
തിരുവനന്തപുരം: മലയാളത്തിന് 2300 വര്‍ഷത്തെ പഴക്കം വ്യക്തമാക്കുന്ന രേഖകളുണ്ടെന്ന് ഭാഷാ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട്. സംഘകാല കൃതികളടക്കം എട്ടാം നൂറ്റാണ്ട് വരെയുള്ള തമിഴ് സാഹിത്യം മലയാളത്തിനുകൂടി അവകാശപ്പെട്ട പൊതുസ്വത്താണെന്നും ക്ലാസിക്കല്‍ പദവി ലഭിക്കാനാവശ്യമായ രേഖകള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. ദ്രാവിഡ ഭാഷാ പഠനകേന്ദ്രം ഡയറക്ടര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ കണ്‍വീനറും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനുമായ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയനൊപ്പം ശനിയാഴ്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ സാംസ്‌കാരിക മന്ത്രി എം.എ ബേബി അറിയിച്ചു.
ഭാഷക്ക് 1500-2000 വര്‍ഷത്തെ പഴക്കം, ഇത്രതന്നെ പഴക്കമുള്ള സാഹിത്യം, തനത് സാഹിത്യ പ്രസ്ഥാനങ്ങള്‍, ക്ലാസിക് സാഹിത്യത്തെ വേറിട്ട് അടയാളപ്പെടുത്താന്‍ കഴിയുംവിധം ഭാഷാ-സാഹിത്യ പ്രത്യേകതകളുള്ള കാലഘട്ടങ്ങള്‍ എന്നീ നാല് മാനദണ്ഡങ്ങളാണ് ക്ലാസിക്കല്‍ പദവിക്കായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് ഈ യോഗ്യതകളുണ്ട് എന്ന് തെളിയിക്കുന്നതാണ് നാല് വാല്യങ്ങളിലായി തയാറാക്കിയ റിപ്പോര്‍ട്ട്. ഇതില്‍ മൂന്ന് വാല്യങ്ങള്‍ രേഖകളുടെ സമാഹാരമാണ്. ബി.സി 300ലെ അശോകന്റെ രണ്ടാം ശാസനത്തില്‍ 'കേരളം' എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് കിട്ടിയ ബി.സി 200ലെ വീരക്കല്‍ ശാസനം, എടക്കല്‍ ഗുഹയില്‍ നിന്ന് കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളില്‍ നാലെണ്ണം, പട്ടണം ഉദ്ഖനനത്തില്‍ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങള്‍, നിലമ്പൂരില്‍ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയില്‍ മലയാളം വാക്കുകളുണ്ട്. തമിഴ് ബ്രഹ്മി ലിപിയിലാണ് ഇവ എഴുതപ്പെട്ടിരിക്കുന്നതെങ്കിലും ഈ വാക്കുകള്‍ നിലവില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതും എന്നാല്‍ തമിഴില്‍ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ 'എൈ'കാരത്തിന് പകരം മലയാളം ശൈലിയായ 'അ'കാരമാണ് വാക്കുകളിലുള്ളത്.
സംഘകാല കൃതികളില്‍ സുപ്രധാനമായ പതിറ്റിപ്പത്ത്, ഐങ്കറുനൂറ്, ചിലപ്പതികാരം എന്നിവ കേരളത്തിലുണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 50ഓളം സംഘകാല എഴുത്തുകാര്‍ കേരളീയരായിരുന്നു. അവരുടെ കൃതികളിലെ മലനാട് വഴക്കങ്ങള്‍ കാരണം പല രചനകളും വ്യാഖ്യാനിക്കാന്‍ തമിഴ് പണ്ഡിതര്‍ക്ക് കഴിഞ്ഞിട്ടില്ല. സംഘകാല കൃതികളില്‍ നിന്ന് 150ല്‍ അധികം മലയാള വാക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇപ്പോഴും മലയാളത്തില്‍ പ്രയോഗത്തിലുണ്ട്. ഈ കൃതികള്‍ മലയാളത്തിന്റെയും തമിഴിന്റെയും പൊതുസ്വത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂത്ത്, കൂടിയാട്ടം എന്നിവക്കായി ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവക്ക് ഇന്ത്യയില്‍ ആദ്യം വിവര്‍ത്തനമുണ്ടായത് മലയാളത്തിലാണ്. ഭാഷയില്‍ തമിഴിനുള്ളത്ര തന്നെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിന്റെ പരിണാമ ഘട്ടത്തെ പൂര്‍വ തമിഴ് കാലം (എ.ഡി 800 വരെ), പ്രാചീന മലയാള കാലം (എ.ഡി 800-1300), മധ്യ മലയാളകാലം (1300-1600), ആധുനിക കാലം (1600 മുതല്‍) എന്നിങ്ങനെ തരം തിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ ഒ.എന്‍.വിയുടെ നേതൃത്വത്തില്‍ ഇതിനായി സമിതിയുണ്ടാക്കിയിരുന്നെങ്കിലും അവരുടെ റിപ്പോര്‍ട്ട് ഫലപ്രദമാകാത്തതിനെത്തുടര്‍ന്നാണ് ഭാഷാ ശാസ്ത്രജ്ഞരെ തന്നെ ഇതിനായി നിയോഗിച്ചത്.
1 comment:
കൊള്ളാം, കണ്ടെത്തലുകള്‍ നന്നായിരിക്കുന്നു
Post a Comment