WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, December 26, 2009

നഷ്ടപ്പെടുന്നതും വീണ്ടെടുക്കേണ്ടതും

നഷ്ടപ്പെടുന്നതും വീണ്ടെടുക്കേണ്ടതും
Sunday, December 27, 2009
സെബാസ്റ്റ്യന്‍ പോള്‍

തീവ്രവാദത്തിനെതിരെ മാധ്യമങ്ങള്‍ സ്വീകരിച്ച ശ്രദ്ധേയമായ നിലപാടിനെ അഭിനന്ദിച്ചുകൊണ്ടാണ് സൂഫിയ മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. മാധ്യമങ്ങള്‍ എപ്രകാരം ജുഡീഷ്യറിയെ സ്വാധീനിക്കുന്നുവെന്നതിന് പ്രണയം മുതല്‍ തീവ്രവാദം വരെയുള്ള കാര്യങ്ങളില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. കറുത്തമ്മയും പരീക്കുട്ടിയും തമ്മിലുള്ള അന്താരാഷ്ട്രപ്രശസ്തമായ പ്രണയത്തെ ലൌ ജിഹാദായി കാണണമെന്ന് അറിയാതിരുന്ന കേരളസമൂഹത്തിന് അപ്രകാരം ഒരു പദപരിചയം ഉണ്ടാക്കിക്കൊടുത്തത് ജസ്റ്റിസ് ശങ്കരനാണ്. ദുരുദ്ദേശ്യങ്ങള്‍ ഒട്ടുമേ ആരോപിക്കാന്‍ കഴിയാത്ത ശുദ്ധനായ ന്യായാധിപനാണ് ശങ്കരന്‍. അതുകൊണ്ടുതന്നെ അവിഹിതമായ മാധ്യമസ്വാധീനത്തിന് ജുഡീഷ്യറി അറിയാതെ വശംവദമാകുന്നതിന് മികച്ച ദൃഷ്ടാന്തമായി ശങ്കരന്‍ മാറിയിരിക്കുന്നു.

മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതലയാണ് ഭരണഘടന കോടതികള്‍ക്ക് നല്‍കിയിട്ടുള്ളത്. മാധ്യമങ്ങള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നതും സമൂഹം അവക്ക് ഏല്‍പിച്ചുകൊടുത്തതുമായ ചുമതലയും അതുതന്നെ. അതെത്രമാത്രം വിശുദ്ധിയോടെ നിര്‍വഹിക്കപ്പെടുന്നുവെന്ന പരിശോധനയാണ് നടക്കേണ്ടത്. സെന്‍സേഷനലിസം എന്ന ന്യായീകരിക്കാവുന്ന മാധ്യമവ്യായാമം ഗര്‍ഹണീയമായ വാര്‍ത്താവ്യാപാരമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പി. സായ്നാഥ് നടത്തിയ പഠനങ്ങള്‍ 'ദ് ഹിന്ദു'വിലൂടെ നാം അറിഞ്ഞു. വ്യഭിചാരത്തിനു തുല്യമായ ഈ അപഭ്രംശത്തെ കഠിനമായ ഭാഷയില്‍ എഡിറ്റേഴ്സ് ഗില്‍ഡ് അപലപിച്ചു. വലതുപക്ഷ ഹിന്ദുത്വശക്തികള്‍ക്ക് തുണയാകുന്ന പ്രവര്‍ത്തനം അവസാനിപ്പിച്ച് സമചിത്തതയും മതേതരപാരമ്പര്യവും വീണ്ടെടുക്കണമെന്ന് സാധാരണ ഇത്തരം കാര്യങ്ങളില്‍ ഇടപെടാത്ത സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. ഇവക്കെല്ലാമുള്ള മറുപടിയായി ജസ്റ്റിസ് ശങ്കരന്‍ നല്‍കിയ ആലില മതിയാകാതെ വരും; മറയായി ഒരു ചേമ്പിലയെങ്കിലും മാധ്യമങ്ങള്‍ കണ്ടെത്തണം.
ആരാണ് ഇരയെന്നറിയാതെ ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമൊപ്പം ലക്ഷ്യമില്ലാതെയുള്ള ഓട്ടമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. മുംബൈയില്‍ വകതിരിവില്ലാത്ത ഭീകരര്‍ ഹോട്ടലിലും റെയില്‍വേ സ്റ്റേഷനിലും ആക്രമണം നടത്തിയപ്പോള്‍ വകതിരിവുള്ള മാധ്യമങ്ങള്‍ ജനാധിപത്യ ഭരണസമ്പ്രദായത്തെയാണ് ആക്രമിച്ചത്. ഏതാണ് കൂടുതല്‍ ഭീകരമെന്ന് മാധ്യമങ്ങള്‍ സ്വയം ആലോചിക്കണം. പണം മുടക്കിയപ്പോള്‍ താജ് ഹോട്ടല്‍ പൂര്‍വസ്ഥിതിയിലായി. ജനാധിപത്യത്തിനേറ്റ ആഘാതത്തിന് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ പരിഹാരമുണ്ടാക്കി. വഴി തെറ്റുന്ന മാധ്യമങ്ങള്‍ക്കെതിരെയും ജനകീയ ഇടപെടല്‍ ആവശ്യമുണ്ട്.

സെഫിയും സൂഫിയയും കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. തെറ്റു പറ്റാത്ത സ്ഥാപനമല്ലെങ്കിലും കോടതിയുടെ വാക്ക് സ്വീകരിക്കാതെ വയ്യ. ശിക്ഷിച്ചിരുന്നെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നതില്‍ അധികം കാലം ജയിലില്‍ കിടത്തിയതിനുശേഷമാണ് മഅ്ദനിയെ വിട്ടയച്ചത്. കോയമ്പത്തൂര്‍കേസിലെ വിധി ചെന്നൈ ഹൈകോടതി ശരിവെച്ചു. അറിയാതെ കാല്‍ തട്ടിയാല്‍ 'സോറി' പറയുന്നതിനുള്ള മര്യാദ വ്യക്തികള്‍ മാത്രമല്ല സമൂഹവും കാണിക്കണം. ആ മര്യാദയാണ് മഅ്ദനിയുടെ സ്വീകരണയോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ കാണിച്ചത്. പക്ഷേ, മാധ്യമങ്ങള്‍ അവിടെ മറ്റൊരു സമരമുഖം തുറന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടായി. വാര്‍ത്ത തേടിപ്പിടിക്കുന്നതിനാവശ്യമായ ശ്വാനഘ്രാണശക്തി മാത്രം ആവശ്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ ശൌര്യമുള്ള വേട്ടപ്പട്ടികളായി.

കുരച്ചുചാട്ടത്തിനിടയില്‍ തങ്ങളുടെ ദംഷ്ട്രകള്‍ പതിയുന്നത് മനുഷ്യാവകാശമെന്ന ലോലതന്തുവിലാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. വേട്ടനായ്ക്കളെ പ്രോല്‍സാഹിപ്പിക്കുന്ന ദ്വാരപാലകരും ഇക്കാര്യം അറിയുന്നില്ല. നടപടിക്രമത്തിന്റെ പരിരക്ഷയെങ്കിലും തടവുകാരന് ലഭിക്കണം. സംശയിക്കപ്പെടുന്നവന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനും അവകാശമുണ്ട്. കുറ്റക്കാരനെന്ന് വിധിക്കപ്പെടുന്നതുവരെ അയാളെ നിരപരാധിയായി കണക്കാക്കണം. ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ നിയമത്തിന്റെ നിമന്ത്രണം കേള്‍ക്കാതിരിക്കുന്ന ന്യായാധിപന്‍ തടവുകാരനുവേണ്ടി തുറക്കുന്നത് കാല്‍വരിയിലേക്കുള്ള വഴിയാണ്.

സെഫിയേയും സൂഫിയയേയും മുന്‍നിറുത്തി നമ്മുടെ മാധ്യമങ്ങള്‍ കര്‍ശനമായ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടണം. സൂഫിയയുടെമേല്‍ ആരോപിക്കപ്പെടുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ് സിസ്റ്റര്‍ സെഫിക്കെതിരെ ആരോപിക്കപ്പെട്ടത്. തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാം; അറസ്റ്റ് ചെയ്യപ്പെട്ടാല്‍ വിചാരണയെ നേരിടണം. പക്ഷേ, തങ്ങളുടെ കൈയില്‍കിട്ടിയ ഒരു സ്ത്രീയോട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കാണിച്ച മനുഷ്യത്വരഹിതമായ പ്രവൃത്തികളെ പ്രോല്‍സാഹിപ്പിച്ച മാധ്യമങ്ങളും പൊതുസമൂഹവും ക്ഷന്തവ്യമല്ലാത്ത അപരാധമാണ് നടത്തിയത്. കന്യാചര്‍മപരിശോധനയിലൂടെയും നാര്‍കോപരിശോധനയിലൂടെയും ഒരു സ്ത്രീ അപമാനിക്കപ്പെടുന്നത് സമൂഹം സാമോദം ആസ്വദിച്ചു. കൊലക്കേസില്‍ പ്രതിയായ കന്യാസ്ത്രീയുടെ കന്യകാവസ്ഥയില്‍ മാധ്യമങ്ങള്‍ കണ്ടെത്തിയ പൊതുതാല്‍പര്യം വിചിത്രമാണ്. പണ്ട് പുല്‍പള്ളിയില്‍ അജിതയുടെ വിവസ്ത്രയൌവനം ജയിലഴികള്‍ക്കിടയിലൂടെ ഒപ്പിയെടുത്ത് മനോരമ്യമാക്കിയ മാധ്യമപാരമ്പര്യമാണ് പൂര്‍ണതയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. തടവില്‍നിന്ന് പുറത്തുവന്ന ജാനുവിന്റെ നീരുകെട്ടിയ മുഖം നമ്മുടെ മാധ്യമങ്ങള്‍ക്ക് വേദനയായില്ല.

കൊല്ലപ്പെട്ട കന്യാസ്ത്രീയുടെയും കത്തിക്കപ്പെട്ട ബസിന്റെയും അടിസ്ഥാനത്തിലല്ല, പ്രതികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടക്കേണ്ടത്. പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പില്‍ പ്രദര്‍ശിപ്പിക്കുകയും പിന്നീട് അതേ രൂപത്തില്‍ കൈയാമം വെച്ച് വനിതാകോളജിനു മുന്നിലൂടെ നടത്തിക്കുകയും ചെയ്യുന്ന കാഴ്ച എറണാകുളത്ത് എന്റെ ചെറുപ്പകാലത്ത് സാധാരണയായിരുന്നു. കാക്കിക്കുള്ളിലെ സംസ്കാരം സമ്പന്നമാകാന്‍ ഇനിയും കാലമെടുക്കുമെന്നതിനാല്‍ അത്തരം കൃത്യങ്ങളില്‍ അഭിരമിക്കുന്ന പൊലീസുകാര്‍ ഇപ്പോഴുമുണ്ട്. സിനിമയില്‍ കാണുന്നത് പൂര്‍ണമായും അതിശയോക്തിയല്ല. ആഭരണങ്ങള്‍ക്കൊപ്പം അവകാശങ്ങളും അഴിച്ചുവെച്ചുകൊണ്ടല്ല പ്രതി തടവറയിലേക്ക് പ്രവേശിക്കുന്നത്. നടയടിയല്ല, നടപടിക്രമമാണ് പാലിക്കപ്പെടേണ്ടത്. അക്കാര്യത്തിലാണ് മാധ്യമങ്ങള്‍ക്ക് ജാഗ്രതയുണ്ടാകേണ്ടത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ മാധ്യമസ്വാതന്ത്യ്രംകൊണ്ട് ആര്‍ക്കെന്തു പ്രയോജനം?

ആറു ദിവസത്തെ കസ്റ്റഡിക്ക് ശേഷം സൂഫിയ മഅ്ദനിക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് ജഡ്ജിയുടെ ഉത്തരവിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അവക്ക് ലഭിച്ച ഉത്തരങ്ങളും വികലമായ നിയമാവബോധത്തെയാണ് വെളിവാക്കിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈകോടതി ഉത്തരവ് പ്രതിബന്ധമാകാതെ ജഡ്ജി സ്വീകരിച്ച നിലപാട് ക്രിമിനല്‍ നടപടിക്രമത്തിലെ 437ാം വകുപ്പിന് അനുസൃതമാണോ എന്നു മാത്രമാണ് പരിശോധിക്കേണ്ടത്. ജാമ്യമില്ലാത്ത കുറ്റങ്ങളില്‍ ജാമ്യം അനുവദിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഈ വകുപ്പില്‍ വിവരിക്കുന്നു. നടപടിപ്പുസ്തകം ലോകോളജില്‍ പഠിക്കാന്‍ മാത്രമുള്ളതല്ല, കോടതിയില്‍ പ്രയോഗിക്കുന്നതിനു കൂടിയുള്ളതാണ്. സെഫിക്കും സൂഫിയക്കും എന്നപോലെ കസബിനും അത് ബാധകമാണ്.

നിയമത്തിന്റെ പരിരക്ഷ പൂര്‍ണമായും നിഷേധിച്ചുകൊണ്ടാണ് നൂറു വര്‍ഷം മുമ്പ് ഒരു പത്രാധിപര്‍ നാടുകടത്തപ്പെട്ടത്. അന്ന് കാര്യമായ പ്രതിഷേധം തിരുവിതാംകൂറില്‍ ഉണ്ടായില്ല. ഇന്നും അവസ്ഥയില്‍ വലിയ മാറ്റമില്ല. ഒ.ബി വാനുകളുടെ അകമ്പടിയോടെ തല്‍സമയസംപ്രേഷണത്തിന്റെ വെളിച്ചത്തില്‍ തിരുനെല്‍വേലിയിലേക്കുള്ള യാത്ര മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കുമായിരുന്നു എന്ന
വ്യത്യാസം മാത്രം. നീതിനിഷേധിക്കപ്പെടുന്ന തടവുകാരന്റെ രോദനം ആരവങ്ങള്‍ക്കിടയില്‍ ആരും കേള്‍ക്കുന്നില്ല^മാധ്യമങ്ങള്‍പോലും.
Courtesy : http://www.madhyamam.com

No comments: