ഹജ്ജ്് വെല്‍ഫയര്‍ ഫോറം പ്രവര്‍ത്തനം വിപുലപ്പെടുത്തണം: കോണ്‍സല്‍ ജനറല്‍
Sunday, December 27, 2009
ജിദ്ദ: ഇന്ത്യയില്‍ നിന്ന് വരുന്ന ഹാജിമാരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണമെന്ന് കോണ്‍സല്‍ ജനറല്‍ സഈദ് അഹ്മദ് ബാവ നിര്‍ദേശിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍സുലേറ്റിന്റെയും ജിദ്ദ ഹജ്ജ്് വെല്‍ഫയര്‍ ഫോറത്തിന്റെയും സഹകരണ മേഖലകള്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ ഇംപാല ഓഡിറ്റോറിയത്തില്‍ ജിദ്ദ ഹജ്ജ്് വെല്‍ഫയര്‍ ഫോറം സംഘടിപ്പിച്ച അവലോകന യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാജിമാര്‍ക്ക് നിസ്വാര്‍ഥ സേവനം ചെയ്തതിന് ജിദ്ദ ഹജ്ജ്് വെല്‍ഫയര്‍ ഫോറത്തെ കോണ്‍സല്‍ ജനറല്‍ മുക്തകണ്ഠം പ്രശംസിച്ചു.
വഴി തെറ്റിയ ഹാജിമാരെ തമ്പുകളിലെത്തിക്കാനും ഭക്ഷണം സൌജന്യമായി വിതരണം ചെയ്യാനും മാസ്ക് നല്‍കാനും ലഘുലേഖകളിലൂടെ ബോധവത്കരിക്കാനും ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ വന്നിറങ്ങുമ്പോള്‍ ചായ നല്‍കാനും മറ്റും ഫോറം വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന മേഖല ഇനിയും വിപുലമാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ നിന്ന് പല ഭാഷകള്‍ സംസാരിക്കുന്ന, നാനാ സംസ്കാരങ്ങളുള്ളവരാണ് തീര്‍ഥാടനത്തിന് എത്തുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രായാധിക്യം ബാധിച്ച ഹാജിമാര്‍ വരുന്നതും നമ്മുടെ രാജ്യത്ത് നിന്നാണ്. ഹാജിമാരുടെ എണ്ണത്തിന്റെ കാര്യത്തിലും നാം ഒട്ടും പിറകിലല്ല. ഇതെല്ലാം കോണ്‍സുലേറ്റിന്റെമേല്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തവണ പന്നിപ്പനി ഭീഷണി ഇതിന് പുറമെ പ്രയാസങ്ങളുണ്ടാക്കി. എന്നിട്ടും ഹജ്ജ് നല്ല നിലയില്‍ കഴിഞ്ഞു. ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇപ്രാവശ്യം രേഖപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹറമില്‍ നിന്ന് ഏതാനും കി.മീറ്റര്‍ അകലെ അസീസിയയില്‍ ഹാജിമാരെ പാര്‍പ്പിച്ചത് പ്രശ്നമായിരുന്നു. ഹറമില്‍ എത്താനുള്ള ഗതാഗതക്കുരുക്ക്. സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും ബസില്‍ തിക്കിത്തിരക്കി കയറേണ്ടി വരുന്ന അവസ്ഥ. ഇംഗ്ലീഷ്, ഉര്‍ദു ഭാഷകള്‍ വശമില്ല എന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം നല്ലതാണെങ്കിലും സേവനം മോശമാണെന്ന് പറയുന്നത് പോലെ നല്ല കെട്ടിടമാണെങ്കിലും മോശം സേവനമാണ് കെട്ടിട ഉടമകള്‍ നല്‍കിയത്. ഹജ്ജ് സേവനത്തിനായി സമര്‍പ്പിതരായ സംഘമെന്ന നിലയില്‍ ഇതെല്ലാം നിങ്ങള്‍ അറിയണമെന്ന് ഹൃദയസ്പൃക്കായ ശൈലിയില്‍ കോണ്‍സല്‍ ജനറല്‍ ഓര്‍മ്മിപ്പിച്ചു.
ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം ചെയര്‍മാന്‍ ചെമ്പന്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ ചാവക്കാട്, പ്രൊഫ. ഇസ്മായില്‍ മരുതേരി, വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.കെ.എ.റസാഖ് മാസ്റ്റര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി.എ.മുനീര്‍ സ്വാഗതവും സി.വി.അബൂബക്കര്‍ കോയ നന്ദിയും പറഞ്ഞു. എം.എം.നാസര്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. എ.ഫാറൂഖ് ഉപസംഹാര പ്രസംഗം നിര്‍വഹിച്ചു.
ഇബ്രാഹീം ശംനാട്
No comments:
Post a Comment