WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, January 2, 2010

അവര്‍ പറയുന്നു; മതിയാക്കാറായി ഈ ശത്രുത


അവര്‍ പറയുന്നു; മതിയാക്കാറായി ഈ ശത്രുത
Sunday, January 3, 2010
ഒറെയ്ല്‍ ഇസ്രായേലി ജൂതനാണ്. മര്‍യം ഫലസ്തീനിയും. ഇരുവര്‍ക്കും എട്ട് വയസ്. ഒരു വര്‍ഷമായി ജറൂസലെമിലെ അല്‍യാന്‍ ആശുപത്രിയില്‍ അടുത്തടുത്ത മുറികളിലാണ് അവര്‍. ഒരു വര്‍ഷം മുമ്പ് ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തിലാണ് അവള്‍ മരണാസന്നയായത്. ഹമാസ് മിസൈല്‍ ആക്രമണത്തില്‍ അവനും. ആശുപത്രി വാസം അവരെ നല്ല കൂട്ടുകാരാക്കി. പരസ്പരം അറിയാനും വിദ്വേഷം കളയാനുമുള്ള അവസരം ഒപ്പമുള്ളവര്‍ക്കും അവര്‍ നല്‍കി...ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ ഇതെയ്ന്‍ ബ്രോനര്‍ പകര്‍ത്തുന്നു, അസാധാരണമായ ആ കഥ
അവനിത്തിരി കുറുമ്പനാണ്. അവള്‍ ചിരിക്കുടുക്കയും. ആശുപത്രിയിലെ അടുത്തടുത്ത മുറികളിലെ താമസമാണ് അവരെ ചങ്ങാതികളാക്കിയത്. സമയം കിട്ടുമ്പോഴെല്ലാം അവര്‍ ഒന്നിച്ചിരിക്കും. ടി.വികാണും. കഥ പറയും. പാട്ടുപാടും. ഇടക്ക്, അവരുടെ രക്ഷിതാക്കള്‍ വീട്ടില്‍നിന്ന് പലഹാരവുമായി വരും. ഒന്നിച്ചിരുന്ന് അവരത് കഴിക്കും. അവന്റെ അമ്മയുണ്ടാക്കുന്ന വഴുതനക്കറി അവള്‍ക്കിഷ്ടമാണ്. അവളുടെ ഉപ്പ കൊണ്ടുവരുന്ന ആട്ടിറച്ചിയും ചോറും അവനുമിഷ്ടം.
അവന്റെ പേര് ഒറെയ്ല്‍. അവള്‍ മര്‍യം. ഇരുവര്‍ക്കും എട്ടു വയസ്സ്. ഒരു വര്‍ഷമായി ഇസ്രായേലിലെ അല്‍യാന്‍ ആശുപത്രിയാണ് അവരുടെ വീട്. ഇസ്രായേല്‍ തൊടുത്തുവിട്ട മിസൈലാക്രമണത്തില്‍ ശരീരം അനക്കമറ്റാണ് ഫലസ്തീനന്‍കാരിയായ അവള്‍ അവിടെയെത്തിയത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇസ്രായേലി ജൂത വിഭാഗത്തില്‍പെടുന്ന ഒറെയ്ല്‍ ആശുപത്രിയിലെത്തിയത്.
'അവനൊരു കുരുത്തംകെട്ട ചെക്കനാ'^ ഒറെയ്ലിനെക്കുറിച്ച് മര്‍യം ചെറു ചിരിയോടെ പറയുന്നു. അവള്‍ അതിലും കുരുത്തക്കേടാണ്'^ മര്‍യത്തിന് അവന്റെ സര്‍ട്ടിഫിക്കറ്റ്. വീല്‍ചെയര്‍ ഉരുട്ടിയെത്തുന്ന മര്‍യത്തിനും ഒറെയ്ലിനും ഇപ്പോള്‍ ആശുപത്രി ഇടനാഴിയാണ് കളിമുറ്റം.
ഒരു വര്‍ഷം മുമ്പ് അവിടെയെത്തുമ്പോള്‍ ഒറെയ്ലിന് നടക്കാനോ മിണ്ടാനോ കാണാനോ കേള്‍ക്കാനോ കഴിയുമായിരുന്നില്ല. തലച്ചോറിന്റെ പാതി പ്രവര്‍ത്തനക്ഷമമായിരുന്നില്ല. അവന്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിച്ചില്ല. ഇപ്പോള്‍ , അവന്റെ മാറ്റത്തില്‍ അവര്‍ക്ക് അദ്ഭുതം. കളിയും ചിരിയുമായി അവന്‍ അതിവേഗം ജീവിതം തിരിച്ചുപിടിക്കുന്നു.
തല മാത്രം ചലിക്കുന്ന അവസ്ഥയിലാണ് മര്‍യം ആശുപത്രിയില്‍ വന്നത്. നട്ടെല്ല് കഴുത്തില്‍വെച്ച് മുറിഞ്ഞിരുന്നു.നിശ്ചയദാര്‍ഢ്യവും അടങ്ങാത്ത ഊര്‍ജവും ധൈര്യവുമാണ് അവളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീല്‍ചെയറില്‍ ഘടിപ്പിച്ച ബട്ടന്‍ താടികൊണ്ട് തള്ളിയാണ് അവളുടെ ചലനം.
അവരുടെ ചങ്ങാത്തം മാതാപിതാക്കളിലേക്കും പകര്‍ന്നിട്ടുണ്ട്. ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുമ്പോഴും അവരുടെ രക്ഷിതാക്കളും ബന്ധുക്കളും പരസ്പരം സഹായിക്കുന്നു. മക്കളുടെ ആയുസ്സിനായി ഒന്നിച്ച് പ്രാര്‍ഥിക്കുന്നു.
'മക്കളുടെ മുറിവും വേദനയുമാണ് ഞങ്ങളെ അടുപ്പിച്ചത്'^ മകന്റെ കട്ടിലിലിരുന്ന് ഒറെയ്ലിന്റെ മാതാവ് എയ്ഞ്ചല എലിസാറോവ് പറയുന്നു. 'അവര്‍ ഗാസയില്‍നിന്നുള്ളവരാണ്. ഞാന്‍ ബിര്‍ഷേബക്കാരിയും. അവര്‍ അറബികളാണ്. ഞാന്‍ ജൂതയും. പക്ഷേ, അതിലെന്ത് കാര്യമാണുള്ളത്? ഈ പറയുന്ന വ്യത്യാസങ്ങളിലൊന്നും ഒരര്‍ഥവുമില്ല. അവരെന്റെ മകനെ നോക്കുന്നു. ഞാനവരുടെ മകളെയും'^ എയ്ഞ്ചല പറയുന്നു. ഗാസയിലെ നിര്‍മാണ തൊഴിലാളി ഹംദി അമന്റെ മകളാണ്. മര്‍യം. ആറു വയസ്സുള്ള ഇളയ മകന്‍ മഅ്മൂനുമൊപ്പം ആശുപത്രിയിലാണ് 32കാരനായ ഹംദിന്റെ താമസം. തൊഴിലില്ലാത്തതിനാല്‍ ചികില്‍സയും മറ്റും ബുദ്ധിമുട്ടാണ്. എയ്ഞ്ചലയും ആശുപത്രി ജീവനക്കാരുമൊക്കെയാണ് ഹംദിനെ സഹായിക്കുന്നത്. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സര്‍ക്കാറും ചെറിയ തുക നല്‍കുന്നു.
ഒരു വര്‍ഷം മുമ്പാണ് ഹംദിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തമുണ്ടായത്. ഭാര്യയും മൂന്നു മക്കളുമൊപ്പം കാറിലിരിക്കുമ്പോഴാണ് ഇസ്രായേല്‍ ജെറ്റ് വിമാനങ്ങള്‍ തീ തുപ്പിയത്. രണ്ട് മിസൈലുകള്‍ ഒന്നിച്ച് കാറിനു മുന്നില്‍ പതിച്ചു. മൂത്ത മകനും ഭാര്യയും തല്‍ക്ഷണം മരിച്ചു. മര്‍യം കാറില്‍നിന്ന് തെറിച്ചു പുറത്തേക്ക് വീണു.
അല്‍യാന്‍ ആശുപത്രി അടുത്തായിരുന്നു. രക്തത്തില്‍ കുളിച്ച മര്‍യത്തെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആശുപത്രിയിലെത്തി ചികില്‍സ വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ വരുന്ന ഹമാസ് നേതാവ് അഹ്മദ് ദൌദിന്റെ കാറിനെ ലക്ഷ്യമിട്ട് തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ ഹംദിന്റെ കാറില്‍ പതിക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. ഇസ്രായേലി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ നിരവധി സന്നദ്ധ സംഘടനകള്‍ സഹായത്തിനെത്തി. മര്‍യത്തെ അടുത്തുള്ള ഹീബ്രു^അറബിക് ഉഭയഭാഷാ വിദ്യാലയത്തില്‍ അയക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്.
ഗസ്സ യുദ്ധകാലത്താണ് ഒറെയ്ലിന് അപകടമുണ്ടായത്. താല്‍ക്കാലിക ഷെല്‍ട്ടറില്‍ നിന്ന് കാറില്‍ മകനുമായി വീട്ടിലേക്ക് പോവുകയായിരുന്നു എയ്ഞ്ചല. പൊടുന്നനെ അപകടസൈറണ്‍ മുഴങ്ങി. കാര്‍ നിര്‍ത്തി മകനുമായി പുറത്തിറങ്ങിയ അവര്‍ മണ്ണില്‍ കമിഴ്ന്നു കിടന്നു. സ്ഫോടന ശബ്ദം കേട്ട് തല ഉയര്‍ത്തിയ അവര്‍ കണ്ടത് തല നിറയെ ചോര പടര്‍ന്നിരിക്കുന്ന മകനെയാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈയൊഴിഞ്ഞു. നഴ്സായിരുന്ന അവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ആറു ശസ്ത്രക്രിയകള്‍ക്കുശേഷം ചെറിയ മാറ്റമുണ്ടായി. ഇപ്പോള്‍ അവന് നടക്കാനും പഠിക്കാനും കഴിയും.
ജൂത സമുദായക്കാരാണ് ആശുപത്രി ജീവനക്കാരിലേറെയും. എന്നാല്‍, സ്നേഹത്തോടെയാണ് അവരുടെ പെരുമാറ്റമെന്ന് ഹംദ് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ജീവിതം തകര്‍ത്ത ജൂതര്‍ക്കൊപ്പം എങ്ങനെ കഴിയുന്നു എന്ന് ചോദിച്ചപ്പോള്‍ ഹംദ് ഇങ്ങനെ പറഞ്ഞു: എല്ലാവരും മനുഷ്യരാണ്. ദുരന്തമുണ്ടാവുമ്പോള്‍ ആരും മതവും വംശവും നോക്കാറില്ല'^
ആശുപത്രിയിലെ മര്‍യത്തിന്റെ മുറി വല്ലപ്പോഴുമേ അടക്കാറുള്ളൂ എന്ന് ഹംദ് പറയുന്നു. എപ്പോഴും സന്ദര്‍ശകരുണ്ടാവും. മറ്റ് മുറികളിലുള്ളവര്‍. സന്നദ്ധ പ്രവര്‍ത്തകര്‍. ജീവനക്കാര്‍. മിക്കവാറും ജൂതര്‍.
'ഞാനൊരു കടുത്ത വലതുപക്ഷ സിയോണിസ്റ്റായാണ് വളര്‍ന്നത്. അറബികള്‍ ഞങ്ങളെ കൊല്ലന്‍ പിറന്നവരാണെന്നാണ് ഞാന്‍ പഠിച്ചത്. എന്നാല്‍, ആശുപത്രി ജീവിതം എന്റെ ധാരണകള്‍ തിരുത്തി. ഇവിടെ എനിക്ക് ഒരുപാട് അറബ് സുഹൃത്തുക്കളുണ്ട്'^ മര്‍യത്തിന്റെ അടുത്ത മുറിയിലെ കുട്ടിയുടെ പിതാവ് ആഷര്‍ ഫ്രാങ്കോ പറയുന്നു.'പരസ്പര വൈരം മതിയാക്കേണ്ടകാലം കഴിഞ്ഞു. അതാണ് നമ്മള്‍ പഠിക്കേണ്ടത്. എത്രകാലമാണ് നമ്മളിങ്ങനെ സഹിക്കുക?'^ എയ്ഞ്ചല കൂട്ടിച്ചേര്‍ക്കുന്നു

No comments: