WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, January 13, 2010

ഇടതുകണ്ണിലെ ഇരുളിന് ചികില്‍സതേടി; ഇരു കണ്ണുകളുമണഞ്ഞ് നിസാം

ഇടതുകണ്ണിലെ ഇരുളിന് ചികില്‍സതേടി; ഇരു കണ്ണുകളുമണഞ്ഞ് നിസാം
Thursday, January 14, 2010
ഷാര്‍ജ: നാലുമാസം മുമ്പ് ഇടതുകണ്ണിലെ കാഴ്ചക്കുറവിന് പരിഹാരം തേടിയ മുഹമ്മദ് നിസാമിന് ഡോക്ടര്‍ കല്‍പിച്ചത് ലേസര്‍ചികില്‍സ. വിധിപ്രകാരം ചികില്‍സ കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടുകണ്ണിലെയും വെളിച്ചം നഷ്ടപ്പെട്ട് കൂരിരുട്ടില്‍ തപ്പിത്തടയുകയാണ് ഈ അക്കൌണ്ടന്റും ജീവിതംവഴിമുട്ടിയ അദ്ദേഹത്തിന്റെ കുടുംബവും. രണ്ടുകണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടതോടെ മാസങ്ങളായി ഇദ്ദേഹത്തിന് ജോലിക്ക് പോകാനായിട്ടില്ല. നാലുമക്കളും ഭാര്യയുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ വിമാനടിക്കറ്റിന് പോലും ഗതിയില്ലാത്ത അവസ്ഥ.

അജ്മാനില്‍ അക്കൌണ്ടന്റായി ജോലി ചെയ്തിരുന്ന ശ്രീലങ്കന്‍ സ്വദേശി മുഹമ്മദ് മന്‍സൂര്‍ മുഹമ്മദ് നിസാമാണ് ഇരുള്‍മുറ്റിയ ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇടതുകണ്ണിന്റെ കാഴ്ചക്ക് സാരമായ തകരാറുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് അദ്ദേഹം ഷാര്‍ജ റോളയിലെ ഒരു ക്ലിനിക്കില്‍ ചികില്‍സതേടിയത്. ഇടതുകണ്ണിലെ കാഴ്ച വീണ്ടെടുക്കാന്‍ പ്രയാസമായതിനാല്‍ ആരോഗ്യമുള്ള വലതുകണ്ണ് ഉടന്‍ ലേസര്‍ചികില്‍സ നടത്തി സംരക്ഷിക്കാനായിരുന്നു വനിതാ ഡോക്ടറുടെ നിര്‍ദേശം. വലതുകണ്ണിലെ വെളിച്ചവും മങ്ങാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രണ്ടാഴ്ചക്കകം രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണവിധേയമാക്കി നിസാം ലേസര്‍ ചികില്‍സക്ക് വിധേയനായി. 1,400 ദിര്‍ഹമായിരുന്നു ഇതിന്റെ ചെലവ്. മൂന്ന്മാസത്തിനകം കാഴ്ച തിരികെ ലഭിക്കുമെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ ഉറപ്പ്. പക്ഷെ, ലേസര്‍ ചികില്‍സ നടത്തിയ വലതുകണ്ണിലെ വെളിച്ചം പൂര്‍ണമായി അസ്തമിക്കുന്ന ദിനങ്ങളായിരുന്നു പിന്നീട്. എന്നാല്‍, വലതുകണ്ണിലെ കാഴ്ച നഷ്ടപ്പെട്ടത് ലേസര്‍ചികില്‍സയുടെ അപാകത കൊണ്ടല്ല, മറിച്ച് ഇദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും പ്രമേഹവുമാണ് കാരണമെന്നാണ് ചികില്‍സ നടത്തിയ ഡോക്ടറുടെ വിശദീകരണം.
'നാലുമാസം മുമ്പ് വരെ എനിക്ക് എല്ലാം കാണാമായിരുന്നു, ജോലി ചെയ്യാമായിരുന്നു, ആളുകളെ തിരിച്ചറിയാമായിരുന്നു. പക്ഷെ, എന്റെ കണ്ണിലിപ്പോള്‍ ഇരുട്ട് മാത്രമാണ്'^ ഇപ്പോള്‍ കുവൈത്തി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നിസാം 'ഗള്‍ഫ് മാധ്യമ'ത്തോടു പറഞ്ഞു.

കണ്ണിലെ വെളിച്ചം തിരിച്ചുകിട്ടാന്‍ മുഹമ്മദ് നിസാം വാതില്‍ മുട്ടിയ ഡോക്ടര്‍മാര്‍ വ്യത്യസ്ത അഭിപ്രായമാണ് ഇതേകുറിച്ച് പറയുന്നത്. ലേസര്‍ചികില്‍സ അബദ്ധമായിപോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ രക്തസമ്മര്‍ദ്ദത്തെയും പ്രമേഹത്തെയും പഴിച്ചു. ഇദ്ദേഹത്തിന് കാഴ്ച തിരിച്ചുനല്‍കാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കാന്‍ ആരും തയാറാകുന്നുമില്ല. 5000 ദിര്‍ഹം വിലവരുന്ന രണ്ട് കുത്തിവെപ്പുകള്‍ നടത്തിയാല്‍ കാഴ്ച തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, 10,000 ദിര്‍ഹം ചെലവിട്ടാലും കാഴ്ച തിരികെ ലഭിക്കുമെന്ന് ഉറപ്പുനല്‍കാന്‍ ഇദ്ദേഹവും തയാറല്ല. രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നിരന്തരമായി കഴിക്കുന്ന മരുന്നുകള്‍ ഇദ്ദേഹത്തിന് നിരവധി ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ശ്രീലങ്കയില്‍ തിരിച്ചുപോയാല്‍ അവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടാന്‍ കഴിയും. പക്ഷെ, യു.എ.ഇയിലെ സാമ്പത്തിക ബാധ്യതയും, ക്രെഡിറ്റ് കാര്‍ഡും വിസ റദ്ദാക്കി തിരിച്ചുപോകുന്നതിന് വിലങ്ങുതടിയാകുന്നു.
കടങ്ങള്‍ വീട്ടി മുഹമ്മദ് നിസാമിനെയും കുടുംബത്തെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മലയാളി സുഹൃത്തുക്കള്‍. ഇതിനായി ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഇവര്‍. നിസാമിന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രാലയത്തില്‍ പരാതി നല്‍കി നഷ്ടപരിഹാരം നേടിയെടുക്കാനും ശ്രമം നടക്കുന്നുണ്ട്. നിസാമിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 050 5393118 (സക്കീര്‍), 055 8602580 (ഡെന്നിസ്) എന്നിവരെ ബന്ധപ്പെടണം.

ഷിനോജ് കെ.എസ്.
http://www.madhyamam.com/

No comments: