Tuesday, January 19, 2010
ദമ്മാം: തുഖ്ബയിലെ മലയാളികളുടെ ബക്കാലകളില്‍ കഴിഞ്ഞ ദിവസം കത്തിചൂണ്ടി കവര്‍ച്ച നടന്നു. മലപ്പുറം ചെമ്മാട് അരിത്തോട് സ്വദേശി ഹസന്‍ ജോലി ചെയ്യുന്ന ബക്കാലയില്‍ ഇന്നലെയാണ് കവര്‍ച്ച നടന്നത്. സ്വദേശികളെന്ന് തോന്നിക്കുന്ന മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ആദ്യം ഒരു യുവാവ് കടയില്‍ കയറി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കട മുഴുവന്‍ ചുറ്റി നടന്ന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മറ്റു രണ്ടുപേരെ ഫോണില്‍ വിളിക്കുകയായിരുന്നെന്ന് ഹസന്‍ പറഞ്ഞു.
തുടര്‍ന്ന് കടയിലെത്തിയ രണ്ട് യുവാക്കള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും എതിര്‍ത്തപ്പോള്‍ കുത്താനും ശ്രമിച്ചത്രെ. പിന്നീട് കാഷ് കൌണ്ടറില്‍ കയറി മേശയിലുണ്ടായിരുന്ന 2,000ത്തോളം റിയാലും 2000 റിയാല്‍ വില വരുന്ന മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും എടുത്തുകൊണ്ട് ഓടിയതായി ഹസന്‍ പറയുന്നുു. ഹസന്റെ സ്പോണ്‍സര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും കവര്‍ച്ചക്കാര്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം ഒടിച്ചയാളെയും വാഹനവും ഇന്നലെ തന്നെ പിടിച്ചെടുത്തതായും ഹസന്‍ പറഞ്ഞു.
സമാനമായ രീതിയില്‍ രണ്ടുദിവസം മുമ്പ് അക്റബീയ്യയിലെ മലയാളിയുടെ ബക്കാലയിലും കവര്‍ച്ച നടന്നിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് നടത്തുന്ന ബഖാലയിലാണ് സംഭവം. കത്തികാണിച്ച് കടയില്‍ കടന്ന സംഘം 2,800 റിയാലോളം വരുന്ന മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും പണവും കവര്‍ന്നതായി ഷിഹാദ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടിയതായി അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ മേഖലകളിലെ ബക്കാലകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരാള്‍ മാത്രം ജോലിക്കുള്ള കടകള്‍ കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്തുന്ന്. കാഷ് കൌണ്ടറില്‍ കൂടുതല്‍ പണം സൂക്ഷിക്കാതിരിക്കുകയും ആവശ്യത്തില്‍ കൂടുതല്‍ മൊബൈ ല്‍ റീചാര്‍ജ് കൂപ്പണുകള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്ന സ്ഥലങ്ങളില്‍ വെക്കാതിരിക്കുകയും വേണമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
No comments:
Post a Comment