WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, January 25, 2011

കേരള മുസ്ലിംകള്‍ക്കിത് സമ്മേളനങ്ങളുടെ വസന്തകാലമാണ്

കേരള മുസ്ലിംകള്‍ക്കിത് സമ്മേളനങ്ങളുടെ വസന്തകാലമാണ്. സംഘടനാ സമ്മേളനങ്ങള്‍, സംഘടനാ
സ്ഥാപനങ്ങളുടെ വാര്‍ഷിക/സനദ് ദാന സമ്മേളനങ്ങള്‍, മഴക്കു മുമ്പ് നിര്‍ത്തി വെച്ച ഖണ്ഡനങ്ങളുടെ
തുടര്‍ച്ചകള്‍; കാലവര്‍ഷം അല്‍പം നീണ്ടുപോയത് കാരണം നിര്‍ജീവമായിപ്പോയ ദീനീരംഗം ഇന്ന്
സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. മഴ മാറിനിന്നപ്പോള്‍ തന്നെ നാദാപുരം അങ്ങാടിയില്‍ ഒമ്പതാം
ഖണ്ഡനത്തിന്റെ പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദീനീരംഗം ചൂടുപിടിക്കാന്‍ പോകുന്നതിന്റെ
സൂചനകളായിരുന്നു ആ പോസ്ററുകള്‍.

ഇവയില്‍ ഏറ്റവും വലിയ രണ്ട് സമ്മേളനങ്ങളായിരുന്നു കോട്ടക്കലില്‍ നടന്ന മുജാഹിദ് സ്റുഡന്റസ് മൂവ്മെന്റ്
(എം.എസ്.എം) സംസ്ഥാന സമ്മേളനവും കാരന്തൂരില്‍ നടന്ന മര്‍കസ് 15-ാംസനദ് ദാന സമ്മേളനവും. ഒരേ
ദിവസങ്ങളിലായിരുന്നു രണ്ട് സമ്മേളനങ്ങളും. ആയിരക്കണക്കിന് ആളുകള്‍ രണ്ട് സമ്മേളനങ്ങളിലും പങ്കെടുത്തു;
വിജയകരമായി സമാപിച്ചു.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗമാണ് എം.എസ്.എം. കേരള വിദ്യാര്‍ഥി
സമ്മേളനമെന്നാണ് പേരിട്ടതെങ്കിലും നടന്നത് സമ്പൂര്‍ണ മുജാഹിദ് സമ്മേളനമാണ്. പത്രങ്ങളില്‍ അച്ചടിച്ചു
വന്ന സമ്മേളന ഫോട്ടോകളില്‍ നരച്ച തലമുടിയും നിര്‍ബാധം താടിയുമുള്ള വൃദ്ധരാണ് വേദി നിറയെ.
വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ സ്റേജിന്റെ മുന്‍നിരയിലിരിക്കാന്‍ ഒരു
വിദ്യാര്‍ഥി നേതാവുമില്ല. നന്നായി പരതി നോക്കിയാല്‍ വേദിയുടെ പിന്‍നിരയില്‍ എവിടെയെങ്കിലും
കുറച്ച് വിദ്യാര്‍ഥി നേതാക്കളെ കാണാം.

മദ്റസകളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന സാഹിത്യ സമാജങ്ങള്‍ക്ക് ഒരു 'വിഷയം' തെരഞ്ഞെടുക്കുന്ന പതിവുണ്ട്.
അച്ചടക്കവും വിദ്യാര്‍ഥികളും, മാതാപിതാക്കളോടുള്ള കടപ്പാടുകള്‍, വിദ്യാഭ്യാസത്തിന്റെ ആവശ്യകത...
എന്നിങ്ങനെ. അതുപോലൊരു തലക്കെട്ടാണ് എം.എസ്.എം സമ്മേളനത്തിന്റെ കേന്ദ്രപ്രമേയം- 'അറിവ്
സമാധാനത്തിന്'. അറിവിനെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ ഉള്ള പുതിയ എന്തെങ്കിലും കാഴ്ചപ്പാടുകളോ
ആശയങ്ങളോ സമ്മേളനത്തില്‍ അവതരിക്കപ്പെട്ടതുമില്ല. പതിവുപോലെ തീവ്രവാദം അപകടകരം, ഇസ്ലാമും
തീവ്രവാദവുമായി യാതൊരു ബന്ധവുമില്ല, തീവ്രവാദികള്‍ മതം അറിയാത്തവര്‍ എന്നിങ്ങനെ
തീവ്രവാദത്തെക്കുറിച്ചുള്ള ബാലവാടി സാഹിത്യങ്ങള്‍ ഏതാണ്ടെല്ലാ പ്രഭാഷകരും ആവര്‍ത്തിച്ചു. ഒരു
നവോത്ഥാന വിദ്യാര്‍ഥി പ്രസ്ഥാനം എന്നുള്ള നിലക്ക് കാമ്പസിനെക്കുറിച്ച എന്തെങ്കിലും പുതിയ
കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍, വിദ്യാര്‍ഥി രാഷ്ട്രീയത്തിന്/സംഘടനകള്‍ക്ക് എന്തെങ്കിലും ദിശ നിര്‍ണയിച്ചു
നല്‍കാന്‍ സമ്മേളനം ശ്രദ്ധിച്ചതായി കണ്ടില്ല.

മുജാഹിദ് പ്രസ്ഥാനം, മുമ്പൊരു പ്രബോധനം ലേഖനത്തില്‍ ഈ ലേഖകന്‍ തന്നെ സൂചിപ്പിച്ചതു പോലെ, വെറുമൊരു
സംഘടനയുടെ പേരല്ല. കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ ഉണര്‍വുകളുടെ, വികാസപരിമാണങ്ങളുടെ
ഊര്‍ജമാണത്. വിശ്വാസപരവും കര്‍മപരവും ഭൌതികവും ആത്മീയവുമായ പിടച്ചിലുകളുടെ ചരിത്രമാണതിന്റേത്.
അങ്ങനെയൊരു പ്രസ്ഥാനം -മുമ്പേ നടന്നൊരു സംഘം- ചേതനയറ്റ്, കീഴ്മേല്‍ മറിഞ്ഞ് നില്‍ക്കുന്നതിന്റെ
കാഴ്ചയാണ് കോട്ടക്കല്‍ സമ്മേളനവും കാണിച്ചു തന്നത്. ഒരു പ്രസ്ഥാനം തലകീഴായി നില്‍ക്കുന്നതിന്റെ
കാഴ്ചകള്‍. സമൂഹത്തിലേക്ക് പുതുതായി ഒന്നും പ്രസരിപ്പിക്കാനില്ലാതെ പഴയ പ്രസ്താവനകള്‍ വാചകഘടന
പോലും മാറ്റാതെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് ഇന്ന് ആ പ്രസ്ഥാനം ചെയ്യുന്നത്.

പ്രമാണങ്ങളുടെ ഫയല്‍ക്കെട്ടുകള്‍ സൂക്ഷിച്ചു വെക്കാന്‍ ഒരു പ്രസ്ഥാനം ആവശ്യമില്ല; മികച്ച ഒരു ആര്‍ക്കൈവല്‍
മ്യൂസിയം മതി. പ്രമാണങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക്, കാല/ദേശങ്ങളിലേക്ക് ഊര്‍ജം
പ്രവഹിപ്പിക്കുമ്പോഴാണ് പ്രസ്ഥാനം ജീവിച്ചിരിക്കുക. അല്ലാതിരിക്കുമ്പോള്‍ ആ പ്രസ്ഥാനം ജഡമാണ്.
ജീവികള്‍ ജഡമായാല്‍ സംസ്കരിക്കാം. എന്നാല്‍ പ്രസ്ഥാനം ജഡമായാല്‍ അത് ജീര്‍ണിക്കുകയേ ഉള്ളൂ. ജീര്‍ണിച്ച
ഒരു ജഡം സൃഷ്ടിക്കുന്ന പരിസ്ഥിതി/ആരോഗ്യ പ്രശ്നങ്ങള്‍ നമുക്കറിയാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ
ഇന്നത്തെ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അതു തന്നെയാണ്.

'മതത്തെ അറിയുക; പ്രമാണങ്ങളിലൂടെ' എന്നൊരു മുദ്രാവാക്യത്തില്‍ അടുത്തിടെ മുജാഹിദ് പ്രസ്ഥാനം ഒരു
കാമ്പയിന്‍ നടത്തിയിരുന്നു. മതത്തെ കുറെ പ്രമാണങ്ങളുടെ കെട്ടുപുസ്തകമായി കാണുന്ന അങ്ങേയറ്റം
പരിമിതമായ ഒരു സമീപനത്തില്‍ നിന്നാണ് ആ മുദ്രാവാക്യം ഉയര്‍ന്നുവരുന്നത്. അതിശക്തമായ
പ്രമാണങ്ങളോടൊപ്പം ആ പ്രമാണങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് വിവിധ കാലദേശങ്ങളിലുണ്ടായിട്ടുള്ള
ഇസ്ലാമിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്കാരങ്ങളുമുണ്ട്. വിവിധ കാലദേശങ്ങളില്‍ ചരിത്രത്തില്‍ അത്
പ്രസരിപ്പിച്ച സാംസ്കാരികവും രാഷ്ട്രീയവും ആത്മീയവുമായ പ്രതിനിധാനങ്ങളുണ്ട്. ഇത്രയും ദീര്‍ഘവും
സമ്പന്നവുമായ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞ് വെറുമൊരു 'ക്ളാസിഫൈഡ് ഡോക്യുമെന്റ്' മാത്രമാണ്
ഇസ്ലാം എന്നു പറയുന്നത് എന്തുമാത്രം ചെറുതാണ്. പക്ഷേ, ഒരു പ്രസ്ഥാനം അങ്ങനെ കരുതുന്നുവെന്നു വന്നാല്‍ അത്
ചരിത്രത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. അതിന്റെ നേര്‍ചിത്രമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ന്
കാണിക്കുന്നത്.

കോട്ടക്കല്‍ മുജാഹിദ് സമ്മേളനത്തിന്റെ അതേ ദിവസങ്ങളില്‍ തന്നെയാണ് കോഴിക്കോട്ടെ കാരന്തൂരില്‍ മര്‍കസു
സഖാഫത്തി സുന്നിയ്യയുടെ സമ്മേളനം നടന്നത്. ഒരു സ്ഥാപനത്തിന്റെ വാര്‍ഷികം എന്നതിലുപരി കാന്തപുരം
ഗ്രൂപ്പ് സുന്നികളുടെ സമ്മേളനമാണത്. മുസ്ലിംകളിലെ ഏറ്റവും യാഥാസ്ഥിക, പിന്തിരിപ്പന്‍ ഗ്രൂപ്പ് എന്ന്
ചിലരെങ്കിലും കാന്തപുരം സുന്നികളെ വിളിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ/മുസ്ലിം
നവോഥാന സംരംഭങ്ങളുടെ എതിര്‍ പക്ഷത്ത് നിന്ന ചരിത്രമാണ് സുന്നികളുടേത്. യാഥാസ്ഥിതിക
മനോഭാവങ്ങളോട് പടവെട്ടിയാണ് മുജാഹിദ് പ്രസ്ഥാനം വളര്‍ന്നത്. അത്തരം മനോഭാവങ്ങളെ സംരംക്ഷിച്ചു
നിര്‍ത്താനുള്ള പോരാട്ടമാണ് സുന്നികളുടേത്.

മര്‍കസ് സമ്മേളനത്തിന് മുന്നോടിയായി അതിന്റെ സാരഥികളിലൊരാളായ ഡോ. എ പി അബ്ദുല്‍ ഹകീം
അസ്ഹരിയുമായി രിസാല വാരിക ഒരു അഭിമുഖം നടത്തിയിട്ടുണ്ട് (ജനുവരി 14, 2011). പുതിയ കാലത്ത്
മര്‍കസ് നിര്‍വഹിക്കുന്ന/നിര്‍വഹിക്കേണ്ട ദൌത്യം, മുന്നോട്ട് പോക്കില്‍ സ്വീകരിക്കേണ്ട രീതി, മുസ്ലിം
സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ഭാവി സാധ്യതകളും പരിമിതികളും
ഇങ്ങനെ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. കേരളം എന്നതിനപ്പുറം ഇന്ത്യ എന്ന
വിശാലമായ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞുറച്ചുപോയ കാര്യങ്ങള്‍ക്ക്
പുറത്ത് കടന്ന് ധിഷണയുടെ തെളിച്ചം ആ സംസാരത്തില്‍ കാണാം. മര്‍കസ് വെറുമൊരു കോണ്‍ക്രീറ്റ് കൂടല്ലെന്നും
സ്വപ്നങ്ങള്‍ പേറുന്ന ഒരു പ്രസ്ഥാനമാണെന്നുമാണ് അദ്ദേഹം നമ്മോട് പറയുന്നത്. ഇപ്പറയുന്ന കാര്യങ്ങളൊക്കെ
മര്‍കസ് അല്ലെങ്കില്‍ എ.പി സുന്നികള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചേക്കാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും
വ്യത്യസ്തമായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുവെന്നത് തന്നെ
പ്രധാനമാണ്. മലബാറില്‍ നിന്ന് മലബാറിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, ഇന്നില്‍ നിന്ന്
ഇന്നലെകളെക്കുറിച്ച് മാത്രം വാതോരാതെ സംസാരിക്കുന്ന മതസംഘടനകള്‍ക്കിടയില്‍ നിന്ന് വിശാലമായ
ഇന്ത്യന്‍ മുസ്ലിം മണ്ഡലത്തെക്കുറിച്ച് സംസാരിക്കുന്നത്, നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് പ്രധാനം
തന്നെയാണ്. അങ്ങനെയൊരു വ്യത്യസ്തമായ പ്രാധാന്യത്തിലേക്ക് കേരളത്തിലെ സുന്നി പ്രസ്ഥാനത്തെ
എടുത്തുയര്‍ത്തിവെക്കാന്‍ സാധിച്ചുവെന്നതാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസക്തി. മര്‍കസ്
സമ്മേളനത്തിന്റെ സമാപന സെഷനില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം തീര്‍ച്ചയായും ശ്രദ്
ധേയമായിരുന്നു. സമകാലിക യാഥാര്‍ഥ്യങ്ങളെയും ആനുകാലിക സംഭവങ്ങളെയും വിശകലനം ചെയ്യുന്നതും
നിലപാടുകള്‍ പറയുന്നതുമായിരുന്നു ആ പ്രഭാഷണം. 'യഥാസ്ഥിതിക' മതസംഘടനയെന്ന ലേബലുള്ള ഒരു
പ്രസ്ഥാനത്തില്‍ നിന്ന് പൊതുവെ പ്രതീക്ഷിക്കാത്തതാണ് കാന്തപുരത്തിന്റെ പല ഇടപെടലുകളും.
അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലെ പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗമാവട്ടെ കൂടുതല്‍ സര്‍ഗാത്മകമായി
കാര്യങ്ങളെ കാണാനുള്ള ശേഷി നേടിയെടുത്തിട്ടുണ്ട്. നവോത്ഥാന, പുരോഗമന പ്രസ്ഥാനത്തിന്റെ ഏറ്റവും
പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗം പോലും പഴയ പ്രമാണങ്ങളും പ്രമേയങ്ങളും ആവര്‍ത്തിച്ചുരുവിട്ടു
കൊണ്ടിരിക്കുമ്പോഴാണ് 'പിന്തിരിപ്പന്‍ യാഥാസ്ഥിതികര്‍' ഇങ്ങനെ വ്യത്യസ്തമായ വഴിവെട്ടുന്നത്.

കേരള മുസ്ലിം സമൂഹത്തില്‍ കാന്തപുരത്തിന്റെ സ്ഥാനവും പ്രസക്തിയുമെന്താണ്, മുസ്ലിം സമൂഹത്തിലെ
ശ്രദ്ധേയനായൊരു ജൈവിക നേതാവായി അദ്ദേഹം വളര്‍ന്നുവന്നതിന്റെ രസതന്ത്രം എന്താണ്, നവോത്ഥാന
പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് കേവലമായ ഒരു മത യാഥാസ്ഥിതിക കക്ഷി എന്ന നിലയിലേക്ക് മുജാഹിദ്
പ്രസ്ഥാത്തിന്റെ പരിണാമം എങ്ങനെയാണ് എന്നിത്യാദി കാര്യങ്ങള്‍ വിശദമായ സാമൂഹിക ശാസ്ത്ര
വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്. അങ്ങനെയൊരു വിശകലനത്തിനുള്ളതല്ല ഈ കുറിപ്പ്. മറിച്ച്
കേരളത്തിലെ ഒരു മുസ്ലിം നവോത്ഥാന പ്രസ്ഥാനം തികഞ്ഞ യാഥാസ്ഥിതിക പ്രമാണമാത്ര സംഘമായി
മാറിയതിന്റെയും, യാഥാസ്ഥിതിക പിന്തരിപ്പിന്‍ പക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഒരു സംഘം പുതിയ
കാലത്തോടും ലോകത്തോടും സംവദിക്കാന്‍ ശേഷി നേടിയ ഒരു പ്രസ്ഥാനമായി മാറുന്നതിന്റെയും രണ്ട്
സൂചകങ്ങള്‍ അവതരിപ്പിച്ചുവെന്നു മാത്രം.

by : C Davood

No comments: