Manqoos Moulid
Monday, January 4, 2010
വിസ്മയ ഗോപുരം തുറന്നു; ഇനി ബുര്‍ജ് ഖലീഫ
Tuesday, January 5, 2010
ദുബൈ: ലോക റെക്കോഡുകളുടെ സ്വര്‍ണകിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി ദുബൈയുടെ വിസ്മയഗോപുരം ലോകത്തിന് സമര്‍പ്പിച്ചു. ഇന്നലെ രാത്രി എട്ടിന് നടന്ന വര്‍ണാഭമായ ചടങ്ങില്‍ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഈ സ്വപ്നസൌധം ഉദ്ഘാടനം ചെയതത്. രാഷ്ട്രനായകനോടുള്ള ആദരസൂചകമായി 'ബുര്‍ജ് ദുബൈ' ഇനി 'ബുര്‍ജ് ഖലീഫ' എന്നപേരിലാണ് അറിയപ്പെടുകയെന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
ബുര്‍ജ് ഖലീഫയുടെ ഉയരം സംബന്ധിച്ച് ആറു വര്‍ഷമായി കാത്തുസൂക്ഷിച്ച രഹസ്യത്തിനും ഇന്നലത്തെ ഉദ്ഘാടനച്ചടങ്ങോടെ വിരാമമായി. അംബരചുംബികളുടെ നാടിന് ലോകചരിത്രത്തില്‍ മുന്‍നിര സ്ഥാനം നല്‍കുന്ന ചില്ലുകൊട്ടാരത്തിന് 828 മീറ്ററാണ് ഉയരമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ സ്ഥാനാരോഹണത്തിന് നാലാണ്ട് പൂര്‍ത്തിയാവുന്ന സുദിനത്തിലാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട ഗോപുരത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ദുബൈക്കും യു.എ.ഇക്കും സ്വന്തം.
ഉദ്ഘാടന പ്രഖ്യാപനത്തോടൊപ്പം ബുര്‍ജിന്റെ ഭിത്തികളില്‍നിന്ന് വിരിഞ്ഞ വര്‍ണക്കാഴ്ച രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവമായി. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ഏഴോളം ലോക റെക്കോര്‍ഡുകളിലേക്ക് കൂടിയാണ് ബുര്‍ജ് ദുബൈയുടെ വാതായനങ്ങള്‍ ഇന്നലെ തുറന്നത്. ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടം, താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം, കൂടുതല്‍ നിലകളുള്ള കെട്ടിടം, കൂടുതല്‍ ഉയരത്തില്‍ പാര്‍പ്പിടങ്ങളുള്ള കെട്ടിടം, എറ്റവും ഉയരത്തില്‍നിന്ന് പുറംകാഴ്ചകള്‍ ആസ്വദിക്കാവുന്ന കെട്ടിടം, കൂടുതല്‍ ദൂരത്തില്‍ സഞ്ചരിക്കുന്ന എലിവേറ്റര്‍, നീളം കൂടിയ എലിവേറ്റര്‍ തുടങ്ങിയവയും ഇനി ബുര്‍ജ് ഖലീഫക്ക്് സ്വന്തമാണ്.
തയ്വാനിലെ 1,667 അടി ഉയരമുള്ള 'തായ്പേയ് 101'ന്റെ റെക്കോര്‍ഡാണ് ഇന്നലെ ബുര്‍ജ് ദുബൈ തകര്‍ത്തത്. 1044 അപ്പാര്‍ട്ടുമെന്റുകളും, 49 നില ഓഫീസ് കെട്ടിടങ്ങളും അടങ്ങുന്ന ബുര്‍ജ് ദുബൈയുടെ 124ാം നിലയില്‍ ഒരുക്കിയ 'ഒബ്സര്‍വേറ്ററി ഡെക്കി'ല്‍ ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സന്ദര്‍ശനം അനുവദിച്ചിരുന്നു. ഒരു മിനിറ്റുകൊണ്ട് 123 നിലകള്‍ താണ്ടിയെത്തിയപ്പോഴുള്ള ദുബൈ കാഴ്ച ശരിക്കും വിസ്മയിപ്പിക്കുന്നതായിരുന്നു.
യു.എ.ഇയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ 'ഇമാര്‍ പ്രോപ്പര്‍ട്ടീസാ'ണ് 2004 സെപ്തംബര്‍ 21ന് ആരംഭിച്ച 'ബുര്‍ജ് ദുബൈ'യുടെ നിര്‍മാണ മേല്‍നോട്ടം നിര്‍വഹിച്ചത്. ചിക്കാഗോയിലെ പ്രശസ്ത ആര്‍ക്കിടെക്റ്റ് അഡ്രിയാന്‍ സ്മിത്ത് വിസ്മയഗോപുരത്തിന് രൂപകല്‍പനയും നല്‍കി. 12,000 ത്തോളം തൊഴിലാളികളുടെ രാപകല്‍ അധ്വാനമാണ് 2000 കോടി ഡോളര്‍ ചെലവില്‍ ആറ് വര്‍ഷം കൊണ്ട് ഈ സ്വപ്നസൌധം സാക്ഷാത്കരിച്ചത്. ഇവരിലേറെയും ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്നു. 380 എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ 2.20 കോടി മണിക്കൂര്‍ മനുഷ്യാധ്വാനം ഇതിനായി ഉപയോഗിച്ചതായാണ് കണക്ക്.
റഹ്മാന്‍ എലങ്കമല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment