ജിദ്ദ: കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി ശംസുദ്ദീന്റെ (30) ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. എങ്കിലും ഇന്നലെ രാത്രി വൈകിയും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വയറ്റിലും നെഞ്ചിലും ഉള്‍പ്പെടെ അഞ്ച് കുത്തുകളേറ്റ ശംസുദ്ദീനെ വെള്ളിയാഴ്ച രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ ഉച്ചക്ക് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മാറ്റുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പരിക്കിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്താണ് മാറ്റാതിരുന്നത്. അതേസമയം, വെള്ളിയാഴ്ച രാത്രി തന്നെ കുത്തേറ്റ തമിഴ്നാട് സ്വദേശി മുഹമ്മദ് മീരാന്‍ ഷാ (35)യും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹത്തെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
വെള്ളിയാഴ്ച രാത്രി ശറഫിയ ഇസ്കന്‍ ബില്‍ഡിംഗിനു സമീപം ശാര തൌബയില്‍ വെച്ചാണ് ഇരുവര്‍ക്കും വ്യത്യസ്ത സമയങ്ങളില്‍ കുത്തേറ്റത്. ഇതുസംബന്ധിച്ച് ഇന്നലെ 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരി മഞ്ഞപ്പറ്റ കുന്നുമ്മല്‍ വീട്ടില്‍ തേനെമൂച്ചി ഉണ്ണിഹസന്റെ മകനായ ശംസുദ്ദീന് വയറ്റിലേറ്റ കുത്ത് ഗുരുതരമാണ്. ഇതിനുപുറമെ നെഞ്ചിനും മറ്റുമായി നാല് കുത്തുകള്‍ കൂടിയുണ്ട്. വീട്ടു ഡ്രൈവറായ ശംസുദ്ദീന്‍ സുഹൃത്തും നാട്ടുകാരനുമായ കളത്തിങ്ങല്‍ ഉണ്ണിയെ സന്ദര്‍ശിച്ച ശേഷം താമസ സ്ഥലത്തേക്ക് തിരിച്ചുപോകാനായി വാഹനം കാത്തുനില്‍ക്കുമ്പോള്‍ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ആദ്യം ശംസുദ്ദീന്റെ മൊബൈല്‍ തട്ടിപ്പറിച്ച സംഘം, തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തിയത്. രക്തത്തില്‍ കുളിച്ച നിലയില്‍ ഓടിയ ശംസുദ്ദീന്‍ തൊട്ടടുത്ത വീടിന് മുന്നിലെത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. ഇതിനിടയില്‍ മുറിവുകളില്‍ നിന്നും വളരെയേറെ രക്തം നഷ്ടമായിരുന്നു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉണ്ണീന്‍, ഗഫൂര്‍ ചാലിയം എന്നിവരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നവോദയ ബാബ് മക്ക യൂനിറ്റ് അംഗമാണ് ശംസുദ്ദീന്‍. സംഭവമറിഞ്ഞ് നവോദയ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി രക്തം ലഭിക്കാനും മറ്റും ഏര്‍പാടുണ്ടാക്കി. ശംസുദ്ദീനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ രക്തബാങ്കില്ലാത്തതിനാല്‍ കിംഗ് ഫഹദ് ആശുപത്രിയില്‍നിന്നാണ് രക്തം എത്തിച്ചത്. ശംസുദ്ദീന്റെ ജ്യേഷ്ഠന്‍ ശൌക്കത്തലി ദമ്മാമില്‍നിന്ന് ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റൊരു സഹോദരന്‍ കുഞ്ഞിപ്പ ഖത്തറിലാണ്.
മറ്റൊരു സംഭവത്തിലാണ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ അതിരാപട്ടണം സ്വദേശിയായ മുഹമ്മദ് മീരാന്‍ ഷായ്ക്ക് കുത്തേറ്റത്. ഇയാളെയും കവര്‍ച്ചാ സംഘം ആക്രമിക്കുകയായിരുന്നു. വയറ്റിലാണ് കുത്തേറ്റത്. എങ്കിലും പരിക്ക് ഗുരുതരമല്ല. ഇയാളുടെ 1500 റിയാല്‍ അക്രമികള്‍ തട്ടിയെടുത്തു. സിമ്പാ ഗ്രൂപ്പ് കമ്പനിയിലെ ജോലിക്കാരനാണ് ഇദ്ദേഹം. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ശംസുദ്ദീന്റെ ചികില്‍സക്ക് വന്‍ തുകയാണ് ചെലവാകുന്നത്. നിര്‍ധന കുടുംബത്തിലെ അംഗമായ ശംസുദ്ദീന്റെ ചികില്‍സ മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തില്‍ വളരെയധികം പ്രയാസമുണ്ടെന്ന് മാതൃസഹോദരീ പുത്രനായ അലവി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ഇന്നലെ രാവിലെ ബോധം തെളിഞ്ഞെങ്കിലും സംസാരിക്കാന്‍ ശംസുദ്ദീന്‍ ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും അലവി പറഞ്ഞു. ചികില്‍സാ കാര്യത്തില്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 050 2373 245 എന്ന നമ്പറില്‍ അലവിയുമായി ബന്ധപ്പെടാവുന്നതാണ്.
ഏതാണ്ട് ഒരേ സമയത്തുതന്നെ രണ്ട് ഇന്ത്യക്കാര്‍ ആക്രമണത്തിനിരയായ സംഭവം പ്രവാസികളില്‍ ഏറെ നടുക്കമുണ്ടാക്കി. കവര്‍ച്ച നടത്തിയെന്ന് മാത്രമല്ല, ശാരീരികമായി ആക്രമണം നടത്തുകയും ചെയ്തതാണ് പ്രവാസികളില്‍ പൊതുവെ ആശങ്കയുണ്ടാക്കിയത്. ശംസുദ്ദീനെയും മീരാന്‍ ഷായെയും ആക്രമിച്ച സംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബി.എസ്. നിസാമുദ്ദീന്‍
No comments:
Post a Comment