WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Monday, January 18, 2010

വലിയ അനുഭവങ്ങളുമായി 'കുട്ടിപ്പോലീസ് '


കുട്ടിപ്പോലീസി'ന് കടപ്പാട് മുഴുവന്‍ സാക്ഷാല്‍ ശബരിമല ശ്രീ ധര്‍മശാസ്താവിനോടാണ്. ശബരിമല സീസണല്ലായിരുന്നുവെങ്കില്‍ പോലീസിന് ഇത്രയും ആള്‍ക്ഷാമം വരില്ലായിരുന്നു. അങ്ങനെയാവുമ്പോള്‍ കുട്ടിപ്പോലീസിന്റെ ആവശ്യവും വരില്ലായിരുന്നു.ചെറു പോലീസായിട്ടെങ്കിലും കലോത്സവക്കാലത്ത് നഗരത്തെ നിയന്ത്രിക്കാനുള്ള അവസരം തന്നത് അയ്യപ്പസ്വാമിയാണെന്നാണ് ഒരു കുട്ടിപ്പോലീസ് അഭിപ്രായപ്പെട്ടത്. ടാഗോര്‍ഹാളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റിനെ ആദരിക്കുന്ന വേദിയിലാണ് കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ഇങ്ങനെ ഒരു അവസരം തന്നതിന് എല്ലാവരും സിറ്റി പോലീസ് കമ്മീഷണറോട് നന്ദി പറഞ്ഞപ്പോള്‍ അറബി കലോത്സവ വേദിയിലെ കുട്ടിപ്പോലീസുകാരികള്‍ അറുത്തുമുറിച്ചു പറഞ്ഞു: ''അറിയാത്ത ഭാഷയും കേട്ട് നാലു ദിവസം കഴിച്ചുകൂട്ടിയതിനു കമ്മീഷണര്‍ ഇങ്ങോട്ടാണ് നന്ദി പറയേണ്ടത്.''

ഒരു കാര്യം സമ്മതിക്കാന്‍ ആരും മടികാണിച്ചില്ല. പോലീസിന്റെ ജോലി വലിയ പ്രയാസമുള്ളതുതന്നെ! എല്ലാം നേരില്‍ അനുഭവിക്കാനായത് ചെറിയ കാര്യമല്ലെന്നു കുട്ടികള്‍ പറഞ്ഞു. ഒപ്പം വനിതാപോലീസുകാരില്‍ ചിലരെ കളിയാക്കാനും അവര്‍ സമയം കണ്ടെത്തി.

ഏഴു ദിവസമണിഞ്ഞ നീലയും ചുവപ്പും നിറത്തിലുള്ള യൂണിഫോം അഴിച്ചുവെക്കേണ്ടതിലാണ് ചിലര്‍ക്കു വിഷമം. ബസ്സിലും റോഡിലും മാത്രമല്ല അയല്‍വീടുകളില്‍പ്പോലും ഇതുവരെ വലിയ ഗമയായിരുന്നു! ഇവിടെ പഠിച്ച അച്ചടക്കത്തിന്റെ പാഠങ്ങള്‍ തങ്ങള്‍ ജീവിതത്തില്‍ കൂടെക്കൊണ്ടുപോവുകയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ഇനിയും ഏതാവശ്യത്തിനും കൂടെയുണ്ടാകുമെന്ന് മറ്റുചിലര്‍ പോലീസിന് ഉറപ്പുനല്‍കി.

കുട്ടിപ്പോലീസിനു പരിശീലനം നല്‍കിയ വലിയ പോലീസും ഓരോ വേദിയിലും വിദ്യാര്‍ഥിസേനയോടൊത്ത് ജോലിചെയ്ത അധ്യാപകരും അനുഭവങ്ങള്‍ പങ്കുവെച്ചു. ചെറിയ ചില പിഴവുകളൊഴിച്ചാല്‍ എല്ലാവര്‍ക്കും പറയാനുള്ളത് നല്ലതുമാത്രം. ട്രാഫിക് നിയന്ത്രണത്തിലും മുഖംനോക്കാതെ അച്ചടക്കം നടപ്പാക്കുന്നതിലും കുട്ടിപ്പോലീസ് കാണിച്ച ശുഷ്‌കാന്തിയെ കമ്മീഷണറുള്‍പ്പെടെയുള്ളവര്‍ അകമഴിഞ്ഞ് അഭിനന്ദിച്ചു. അധ്യാപകരോരോരുത്തരും 'ഞങ്ങളുടെ കുട്ടികള്‍' എന്നാണ് കുട്ടിപ്പോലീസിനെ സ്നേഹത്തോടെ സൂചിപ്പിച്ചത്.

സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കെ.ആര്‍. പ്രേമചന്ദ്രന്‍, സി.എം. പ്രദീപ്കുമാര്‍ എന്നിവര്‍ മുഴുവന്‍ സമയവും കുട്ടികളോടൊപ്പം ചേര്‍ന്നു.
http://www.mathrubhumi.com/localnews/story.php?id=109477

No comments: