WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Thursday, January 27, 2011

കന്ദറ പാലത്തിന് ചുവട്ടില്‍നിന്ന് ഇന്ത്യക്കാരെ മുഴുവന്‍ തുടച്ചുനീക്കി

ജിദ്ദ: പെട്ടെന്നുള്ള ഒരു 'ഓപ്പറേഷനി'ലൂടെ കന്ദറ പാലത്തിന് ചുവട്ടില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരേയും സൗദി പൊലിസ് തര്‍ഹീലിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ഓപ്പറേഷന്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. ശറഫിയക്കടുത്ത്, പാലത്തിനടിയില്‍ മലയാളികള്‍ താമസിക്കാന്‍ വളച്ചുകെട്ടിയ കര്‍ട്ടുണ്‍ ബോര്‍ഡുകളും ശീലകളും കൊണ്ടുള്ള കൂടാരങ്ങളും മറ്റും പൊലിസിന്റെ മേല്‍നോട്ടത്തില്‍ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികള്‍ നീക്കം ചെയ്തു. ഇനി ആരേയും ഈ ഭാഗത്തു തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇന്നലെ രാത്രിയോടെ ഏതാനും മലയാളികള്‍ വീണ്ടും ഇവിടെ തമ്പടിച്ചിട്ടുണ്ട്.
സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്നു മൂന്നാല് മാസമായി പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടവര്‍ക്ക് വളരെ ഉദാരമായി കോണ്‍സുലേറ്റ് അധികൃതര്‍ 'എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്' (ഔട്ട്പാസ് എന്ന താല്‍ക്കാലിക പാസ്‌പോര്‍ട്ട് ) വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ എണ്ണായിരത്തോളം ഔട്ട്പാസ് ഇഷ്യു ചെയ്തതായി കോണ്‍സല്‍ ജനറല്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ആ വാര്‍ത്ത വായിച്ചാവണം, ഇന്നലെ രാവിലെ ഇന്ത്യക്കാര്‍ കൂട്ടമായി കോണ്‍സുലേറ്റിന് മുന്നില്‍ തടിച്ചുകൂടിയത് മദീന റോഡ് വഴിക്കുള്ള ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു. ജവാസാത്ത് (പാസ്‌പോര്‍ട്ട് ), ഡിപ്ലോമാറ്റിക് പൊലിസ് വന്ന് പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ഇവരുടെ കാര്യത്തില്‍ സൗദി ഭാഗത്തുനിന്നാണ് നടപടിയുണ്ടാവേണ്ടതെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്രെ. അതോടെ ഉന്നതതലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവണം ഇന്നലത്തെ 'കന്ദറ ക്ലീനിങ് ഓപ്പറേഷന്‍'. മറ്റു രാജ്യക്കാര്‍ തമ്പടിച്ച് ഭാഗത്തുനിന്ന് ഇന്തോനേഷ്യന്‍ സ്ത്രീകളെയാണ് കാര്യമായി ബസില്‍ കയറ്റിക്കൊണ്ടുപോയത്. ഇന്ത്യക്കാര്‍ താമസിക്കുന്ന ഭാഗം വളഞ്ഞ പൊലീസ് സേന അവിടെയുണ്ടായിരുന്ന മുഴുവനാളുകളെയും ഒരു ഭാഗത്ത് ഇരുത്തി പുറമെനിന്ന് അക്കൂട്ടത്തില്‍ ആളുകള്‍ കയറിക്കുടുന്നത് തടഞ്ഞു. ശറഫിയയിലെ സ്ഥിരം ഏജന്റുമാര്‍ തക്കം നോക്കി തങ്ങളുടെ ആള്‍ക്കാരെ തര്‍ഹീലില്‍ എത്തിക്കാന്‍ അപ്പോഴും കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു.
എട്ടു ബസുകളിലാണ് ഇവരെ കയറ്റിക്കൊണ്ടുപോയത്. മുന്നുറോളം പേരെ കൊണ്ടുപോയിട്ടുണ്ടെന്നാണ് സൂചനയെന്ന്് സാമൂഹിക ക്ഷേമ കോണ്‍സല്‍ എസ്.ഡി മൂര്‍ത്തി ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ഒന്നര വര്‍ഷമായി ഇവിടെ തങ്ങുന്ന ചിലര്‍ ഇന്നലെ പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് കന്ദറവാസികള്‍ക്കിടയില്‍ സഹായവുമായി കഴിയുന്ന മുഹമ്മദലി പടപ്പറമ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ തിരുവനന്തപുരം പെരുമാതുറ സ്വദേശി മണ്‍സൂര്‍, കോഴിക്കോട് സ്വദേശി മനാഫ് തുടങ്ങി പത്തോളം രോഗികള്‍ ഇന്നലെ പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടത്രെ. അതേസമയം, ഈ സമയത്ത് പുറത്തു പോയ പലര്‍ക്കും പിടികൊടുക്കാനുള്ള അവസരം നഷ്ടപ്പെട്ടു. മലയാളികളടക്കമുള്ള ഒരു കൂട്ടം ഇന്ത്യക്കാര്‍ ഈ സമയത്തും ദൂരെ മാറിനിന്ന് കാഴ്ച കാണുകയായിരുന്നു. പൊലിസ് പോയിക്കഴിഞ്ഞാല്‍ വീണ്ടും താമസം തുടങ്ങാന്‍ ഇവര്‍ ശറഫിയയിലും പരിസരത്തും ചുറ്റിപ്പറ്റി കഴിയുന്നുണ്ട്. സ്വന്തമായി മുറിയോ ഇഖാമയോ ഇല്ലാത്ത പലരും ഇവിടെ രാപ്പാര്‍ത്താണ് ജോലിക്ക് പോകുന്നത്.
കഴിഞ്ഞ 20ദിവസമായി കന്ദറ പാലത്തിനടിയില്‍ കഴിയുന്നവര്‍ക്ക് കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ഒരു നേരം ഭക്ഷണം കൊടുത്തിരുന്നു. 15ദിവസം കോണ്‍സുലേറ്റിന്റെ ചെലവില്‍ കൊടുത്തപ്പോള്‍ കഴിഞ്ഞ മൂന്നുദിവസം എം.വി സലീമിന്റെ ഉടമസ്ഥതയിലുള്ള ലാഹോര്‍ ഹോട്ടലില്‍നിന്നാണ് ഭക്ഷണം സൗജന്യമായി എത്തിച്ചുകൊടുത്തത്. ഇന്നലെ ഭക്ഷണം തയാറാക്കി കൊണ്ടുവന്നെങ്കിലും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഇതിന് നേതൃത്വം നല്‍കുന്ന കെ.എം.സി.സി നേതാവ് ഇസ്മാഈല്‍ മുണ്ടക്കുളം പറഞ്ഞു.

കാസിം ഇരിക്കൂര്‍

No comments: