പോര്‍ട്ട് ഔ പ്രിന്‍സ്: പ്രസിഡന്റിന്റെ കൊട്ടാരമുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ട് കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ലക്ഷം കവിഞ്ഞതായി ഔദ്യോഗികവിശദീകരണം. റിക്ടര്‍ സെ്കയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ പോര്‍ട്ട് ഔ പ്രിന്‍സില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ്. യു.എന്‍.സമാധാന സേനയുടെയും കാത്തലിക് റിലീഫ് സര്‍വീസിന്റെയും ആസ്ഥാനമന്ദിരങ്ങളും ഹോട്ടലുകള്‍, ആസ്പത്രികള്‍ തുടങ്ങി മറ്റു നിരവധി കെട്ടിടങ്ങളും നിലംപതിച്ചു. തദ്ദേശീയര്‍ക്കുപുറമേ യു.എന്‍. സമാധാനസേനയിലെ നൂറുകണക്കിനു ഉദ്യേഗസ്ഥരും വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. അവശിഷ്ടങ്ങള്‍ക്കിടയിലകപ്പെട്ട മൃതശരീരങ്ങള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ മരണസഖ്യ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. പുലര്‍ച്ചെ 3.20 ഓടെയുണ്ടായ ആദ്യ ഭൂകമ്പത്തെത്തുടര്‍ന്ന് 27 തവണ ശക്തമായ തുടര്‍ ചലനങ്ങളുണ്ടായി. ഒന്നിനു പിറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരുന്ന തുടര്‍ ചലനങ്ങളില്‍ ഭയന്നുവിറച്ച ജനങ്ങള്‍ രാവിലെ വരെ വീടുകള്‍ക്ക് പുറത്ത് കഴിച്ചുകൂട്ടുകയായിരുന്നു. 1870ന്‌ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണിത്. പ്രസിഡന്റിന്റെ കൊട്ടാരം നിലംപതിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവും ഭാര്യയും സുരക്ഷിതരാണെന്ന് മെക്‌സിക്കോയിലെ ഹെയ്തി സ്ഥാനപതി അറിയിച്ചു. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ക്രിസ്റ്റഫര്‍ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍.സമാധാന സേനയുടെ അഞ്ചുനില കെട്ടിടമാണ് പൂര്‍ണമായി തകര്‍ന്നത്. ഹെയ്തിയിലെ സമാധാന സേനാമേധാവി ഹെഡി അന്നബി ഉള്‍പ്പെടെ 250 ഓളം യു.എന്‍. ഉദ്യോസ്ഥരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കാണാതായി.
ഫ്രാന്‍സ്,ഫിലിപ്പീന്‍സ്, ബ്രസീല്‍, ചൈന, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള സമാധാന സേനാംഗങ്ങള്‍ ഇവരിലുള്‍പ്പെട്ടതായി ബന്ധപ്പെട്ട രാജ്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുനൂറോളം ഇന്ത്യക്കാര്‍ ഹെയ്തിയിലെ സമാധാന സേനയില്‍ സേവനമനുഷുിക്കുന്നുണ്ടെങ്കിലും ഇവരിലാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് ലഭ്യമായ വിവരം. 200 വിനോദ സഞ്ചാരികളും അവശിഷ്ടങ്ങള്‍ക്കുള്ളില്‍പ്പെട്ടിട്ടുണ്ട്.
10ലക്ഷത്തോളം വരുന്ന പോര്‍ട്ട് ഔ പ്രിന്‍സിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ദുരിതാശ്വാസസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ അഭ്യര്‍ഥിച്ചു.
http://sirajnews.blogspot.com
No comments:
Post a Comment