
തൃക്കരിപ്പൂര്‍: ഉല്‍പന്നങ്ങളുടെ കൂടെ വന്നിരുന്ന ബാര്‍ കോഡുകള്‍ കൂടുതല്‍ കാര്യക്ഷമമായി മുഖംമിനുക്കുന്നു. ദ്വിമാന ബാര്‍ കോഡിങ് സംവിധാനം അഥവാ ക്യൂ.ആര്‍ (Quick Response) കോഡ് എന്നാണിത് അറിയപ്പെടുന്നത്. ഒരു സ്ഥാപനത്തെയോ ഉല്‍പന്നത്തെയോ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ദ്രുത പ്രതികരണ കോഡുകള്‍ക്ക് ഒരു ചതുരത്തിനകത്ത് ഒതുക്കിനല്‍കാന്‍ കഴിയും. പുതിയ ശ്രേണിയിലുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഇവ എളുപ്പം വായിച്ചെടുക്കാനും കഴിയും. ക്യൂ.ആര്‍ കോഡ് റീഡറുകള്‍ ഇല്ലാത്തവര്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നെടുത്ത് ഫോണില്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ സാധിക്കും.
അനന്തമായ സാധ്യതകളാണ് ക്യൂ.ആര്‍ കോഡിങ് തുറന്നിടുന്നത്. ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ് സൈറ്റ് വിലാസം, ജോലി സംബന്ധമായ വിശദാംശങ്ങള്‍, രക്തഗ്രൂപ്പ് തുടങ്ങിയ എന്തും ക്യൂ. ആര്‍ കോഡിങ് ചെയ്യാം. കറുപ്പും വെളുപ്പും കലര്‍ന്ന ചതുരങ്ങളാണ് കോഡില്‍ ഉണ്ടാവുക. റീഡര്‍ കാണിക്കുന്ന മാത്രയില്‍ വിശദാംശങ്ങള്‍ മൊബൈലിന്റെ സ്‌ക്രീനില്‍ തെളിയും. ആവശ്യമെങ്കില്‍ വിശദാംശം സൂക്ഷിച്ച് വെക്കാം. വിവരങ്ങളില്‍ തെളിയുന്ന വെബ് വിലാസത്തിലേക്ക് നേരിട്ട് പോവുകയുമാവാം. ഭാവിയില്‍ റോഡരികിലുള്ള ഹോര്‍ഡിങ്ങുകളില്‍ വലിയ അക്ഷരങ്ങളുടെ സ്ഥാനത്ത് ക്യൂ.ആര്‍ കോഡ് ആയി മാറും. യാത്രക്കിടയില്‍ കണ്ട പരസ്യം പിന്നീട് ഉപയോഗപ്പെടുത്താമെന്നതും സവിശേഷതയാണ്. നിലവില്‍ ഉല്‍പന്ന വിവരം, കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഞൊടിയിടയില്‍ ഉപേഭാക്താവിന്റെ മൊബൈലില്‍ ലഭ്യമാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ടീഷര്‍ട്ടുകളിലും ക്യൂ.ആര്‍ കോഡുകള്‍ വന്നുകഴിഞ്ഞു. പരസ്യത്തിനു പകരമായും ഉപയോഗിക്കുന്നുണ്ട്. ചെറിയ സ്ഥലത്ത് ഒരുപാട് വിവരങ്ങള്‍ കൈമാറാമെന്നതും മേന്മയാണ്. ഭാവിയില്‍ വിനോദ സഞ്ചാര മേഖലയില്‍ ഗൈഡുകള്‍ ഇല്ലാത്ത സാഹചര്യവും ക്യൂ.ആര്‍ കോഡിങ് ഉണ്ടാക്കും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ക്യൂ.ആര്‍ കോഡ് വഴി സഞ്ചാരിക്ക് ലഭിക്കുന്നതോടെയാണിത്. ലൈബ്രറി പുസ്തകങ്ങള്‍ പോലും ക്യൂ.ആര്‍ കോഡിങ് വഴി എളുപ്പം ലഭ്യമാക്കുന്ന രീതിയെക്കുറിച്ച് പഠനം നടക്കുകയാണ്. പഠനസാമഗ്രികളും ഇത്തരത്തില്‍ ചെലവ് കുറച്ച് വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. വിശദാംശങ്ങള്‍ നല്‍കിയാല്‍ സൗജന്യമായി ക്യൂ.ആര്‍ കോഡ് ചെയ്തു നല്‍കുന്ന വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. വിസിറ്റിങ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ക്യൂ.ആര്‍ കോഡിങ്ങിലേക്ക് മാറുകയാണ്.
madhyamam
No comments:
Post a Comment