഷനറിവൃത്തങ്ങള്‍ അറിയിച്ചു. ഹെയ്ത്തിയിലെ മേധാവിയടക്കം നൂറോളം യു.എന്‍ ജീവനക്കാരെ കാണാതായതായി സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വെളിപ്പെടുത്തി.
യു.എന്‍ ശാന്തിസേനയുടെ ഭാഗമായി പോര്‍ട്ടോ പ്രിന്‍സിലുണ്ടായിരുന്ന 141 ജവാന്‍മാരും സുരക്ഷിതരാണെന്ന് സി.ഐ.എസ്.എഫ് ദല്‍ഹിയില്‍ അറിയിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.53നാണ് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.23) ഭൂകമ്പം ഹെയ്തിയെ പിടിച്ചുലച്ചത്. പോര്‍ട്ടോ പ്രിന്‍സിന്റെ 15 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്ന് 5.9ഉം 5.5ഉം ശക്തിയുള്ള രണ്ടു തുടര്‍ ചലനങ്ങളുമുണ്ടായി. കൂടുതല്‍ തുടര്‍ ചലനങ്ങള്‍ ഭയന്ന് ജനങ്ങള്‍ പുറത്താണ് അന്തിയുറങ്ങിയത്. ഭൂകമ്പത്തോടെ ടെലിഫോണ്‍ സംവിധാനം നിശ്ചലമായി. ഭൂകമ്പത്തില്‍ ഒട്ടേറെ ജീവനക്കാരെ കാണാതായതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. 30 ലക്ഷം പേര്‍ ഭൂകമ്പ ബാധിതരാണെന്ന് റെഡ്ക്രോസ് അറിയിച്ചു. ഒരു കോടിയാണ് രാജ്യത്തെ ജനസംഖ്യ. അമേരിക്കയും ബ്രിട്ടനും വെനിസ്വേലയുമടക്കം ലോക രാജ്യങ്ങള്‍ സഹായ പദ്ധതികള്‍ തയാറാക്കി വരികയാണ്.
ശാന്തിസേനയില്‍ അംഗങ്ങളായ എട്ടുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും ഇവര്‍ മരിച്ചതായി സംശയിക്കുന്നതായും ചൈന വെളിപ്പെടുത്തി. 10 പേരെ കാണാതായിട്ടുമുണ്ട്. മൂന്നു ശാന്തിസേനാംഗങ്ങള്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജോര്‍ദാന്‍ സൈന്യത്തെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. നാലു ബ്രസീല്‍ സൈനികരും മരിച്ചു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്.
തലസ്ഥാനത്തെ കാഴ്ചകള്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തതാണെന്ന് പ്രസിഡന്റ് പ്രെവാല്‍ അമേരിക്കയിലെ 'മിയാമി ഹെറാള്‍ഡ്' പത്രത്തോടു പറഞ്ഞു. പാര്‍ലമെന്റ് നിലംപൊത്തി. നികുതി കാര്യാലയം തകര്‍ന്നു. സ്കൂളുകളും ആശുപത്രികളും തരിപ്പണമായെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികളുടെ പ്രിയ സങ്കേതമായ ഹോട്ടല്‍ മൊന്റാന നിലംപൊത്തിയതില്‍ 200 പേരെ കാണാതായതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. ഭൂകമ്പ ദുരിതത്തില്‍ ജനം വിലപിക്കുന്നതിനിടെ രാത്രി വ്യാപക കൊള്ള നടന്നതായും റിപ്പോര്‍ട്ടുണ്ട്.
രാത്രി തലസ്ഥാനം തീര്‍ത്തും ഇരുട്ടിലായിരുന്നെന്ന് സന്നദ്ധ സംഘടനയായ 'ഫുഡ് ഫോര്‍ ദ പുവറി'ന്റെ ഓപ്പറേഷന്‍സ് മാനേജര്‍ റഷ്മനി ഡോമര്‍സന്റ് അറിയിച്ചു. ആയിരക്കണക്കിനാളുകള്‍ ആശങ്കയും കണ്ണീരുമായി തെരുവില്‍ കുത്തിയിരിക്കുകയായിരുന്നു. കുറേപ്പേര്‍ അലമുറയിട്ട് ഓടി നടന്നു. ഇടക്കിടെ കിട്ടിയ അരണ്ട വെളിച്ചത്തില്‍ ചിലര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു ^അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ അര്‍ധ ഗോളത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായ ഹെയ്തി അടുത്തിടെ ഒട്ടേറെ ദുരന്തങ്ങള്‍ക്ക് ഇരയായിരുന്നു. 2008ല്‍ ചുഴലി കൊടുങ്കാറ്റുകളില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു.
ഹെയ്തിയിലെ ആസ്ഥാനത്തിനും മറ്റു സ്ഥാപനങ്ങള്‍ക്കും കനത്ത നാശമുണ്ടായതായി യു.എന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവനയില്‍ അറിയിച്ചു. ആസ്ഥാന മന്ദിരത്തില്‍ എത്ര പേരുണ്ടായിരുന്നെന്ന് അറിയില്ലെന്ന് യു.എന്‍ ശാന്തിസേനാ തലവന്‍ അലന്‍ ഡെ റോയ് പറഞ്ഞു.
http://www.madhyamam.com/
Subscribe to:
Post Comments (Atom)
No comments:
Post a Comment