WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, December 26, 2009

പിഞ്ചുവിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചുകൊന്നു

പിഞ്ചുവിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചുകൊന്നു
Sunday, December 27, 2009
ബെയ്ലിപൂര്‍: ക്ലാസില്‍ കൂട്ടുകാരിയോട് സംസാരിച്ചതിന് പിഞ്ചു വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചുകൊന്നു. യു.പിയിലെ ബെയ്ലിപൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആകാംക്ഷയെയാണ് പ്രധാനാധ്യാപകന്‍ അമര്‍ സിങ് ഗൌതം മര്‍ദിച്ചു കൊന്നത്. ഇയാളെ പിന്നീട് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കെ ആകാംക്ഷ കൂട്ടുകാരിയോട് സംസാരിക്കുന്നതു കണ്ടതിനെ തുടര്‍ന്ന് കോപം ഇരച്ചുകയറി യ ഗൌതം കുട്ടിയെ അടിക്കുകയും ക്ലാസിലെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് പലതവണ ചവിട്ടുകയും ചെയ്തു. ആകാംക്ഷ തളര്‍ന്നു വീണിട്ടും അധ്യാപകന്‍ നിറുത്താന്‍ തയാറായില്ലെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞ് അവള്‍ സാധാരണ നിലയിലേക്ക് മടങ്ങി ബാക്കിയുള്ള ക്ലാസുകളില്‍ ഇരുന്നു. വൈകീട്ട് സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ കഴുത്തിന് പിന്നില്‍ വേദനിക്കുന്നതായി മാതാപിതാക്കളോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് അടുത്തുള്ള പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ആകാംക്ഷയുടെ നില വഷളായി. ബുധനാഴ്ച ഔരയ്യ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും ഏറെ വൈകിപ്പോയി. വൈകുന്നേരത്തോടെ ആകാംക്ഷ മരിച്ചു. നട്ടെല്ലിനേറ്റ ഗുരുതര ക്ഷതമായിരുന്നു കാരണം.
കഴുത്തിന് അടുത്തായി ഏറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ രേഖയില്‍ പറയുന്നു. അധ്യാപകന്‍ അതീവ ദേഷ്യത്തിലായിരുന്നുവെന്ന് കണ്ടു നിന്ന കുട്ടികള്‍ പറഞ്ഞതായി അന്വേഷണോദ്യോഗസ്ഥന്‍ ദീപക് മിശ്ര പറഞ്ഞു.
എന്നാല്‍, പരാതിയുമായി ആകാംക്ഷയുടെ പിതാവ് മദന്‍ലാല്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഗൌതമിനെതിരെ കേസെടുക്കാന്‍ തയാറായില്ലെന്ന് പറയുന്നു. 'അവര്‍ അയാളെ ഭയപ്പെടുന്നു. എന്റെ കുഞ്ഞിന്റെ മരണത്തില്‍ ക്ഷുഭിതരായി ഗ്രാമ വാസികള്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടുകയും കല്ലേറ് നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഗൌതമിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയാറായത്'^ മദന്‍ലാല്‍ പറഞ്ഞു.
എന്നാല്‍, ഗൌതമിനെതിരെയുള്ള കുറ്റം ശരിയായതാണെന്ന് പ്രൈമറി വിദ്യാഭ്യാസ ഓഫിസര്‍ രാജ് ബഹാദൂര്‍ പറഞ്ഞു. ജോലിയില്‍ നിന്നും ഇയാളെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഭവം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മുതിര്‍ന്ന ഓഫിസര്‍മാര്‍ക്ക് അയച്ചുകൊടുത്തതായും ഗൌതമിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുമെന്നും ബഹാദൂര്‍ പറഞ്ഞു.

No comments: