ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍പന നടത്തുന്ന സിഗരറ്റിന്റെ പാക്കറ്റുകളില്‍ മുന്നറിയിപ്പ് ചിത്രം പതിക്കാന്‍ നിയമം വരുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് വ്യക്തമാക്കുകയും ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പുകവലിക്കാരെ ബോധവത്കരിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് പതിക്കുക. അടുത്ത മാസം നാല്, അഞ്ച് തിയതികളില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേരുന്ന ജി.സി.സി തല സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
പണം നല്‍കി രോഗം വിലക്കു വാങ്ങുകയാണ് പുകവലിക്കാര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ജി.സി.സി തലത്തില്‍ പുകവലി നിരോധം കൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. ഒരു സിഗരറ്റ് പാക്കറ്റിന്റെ മുന്‍ഭാഗത്ത് നേര്‍പകുതി ഭാഗം വരെയാണ് മുന്നറിയിപ്പുണ്ടാവുക. മുന്നറിയിപ്പ് വാചകങ്ങള്‍ക്ക് പുറമെ അക്ഷരാഭ്യാസമില്ലാത്തവരെ ഉദ്ദേശിച്ച് ചിത്രങ്ങളും ഗ്രാഫിക് ഡിസൈനുകളും ഉപയോഗിക്കാന്‍ കമ്പനികളോട് നിര്‍ദേശിക്കും. പുകവലിയുടെ ദൂഷ്യങ്ങളാണ് ഇതില്‍ ചിത്രീകരിക്കുക. സിഗരറ്റിന് പുറമെ ശീഷ ഉപയോഗിക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പ് നല്‍കും. പുകയില സംബന്ധമായ എല്ലാ ഉല്‍പന്നങ്ങളും പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആരോഗ്യപരമായ മുന്നറിയിപ്പ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച അന്തര്‍ദേശീയ ഉടമ്പടിയുടെ പതിനൊന്നാം ഖണ്ഡിക ഇക്കാര്യം വ്യക്തമാക്കുന്നു.
പുകവലിക്കെതിരെ സൌദി അറേബ്യയിലും യു.എ.ഇയിലും ഉള്‍പ്പെടെ അടുത്ത കാലത്ത് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. യു.എ.ഇയില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹമാണ് പിഴ. ഇതിനുപുറമെ രണ്ടു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയുമുണ്ടാകും. യു.എ.ഇയിലെ നിരത്തുകള്‍, പൊതുവാഹനങ്ങള്‍, ആരാധനാലയങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും 12 വയസ്സിന് താഴെയുള്ള കുട്ടികളുമായി പോകുന്ന സ്വകാര്യ വാഹനങ്ങളിലും പുകവലി പാടില്ലെന്നാണ് പുതിയ നിയമം. മാത്രമല്ല, എല്ലാവിധ പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങളും പുകയില ഉല്‍പന്നങ്ങള്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്.
സൌദി അറേബ്യയില്‍ നേരത്തേ തന്നെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. പക്ഷെ, നിരോധം വന്നിട്ടും സൌദിയില്‍ ജനങ്ങളില്‍നിന്ന് ഈ ശീലം വിട്ടുപോകുന്നില്ലെന്നാണ് സൂചന. സൌദിയില്‍ സ്വദേശികള്‍ ഒരു വര്‍ഷം പുകവലിക്ക് ചെലവാക്കുന്നത് 200 കോടി റിയാലാണ്. ഇതുമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികില്‍സക്ക് ചെലവാകുന്നത് 700 കോടിയാണെന്ന് ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൌദിയില്‍ പുകവലിക്ക് അടിമകളായ 60 ലക്ഷം സ്വദേശികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 35 മുതല്‍ 40 ശതമാനം വരെ പേര്‍ കൌമാര പ്രായക്കാരാണ്. രാജ്യത്ത് വര്‍ഷത്തില്‍ 46 ടണ്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പുകവലി മൂലമുള്ള രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. മാത്രമല്ല, പുകവലി കാരണം കരളിന് കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണവും വന്‍ തോതില്‍ കൂടുന്നു. ഇവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവാണുണ്ടായത്. പുകവലി സംബന്ധമായ രോഗങ്ങളുടെ ചികില്‍സക്ക് വലിയ ചെലവുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ചികില്‍സക്കായി പ്രതിവര്‍ഷം 700 കോടി റിയാലിലേറെയാണ് ചെലവാകുന്നത്. ഈ കണക്കിന്റെ ശരാശരി നോക്കുകയാണെങ്കില്‍ ഒരാള്‍ക്ക് 10 ലക്ഷം റിയാല്‍ എന്ന തോതിലാണ് ചെലവാകുന്നത്്. അതുകൊണ്ടുതന്നെ ഈ സാമൂഹിക വിപത്തിനെതിരെ വരും ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക ബോധവത്കരണവും ആസൂത്രണം ചെയ്യും.
ബി.എസ്. നിസാമുദ്ദീന്‍
No comments:
Post a Comment