WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, January 17, 2010

ചുവന്ന നക്ഷത്രം പൊലിഞ്ഞു, ബസു ഇനി ഓര്‍മ


കൊല്‍ക്കത്ത: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കു വഹിച്ച മുതിര്‍ന്ന നേതാവ് ജ്യോതി ബസു (96) അന്തരിച്ചു. 1977 മുതല്‍ തുടര്‍ച്ചയായ 23 വര്‍ഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ചര്വിതംകുറിച്ച ബസു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ഇന്ന് രാവിലെ 11.45നായിരുന്നു അന്ത്യം.
1914ല്‍ കൊല്‍ക്കത്തയിലെ ഉയര്‍ന്ന ഇടത്തരം കുടുംബത്തില്‍ ജനിച്ച ബസു, ബിരുദ പഠനത്തിന് ശേഷം നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയി. ബ്രിട്ടനിലെ ജീവിതമാണ് ജ്യാാേതി ബസു എന്ന വിപ്ലവകാരിയേയും തൊഴിലാളി നേതാവിനേയും സൃഷ്ടിക്കുന്നത്. കമ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ രജനി പാം ദത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി ബസു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രെയ്റ്റ് ബ്രിട്ടനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു.
പഠനം പൂര്‍ത്തിയാക്കി 1940 ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനായി മാറി. 1946 ലാണ് അദ്ദേഹം ആദ്യമായി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഒട്ടേറെ സമരങ്ങള്‍ നയിച്ച ബസു, റെയില്‍വെ ജീവനക്കാരേയും അധ്യാപകരേയും സംഘടിപ്പിച്ചു നടത്തിയ നിരന്തര സമരങ്ങളാണ് അദ്ദേഹത്തെ ജനകീയനാക്കിയത്്. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റിന്റെ ഭാഗമായി നിന്ന ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാളാണ് ജ്യോതി ബസു. 1967 ലും 69 ലും ബംഗാള്‍ ഉപമുഖ്യമന്ത്രിയായ ബസു 1972 ലെ തെരഞ്ഞടുപ്പിലാണ് പരാജയത്തിന്റെ രുചിയറിയുന്നത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചില്ല. തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ 1977ല്‍ പുതിയ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതു വരെ അസംബ്ലി ബഹിഷ്കരിക്കുകയായിരുന്നു.
1977 ജൂണ്‍ 21ന് ആണ് ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ ഇടതുപക്ഷം ഭരണത്തിലേറുന്നത്. അവിടുന്നിങ്ങോട്ട് തുടര്‍ച്ചയായി അഞ്ചുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. 2000 നവംബര്‍ ആറിന് മുഖ്യമന്ത്രിപദം ബുദ്ധദേവ് ഭട്ടാചാര്യക്ക് ഒഴിഞ്ഞുകൊടുത്ത് റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍നിന്ന് അദ്ദേഹം പടിയിറങ്ങിയത് ചരിത്രത്തിലേക്കായിരുന്നു. ബാലറ്റിലൂടെ തുടര്‍ച്ചയായി ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന ലോക റെക്കോഡ് കുറിച്ചുകൊണ്ടായിരുന്നു ആ പടിയിറക്കം.
952, 57, 62, 67, 69, 71 വര്‍ഷങ്ങളില്‍ ബാരാനഗര്‍ മണ്ഡലത്തില്‍ നിന്നും 77, 82, 87, 91, 96 വര്‍ഷങ്ങളില്‍ സത്ഗാചിയയില്‍നിന്നും നിയമസഭാംഗമായ അദ്ദേഹം ഒരിക്കല്‍ മാത്രം തോറ്റു. 1972ല്‍ ബാരാനഗറില്‍ സി.പി.ഐയുടെ ശിബ്ദാസ് ഭട്ടാചാര്യയോട്.
1997 ല്‍ , താന്‍ പ്രധാനമന്ത്രി ആകേണ്ടതില്ലെന്നും പാര്‍ട്ടി അധികാരത്തില്‍ പങ്കുചേരേണ്ടതില്ലെന്നുമുള്ള സി.പി.എം നേതൃത്വത്തിന്റെ തീരുമാനത്തെ 'ചരിത്രപരമായ മണ്ടത്തര'മെന്ന് ബസു ധീരമായി പരിഹസിച്ചത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അധികാരക്കൊതിയോ പദവിമോഹമോ കൊണ്ടായിരുന്നില്ല ബസുവിന്റെ ഈ നീരസപ്രകടനം. മിക്ക ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്കും ലഭിച്ചിരുന്നതിനേക്കാള്‍ വിപുലമായ അധികാരവും സ്വാധീനവും സ്വന്തം സംസ്ഥാനത്ത് തന്നെ അനുഭവിക്കാന്‍ ബസുവിന് ഭാഗ്യം സിദ്ധിച്ചിരുന്നു. എന്നാല്‍, കൊല്‍ക്കത്തയില്‍ സംതൃപ്തനായിരുന്നു ബസു. തന്റെ ചുവപ്പുകോട്ടയിലിരുന്ന് ദല്‍ഹിയിലെ ചെങ്കോട്ടയിലെ അധികാര വാഴ്വുകാരില്‍ നടുക്കം പകരാന്‍ മാത്രം കരുത്ത് ആ വ്യക്തിപ്രഭാവത്തില്‍ സന്നിഹിതമായിരുന്നു. അതായിരുന്നു ജ്യോതി ബസു. ദീര്‍ഘകാലം സി.പി.എം. പോളിറ്റ്ബ്യൂറോ അംഗമായിരുന്നു ബസുവിനെ അദ്ദേഹത്തിന്റെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് പോളിറ്റ്ബ്യൂറോയില്‍നിന്ന് വിടുതല്‍ നല്‍കിയിരുന്നു. എങ്കിലും പി.ബിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു അദ്ദേഹം

No comments: