Tuesday, January 5, 2010
മലപ്പുറം: ചെലവിന് നല്‍കാത്തതിന് നല്‍കിയ പരാതിയില്‍ നാലുമാസം തടവുശിക്ഷ ലഭിച്ച ഭര്‍ത്താവിനോട് സഹതാപം തോന്നിയ ഭാര്യ പിണക്കം മറന്ന് പരാതി പിന്‍വലിച്ചു. ഇതോടെ ജയിലില്‍ പോകേണ്ട ഭര്‍ത്താവ് ഭാര്യയോടൊപ്പം വീട്ടില്‍ പോകുന്നതിന് കോടതി സാക്ഷ്യം വഹിച്ചു.
ഇന്നലെ മലപ്പുറം കുടുംബ കോടതിയിലാണ് സംഭവം. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി റുഖിയ നല്‍കിയ പരാതിയിലാണ് ഭര്‍ത്താവ് കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ അസീസിന് നാലുമാസം തടവു ശിക്ഷ വിധിച്ചത്. തനിക്കും മക്കള്‍ക്കും ചെലവിന് നല്‍കുന്നില്ലെന്ന റുഖിയയുടെ പരാതിയില്‍ 2,400 രൂപ പ്രതിമാസം നല്‍കാന്‍ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ഇതു നല്‍കാന്‍ അസീസ് തയാറാകാത്തതിനെ തുടര്‍ന്ന് റുഖിയ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി വാറണ്ട് പുറപ്പെടുവിക്കുകയും അസീസിനെ അറസ്റ്റു ചെയ്ത് ഇന്നലെ ഹാജരാക്കുകയും ചെയ്തു. ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‍കാന്‍ നിവൃത്തിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെജയിലിലേക്കയക്കാന്‍ കുടുംബ കോടതി ജഡ്ജി കെ.വി. മോഹന്‍ ഉത്തരവിട്ടു. വിധി കേട്ട റുഖിയക്ക് സഹതാപം തോന്നുകയും കോടതിക്കു പുറത്തുവെച്ച് ഭര്‍ത്താവിനോടുള്ള പിണക്കം പറഞ്ഞു തീര്‍ക്കുകയുമായിരുന്നു.
വിവാഹ സമയത്ത് വാങ്ങിയിരുന്ന സ്വര്‍ണാഭരണവും രൂപയും തിരിച്ചു നല്‍കാമെന്നും ഭാര്യയെയും മക്കളെയും സംരക്ഷിച്ചുകൊള്ളാമെന്നും അസീസും ഉറപ്പു നല്‍കി. ഒന്നിച്ചു ജീവിക്കാന്‍ തയാറാണെന്ന് കാണിച്ച് ഇരുവരും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് അസീസിനെ ഭാര്യയോടൊപ്പം അയക്കാന്‍ കോടതി അനുവാദിച്ചു. റുഖിയക്കുവേണ്ടി അഡ്വ. കെ.വി. പ്രേമ ഹാജരായി.
No comments:
Post a Comment