WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, December 26, 2009

പ്രൊഫഷന്‍ നോക്കാതെ ഫാമിലി വിസ:റിയാദിന് പുറത്തും ഉടന്‍ ലഭിച്ചേക്കും

പ്രൊഫഷന്‍ നോക്കാതെ ഫാമിലി വിസ:റിയാദിന് പുറത്തും ഉടന്‍ ലഭിച്ചേക്കും
Friday, December 25, 2009

റിയാദ്: വിദേശ തൊഴിലാളികളുടെ ഇഖാമയിലെ പ്രൊഫഷന്‍ നോക്കാതെ ഫാമിലി വിസ നല്‍കുന്ന നടപടി വൈകാതെ രാജ്യത്തെ എല്ലാ മേഖലകളിലും നടപ്പാക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കി. ഇപ്പോള്‍ റിയാദ് മേഖലയില്‍ മാത്രമാണ് ഈ സൌകര്യമുള്ളത്.

സൌദിയില്‍ കുടുംബത്തെ താമസിപ്പിക്കാന്‍ സാമ്പത്തികമായി സാധ്യമാവുക എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാവും പ്രൊഫഷന്‍ പരിഗണിക്കാതെ വിസ നല്‍കിത്തുടങ്ങുക. ഇങ്ങനെ നല്‍കുന്നത് താല്‍കാലിക സന്ദര്‍ശന വിസയാകില്ലെന്നും മറിച്ച് തൊഴിലാളി സൌദിയിലുണ്ടാകുന്നത്രയും കാലം സാധുതയുള്ള സാധാരണ ഫാമിലി വിസയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൂന്ന് ദിവസം റിയാദില്‍ ഇത് പ്രായോഗികമായി നല്‍കിയതായും വൈകാതെ പുനാരംഭിക്കുമെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്ഥിരം വിസ ലഭിക്കുന്നതിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം ഇതിനും ബാധകമായിരിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റിയാദ് ഓഫീസില്‍ പരീക്ഷിച്ച ഈ പരിഷ്കരണം താമസിയാതെ സൌദിയുടെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ സൂചന നല്‍കി. ഇപ്പോള്‍ ജിദ്ദ, ദമ്മാം മേഖലയില്‍ നിബന്ധനകളില്‍ ഇളവ് ബാധകമാക്കിയിട്ടില്ല. മന്ത്രാലയത്തിന്റെ mofa.gov.sa എന്ന വെബ്സൈറ്റില്‍ ഇത്തരം വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷന്‍ നിലവിലുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയോളമായി റിയാദില്‍ ഫാമിലി സന്ദര്‍ശന വിസ പ്രൊഫഷന്‍ നോക്കാതെ നല്‍കിയിരുന്നു. ആദ്യദിവസങ്ങളിലുണ്ടായ തിരക്ക് കാരണം നടപടി ഇപ്പോള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ ലേബര്‍, ഹൌസ് ഡ്രൈവര്‍ എന്നീ തസ്തികളിലുള്ള തൊഴിലാളികളുടെ സന്ദര്‍ശന വിസക്കുള്ള അപേക്ഷ വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. അതേസമയം മറ്റ് പ്രൊഫഷനുകളിലുള്ളവര്‍ക്ക് ഇപ്പോളും സന്ദര്‍ശന വിസക്ക് അപേക്ഷിക്കാന്‍ സൌകര്യമുണ്ട്. വിദഗ്ധ തൊഴിലാളികള്‍ക്കും ഇഖാമയില്‍ പ്രത്യേക പ്രൊഫഷന്‍ രേഖപ്പെടുത്തിയവര്‍ക്കും മാത്രം നല്‍കിയിരുന്ന ഫാമിലി വിസയും കുടുംബ സന്ദര്‍ശന വിസയും ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ അടുത്ത കാലത്ത് മാറ്റം വരുത്തിയത് ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുന്നുണ്ട്. താല്‍ക്കാലികമായി നല്‍കിയ ആനുകൂല്യം ഉപയോഗപ്പെടുത്തി വിസ തരപ്പെടുത്താന്‍ പലരും ശ്രമം നടത്തുന്നതിനിടെ പെട്ടെന്ന് ഇത് പിന്‍വലിച്ചത് പലരെയും നിരാശയിലാക്കി. ഇതിനിടെയാണ് സ്ഥിരം വിസക്ക് കൂടി ആനുകുല്യം ലഭ്യമാകുന്ന രീതിയില്‍ നടപടി പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വന്നത്. വരും ദിവസങ്ങളില്‍ ഇതുസംബന്ധമായ കൂടുതല്‍ വ്യക്തത കൈവരുമെന്നാണറിയുന്നത്.

കെ.സി.എം അബ്ദുല്ല

No comments: