കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം: ഒരാള്‍ മരിച്ചു
കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍ തെരുവില്‍ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി റഷീദ് (32) ആണ് മരിച്ചത്. മത്സ്യവ്യാപാരിയായ റഷീദിന് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പൊള്ളലേറ്റത്. സംഭവത്തില്‍ 21 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. പൊള്ളലേറ്റവരില്‍ ഒമ്പതു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മൂന്നു പേരെ തിരുവനന്തപുരം കിംസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊല്ലം ജില്ലാ ആസ്പത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രി എന്നിവിടങ്ങിളല്‍ പ്രവേശിപ്പിച്ചു. സമദ്, സജീവ്, വിനോദ് കുമാര്‍, ബിജു, നാസര്‍, അഷ്‌റഫ്, പിങ്കുദാസ്, പ്രശാന്ത് ദാസ് എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ളത്. ഷമീര്‍, പ്രദീപ്, സുനില്‍ കുമാര്‍ എന്നിവരാണ് കിംസിലുള്ളത്.
ചവറ എസ്.ഐ ഷുക്കൂര്‍, എ.എസ്.ഐ കെ.സി ഫിലിപ്പ്, എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ അലക്‌സാണ്ടര്‍ ലൂക്ക് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സമീര്‍, വിനോദ്, സി.പി ജോസ് എന്നീ അഗ്നിശമന സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. അപകടത്തില്‍ ഒരു പോലീസ് ജീപ്പും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.
പുലര്‍ച്ചെ മൂന്നരയോടെ ഒരു കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറിയാണ് പൊട്ടിത്തെറിച്ചത്. അപകട സ്ഥലത്ത് എത്തിയ പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോളുണ്ടായ സ്പാര്‍ക്കില്‍ നിന്നാണ് തീ പിടിച്ചതെന്നാണ് കരുതുന്നത്. സമീപത്തുണ്ടായിരുന്ന 10 കടകള്‍ക്കും ചില വീടുകള്‍ക്കും തീ പിടിച്ചു. അപകടം നടന്ന കാറിലുണ്ടായിരുന്നവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.
വീടുകളുടേയും കടകളിലേയും തീ പൂര്‍ണ്ണമായും കെടുത്തിയെങ്കിലും ടാങ്കര്‍ ലോറിയിലെ തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ലോറിയിലെ പാചകവാതകം പൂര്‍ണ്ണമായും കത്തിത്തീര്‍ന്നാലെ തീ അണയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് അഗ്നിശമന സേന അറിയിച്ചത്. ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് കായംകുളം-കൊല്ലം റൂട്ടിലെ തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു. കരുനാഗപ്പള്ളി സബ് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
http://www.sirajnews.blogspot.com/
No comments:
Post a Comment