സൂഫിയ കുറ്റം സമ്മതിച്ചെന്ന പൊലീസ്-മാധ്യമ പ്രചാരണം കെട്ടുകഥകളായി
Thursday, December 24, 2009
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയാ മഅ്ദനി കുറ്റം സമ്മതിച്ചെന്ന പൊലീസ്^മാധ്യമ പ്രചാരണങ്ങള്‍ കെട്ടുകഥകളായി. ഈ പ്രചാരണം കോടതി മുഖവിലയ്ക്ക് എടുക്കാത്തതിനെ തുടര്‍ന്നാണിത്. സൂഫിയയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം, അവര്‍ കുറ്റം സമ്മതിച്ചതായി മാധ്യമങ്ങളില്‍ 'ഫ്ലാഷ് ന്യൂസുകള്‍' വന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ 'കുറ്റസമ്മത മൊഴികള്‍' ഒന്നൊന്നായി മാധ്യമങ്ങളിലൂടെ പുറത്തുവന്നു. എന്നാല്‍, ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ മുമ്പാകെ ഈ വാദങ്ങളെല്ലാം അസ്ഥാനത്തായി.
സൂഫിയ പ്രതിയാണെന്ന് നേരത്തേ അറിയാമായിരുന്നെന്നും അറസ്റ്റോടെ പൊലീസിന്റെ പ്രതിഛായ മെച്ചപ്പെട്ടുവെന്നുമുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ജാമ്യ ഹരജിയിലെ കോടതി വിധിയെ തുടര്‍ന്ന് 'ബൂമറാംഗ്' പോലെ തിരിച്ചടിക്കുകയാണ്. സൂഫിയയെ പ്രതിചേര്‍ക്കാന്‍ നാലുവര്‍ഷത്തിലേറെ സമയമെടുത്തതിന്റെ കാര്യമെന്തെന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന് ഉത്തരമുണ്ടായില്ല. മാത്രമല്ല, പ്രതിചേര്‍ക്കപ്പെട്ട സൂഫിയ ഏറക്കുറെ മുഴുസമയവും കൊച്ചിയിലുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമീഷണര്‍ പി.എം. വര്‍ഗീസും തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഡി.ഐ.ജി ടി.കെ വിനോദ് കുമാറും നേരത്തേ പലവട്ടം സൂഫിയയെ ചോദ്യം ചെയ്തിട്ടുമുണ്ട്.
അന്ന് ചോദിച്ചതില്‍ കൂടുതലൊന്നും കസ്റ്റഡിയില്‍വെച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന സൂഫിയ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നിട്ടുപോലും മാധ്യമങ്ങള്‍ തുടര്‍ച്ചയായി 'കുറ്റസമ്മത' കഥകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. കളമശേരി ബസ് കത്തിക്കല്‍ സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് ഇപ്പോഴത്തെ അന്വേഷണോദ്യോഗസ്ഥന്‍തന്നെ മാസങ്ങള്‍ക്ക് മുമ്പ് ഹൈ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യംപോലും മറന്നാണ് കുറ്റസമ്മത കഥകള്‍ പ്രചരിപ്പിച്ചത്.
എം.കെ.എം ജാഫര്‍
No comments:
Post a Comment