WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Monday, January 11, 2010

ബംഗ്ലാദേശുമായി സുരക്ഷാകരാര്‍



ഇന്ത്യ 2500 കോടി വായ്പ നല്‍കും
Tuesday, January 12, 2010
ന്യൂദല്‍ഹി: പരസ്പരബന്ധം ഊഷ്മളമാക്കി ദല്‍ഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന സുരക്ഷാ കാര്യങ്ങളില്‍ അടക്കം ഇന്ത്യയുമായി സുപ്രധാനമായ അഞ്ച് സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഒപ്പുവെക്കല്‍.
ബംഗ്ലാദേശില്‍ അഭയം തേടിയ തീവ്രവാദികളെയും രാജ്യാന്തര ഭീകരതയുടെ കണ്ണികളെന്ന് സംശയിക്കുന്നവരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടി ഇന്ത്യക്ക് കൈമാറുന്നതിനുള്ളതാണ് സുരക്ഷയുമായി ബന്ധപ്പെട്ട മൂന്നു കരാറുകളില്‍ ഒന്ന്. തടവില്‍ കഴിയുന്നവരെ കൈമാറുന്നതിനുള്ളതാണ് രണ്ടാമത്തേത്. ക്രിമിനല്‍ കുറ്റങ്ങളില്‍ പരസ്പര നിയമസഹായ ഉടമ്പടിയും രണ്ടു രാജ്യങ്ങളും ഒപ്പുവെച്ചു.

ഊര്‍ജസഹകരണം, സാംസ്കാരിക വിനിമയ പരിപാടി എന്നിവയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ച മറ്റൊരു മേഖല. നദീജലം പങ്കിടല്‍, സമുദ്രാതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിവയും ചര്‍ച്ചാ വിഷയമായി. ബംഗ്ലാദേശിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 2500 കോടി രൂപയുടെ വായ്പ ഇന്ത്യ വാഗ്ദാനം ചെയ്തു. ബംഗ്ലാദേശില്‍നിന്ന് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും റെയില്‍ ഗതാഗത സൌകര്യമൊരുക്കുന്നതിനും ഇന്ത്യ സൌകര്യം ചെയ്യും.
കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ശൈഖ് ഹസീന ഇന്ത്യയില്‍ എത്തുന്നത്. ഹസീന ചുമതലയേറ്റ ശേഷം ഇന്ത്യയും ബംഗ്ലാദേശുമായുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ഇന്ന് ശൈഖ് ഹസീനക്ക് സമ്മാനിക്കും.

നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഞായറാഴ്ച ദല്‍ഹിയിലെത്തിയ ഹസീനക്ക് ഇന്നലെ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നല്‍കി. ശൈഖ് ഹസീന പിന്നീട് രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സാര്‍ക്ക്, വ്യാപാര ബന്ധങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
രാഷ്ട്രപതിഭവനിലെ സ്വീകരണത്തിന് ശേഷം ശൈഖ് ഹസീന മഹാത്മാഗാന്ധിയുടെ സമാധിസ്ഥാനമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍ റഹ്മാന്റെ ഇളയ മകള്‍ ശൈഖ് റഹാന, പ്രധാനമന്ത്രിയുടെ മകന്‍ സാജിദ് വാജിദ് ജോയ്, വിദേശമന്ത്രി ഡോ. ദിപു മോനി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

എ.എസ്. സുരേഷ്കുമാര്‍
http://www.madhyamam.com/

No comments: