Manqoos Moulid
Sunday, December 27, 2009
ഓപറേഷന്‍ മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍
ഓപറേഷന്‍ മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍
Monday, December 28, 2009
വിജു വി. നായര്‍
കളമശേãരി ബസ്കത്തിക്കല്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നു എന്ന് കോടിയേരിയും ഉണ്ടെങ്കില്‍ സംഗതി 42 മാസമായി കൈവശം വെച്ച് എന്തെടുക്കുകയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടിയും പരസ്പരം കുറ്റപ്പെടുത്തി മിടുക്കരാവുന്ന ആ 'തെളിവ്' എന്താണ്?
സൂഫിയ മഅ്ദനിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയ്ല്‍സ് എന്ന് രണ്ടു കൂട്ടരും ഒരേ നാവാല്‍ പറയും. എന്താണതിലെ 'ഡീറ്റെയ്ല്‍സ്' എന്ന് പൊതുവിലാരും ചോദിക്കുന്നില്ല, പറയുന്നുമില്ല. ബസ് കത്തിച്ചവരെന്ന് പൊലീസ് പറയുന്ന ചിലര്‍ സൂഫിയയുടെ ഫോണിലേക്കും തിരിച്ചും സംഭവദിവസം വിളിച്ചു എന്നു മാത്രമാണ് സ്ഥിരം മറുപടി. ബസ് കത്തിച്ചവരാണോ വിളിച്ചതെന്നു തറപ്പിച്ചു ചോദിച്ചാല്‍ ഇപ്പറയുന്ന പൊലീസിനും ഉരുണ്ടുകളിക്കേണ്ടിവരും. കാരണം, കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി എന്നു പറഞ്ഞ് തൊണ്ടിസഹിതം പിടികൂടി അഞ്ചു കൊല്ലമായി പ്രദര്‍ശിപ്പിച്ചിരുന്ന ആളല്ല ഇപ്പോള്‍ ഒന്നാംപ്രതി. തന്നെയല്ല, അയാളെ മേപ്പടി തൊണ്ടിസാധനങ്ങള്‍ സഹിതം വിട്ടയച്ചിരിക്കുന്നു. പുതിയ തൊണ്ടിയൊന്നും പൊന്തിയിട്ടുമില്ല.
ഫോണിലേക്കു വിളിച്ചു എന്നതു മാത്രമാണ് ഇപ്പോഴും തെളിവായി പൊലീസ് പറയുന്നത്. എങ്കില്‍, ഇപ്പോഴത്തെ ഒന്നാംപ്രതി തടിയന്റവിട നസീര്‍ അന്നേ ദിവസം സൂഫിയയെ വിളിച്ചതായി പറയുന്നുമില്ല. അതുംപോട്ടെ, ഫോണ്‍സംഭാഷണമാണ് ഈ കേസിലെ ഏക തെളിവെന്നിരിക്കെ, പ്രസ്തുതസംഭാഷണം എന്തായിരുന്നു എന്നതാണല്ലോ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാനുള്ള ഏകഘടകം. സംഭാഷണത്തിന്റെ ടേപ്പുണ്ട് എന്നു പറഞ്ഞുതുടങ്ങിയ പൊലീസ് ഇപ്പോള്‍ പറയുന്നത് ടേപ്പ് കാണാനില്ലെന്ന്. ബസ് കത്തിക്കലും സൂഫിയയും തമ്മിലെന്ത് എന്ന മര്‍മപ്രധാന ചോദ്യത്തില്‍നിന്ന് ഇങ്ങനെ ക്ലീനായി വഴുതിമാറുന്നതിന് എന്താണ് കാരണം? ഒന്നുകില്‍ അങ്ങനെയൊരു ടേപ്പില്ല. അല്ലെങ്കില്‍, പ്രസ്തുത ടേപ്പില്‍ ഈ കേസില്‍ സൂഫിയയെ ഉള്‍പ്പെടുത്താന്‍ പറ്റിയ സംഭാഷണമില്ല. പൊലീസ് ഇക്കാര്യത്തില്‍ കൌശലപൂര്‍വമായ മൌനം പാലിക്കുകയും അതേസമയം മാധ്യമദ്വാരാ, 'ഫോണ്‍ സംഭാഷണം, ഫോണ്‍ സംഭാഷണം' എന്ന ഉമ്മാക്കിയെ കച്ചക്കെട്ടായി നിലനിറുത്തുകയും ചെയ്യുമ്പോള്‍ സമൂഹം എന്ന നിലക്ക് നമുക്കു കാര്യം തിരക്കേണ്ടത് ഇനി സൂഫിയയോടും ബന്ധപ്പെട്ട ഫോണ്‍വിളിക്കാരോടുമാകുന്നു.
2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കളമശേãരിയില്‍ ബസ് കത്തിക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി അപ്പോള്‍ കോയമ്പത്തൂര്‍ ജയിലില്‍ ചെന്നൈ ഹൈകോടതിയുടെ പരിഗണനയിലുള്ള ജാമ്യാപേക്ഷയിലെ വിധിയും കാത്തുകഴിയുകയാണ്. മാത്രമല്ല, എട്ടുകൊല്ലത്തിലേറെയായി വിചാരണത്തടവുകാരനായി കിടക്കുന്നതിലെ മനുഷ്യാവകാശപ്രശ്നത്തിന്മേല്‍ കേരളത്തില്‍ പൊതുചര്‍ച്ച നടക്കുന്നു. ഈ നേരത്ത് മഅ്ദനിയുടെ ഭാര്യ പ്രകോപനപരവും ഭര്‍ത്താവിന്റെ വിധിക്ക് പ്രതിലോമകരവുമായ ഒരു അതിക്രമത്തിനു മുതിരുമോ എന്ന സാമാന്യചോദ്യം നമുക്ക് വിടാം. എന്നാല്‍, ജയിലില്‍ മഅ്ദനി മര്‍ദനത്തിനിരയായി, ബോധംകെട്ടു ഇത്യാദി വാര്‍ത്തകള്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയെ ഫോണിലും മറ്റും ബന്ധപ്പെട്ട് ആളുകള്‍ വിവരം തിരക്കുന്ന സ്വാഭാവികതയെ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല. ഇങ്ങനെ ബന്ധപ്പെട്ടവരില്‍ ചിലരെ പെറുക്കിയെടുത്ത് പ്രതിചേര്‍ക്കുകയാണ് പൊലീസ് ആദ്യമേ ചെയ്തത്. അവരില്‍ പ്രമുഖരായവരുടെ സൂഫിയാബന്ധം നോക്കാം.
ഒന്ന്, മജീദ് പറമ്പായി.
കണ്ണൂരിലെ മുന്‍ പി.ഡി.പി ജില്ലാ സെക്രട്ടറിയായ മജീദിന് മഅ്ദനി കുടുംബവുമായുള്ള ബന്ധം ഊഹിക്കാവുന്നതേയുള്ളൂ. തന്റെ വീട്ടുസഹായിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹകാര്യത്തിന് മജീദടക്കം പരിചയക്കാര്‍ പലരോടും സൂഫിയ സഹായമഭ്യര്‍ഥിച്ചിരുന്നു. മജീദിന്റെ ബന്ധുവായ 'ഹാജി' എന്നൊരാള്‍ ഇക്കാര്യത്തിന് പലവട്ടം ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. കളമശേãരിസംഭവത്തിന്റെ തലേന്ന് മജീദ് ബന്ധപ്പെട്ടതനുസരിച്ച് ഇപ്പറയുന്ന ഹാജിയും ഫോണ്‍ചെയ്തു. പെണ്ണു കാണാനായി ഒരു യുവാവിനെയും കൂട്ടി അയാള്‍ അന്ന് സൂഫിയയുടെ വീട്ടിലെത്തി. പ്രത്യേകിച്ചൊരു തീരുമാനവും പറയാതെ അവര്‍ പോയതുകൊണ്ട് പിറ്റേന്നുതന്നെ സൂഫിയ ഇപ്പറഞ്ഞ മൂന്നുപേരെയും ഫോണ്‍ ചെയ്ത് കാര്യം തിരക്കുന്നു. പെണ്ണിന് ഉയരക്കുറവായതിനാല്‍ വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് അന്നുതന്നെ അവര്‍ മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളത്രയും പറമ്പായി മജീദും പെണ്ണുകാണാന്‍ ചെന്നവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ ഉമറുല്‍ ഫാറൂഖ്, യൂസുഫ് എന്നിവരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയതുമാണ്. സൂഫിയ^മജീദ് ഫോണ്‍സംഭാഷണം ഈ വിവാഹകാര്യം സംബന്ധിച്ചുള്ളതല്ലെന്ന് പൊലീസും പറയുന്നില്ല. എന്നിട്ടും ഇവര്‍ രണ്ടാളെയും ഫോണ്‍സംഭാഷണം എന്ന 'തെളിവി'ന്റെ പേരില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നു.
കളമശേãരി കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് പി.ഡി.പിയുടെ ആലുവ മണ്ഡലം സെക്രട്ടറി ശരീഫാണ്. ഭേഷെ മര്‍ദിക്കുകയും അയാളുടെ വീട്ടില്‍നിന്ന് ബസ് കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് പന്തവും പെട്രോളും മറ്റും പിടിച്ചെന്നു പ്രചരിപ്പിക്കുകയും ചെയ്തു. സമാനമായ ചില സാധനങ്ങള്‍ സൂഫിയയുടെ വീട്ടുവളപ്പില്‍ കൊണ്ടുചെന്നിടണമെന്നും അവരാണ് ബസ് കത്തിക്കാന്‍ നിര്‍ദേശിച്ചതെന്നു പറയണമെന്നും ശരീഫിനോട് അന്നുതന്നെ പൊലീസ് ആവശ്യപ്പെട്ടതായി അയാള്‍ പറയുന്നുണ്ട്. എന്നുവെച്ചാല്‍, ബസ് കത്തിക്കലിന്റെ സൂത്രധാരക മഅ്ദനിയുടെ ഭാര്യയും നടത്തിപ്പുകാര്‍ പി.ഡി.പി പ്രവര്‍ത്തകരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് തുടക്കംതൊട്ടേ ശ്രമിച്ചിരുന്നു എന്നര്‍ഥം. ഇക്കാര്യം കേവലമായ അനുമാനമല്ല. ശരീഫിനുപുറമെ മജീദ് പറമ്പായിയും ഈ വഴിക്ക് വ്യക്തമായ സൂചന നേരത്തേതന്നെ പരസ്യമായി നല്‍കിയിരുന്നു. തന്നെ കസ്റ്റഡിയിലിട്ട് കഠിനമായി പീഡിപ്പിച്ചെന്നും സൂഫിയയാണ് ആസൂത്രകയെന്നു പറയാന്‍ ശക്തമായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നെന്നും മജീദ് ജാമ്യത്തിലിറങ്ങിയ ശേഷം പരസ്യമാക്കി. മജീദിന്റെ മേലുള്ള പീഡനം സഹിക്കവയ്യാതെ അയാളുടെ കുടുംബക്കാര്‍ അതിനുമുമ്പുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ലമെന്റ്തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ കൈരളി ടി.വിക്ക് മജീദ് നല്‍കിയ അഭിമുഖത്തിലും ഇതെല്ലാം സവിസ്തരം വെളിപ്പെടുത്തിയതാണ്. 'ഈ കേസ് തീര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്കിത് സൂഫിയയില്‍ കൊണ്ടെത്തിച്ചേ തീരൂ. എങ്കില്‍ മാത്രമേ ബസ് കത്തിച്ചത് മഅ്ദനിക്കുവേണ്ടിയാണെന്ന് വരുത്തി, അന്വേഷണം അവസാനിപ്പിക്കാന്‍ സാധിക്കൂ' എന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായിട്ടാണ് മജീദിന്റെ വെളിപ്പെടുത്തല്‍. ഇങ്ങനെയൊക്കെ പറഞ്ഞ് മജീദില്‍നിന്ന് തരപ്പെടുത്തിയ മൊഴി പീഡിപ്പിച്ചുണ്ടാക്കിയ കെട്ടുകഥകളാണെന്നു തോന്നിയ മേലുദ്യോഗസ്ഥര്‍ പക്ഷേ, സൂഫിയയെ ഇതുവെച്ച് പ്രതിയാക്കാന്‍ അന്നു തുനിഞ്ഞില്ല. അതുകൊണ്ടുതന്നെ, ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവരുടെ പേരു ചേര്‍ത്തില്ല.
എന്നാല്‍, കുറ്റപത്രം കൊടുത്ത് ഏതാനും ദിവസങ്ങള്‍ക്കകം പൊലീസ് അത് പിന്‍വലിക്കുന്നു. കൂടുതല്‍ അന്വേഷിക്കാനുണ്ടെന്ന് പറയുന്നില്ല. പുതുതായി ആരെയെങ്കിലും പ്രതിചേര്‍ക്കാനുണ്ടെന്നും പറയുന്നില്ല. ഇവിടെയാണ് കളി. സൂഫിയ മഅ്ദനിയെ പ്രതിയാക്കാനുള്ള തുടക്കം മുതല്‍ക്കേയുള്ള ശ്രമത്തിനു പിന്നിലെ ചേതോവികാരം പൊലീസിന് കളമശേãരി കേസിലുള്ള തുമ്പില്ലായ്മക്ക് ഒരൊറ്റമൂലി എന്നതായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം^കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് മുതല്‍^ ആ വഴിക്കുള്ള ആസൂത്രണത്തിനൊരു രണ്ടാം മുഖം കൈവരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മാത്രം ആവശ്യമായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ സംഗതി കുറേക്കൂടി ആഴത്തിലുള്ള പ്രബലഘടകങ്ങളുടെ അനിവാര്യതയായി. ആ പശ്ചാത്തലം വ്യക്തമാക്കിയാലേ ഈ കേസിന്റെ ഗൂഢാലോചന വകതിരിച്ചറിയാനാകൂ.
കളമശേãരിയില്‍ ഒരു ബസ് കത്തിച്ചാല്‍ ഉടന്‍ മഅ്ദനിയുടെ ഭാര്യയുടെ ഫോണില്‍ തെളിവു തപ്പുന്നതിന്റെ ഉദ്ദേശ്യത്തില്‍നിന്നുവേണം കഥ തുടങ്ങാന്‍. ഒന്നാമത് അവര്‍ പി.ഡി.പി പ്രവര്‍ത്തകയല്ല. മഅ്ദനിയുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ ഭാരവാഹിയുമല്ല. ജയിലില്‍ കഴിയുന്ന മഅ്ദനിക്കുവേണ്ടി ബസ് കത്തിച്ചതുകൊണ്ട് ഭാര്യയറിയാതെ കാര്യം നടക്കില്ലെന്നത് ഒരൂഹം മാത്രമാണ്. ആ വഴിക്ക് അന്വേഷണം നടത്തേണ്ടതുമാണ്. എന്നാല്‍, ഊഹത്തെ കറതീര്‍ന്ന മുന്‍വിധിയായി ഉറപ്പിക്കുന്ന നീക്കമാണ് ഈ കേസന്വേഷണത്തില്‍ പിന്നീട് കണ്ടതത്രയും. അഥവാ മറ്റൊരു സാധ്യതപോലും പൊലീസ് ഗൌനിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെയാണ് പ്രത്യേകിച്ചൊരു യുക്തിസഹമായ തുമ്പുമില്ലാതെ ഈ കേസ് കിടന്നുപോയതും. സൂഫിയയുടെ കോള്‍ലിസ്റ്റിലുള്ള ചിലരെ മാത്രം അച്ചുതണ്ടാക്കിയ തിരക്കഥയെയാണ് അന്വേഷണം എന്ന പേരില്‍ ഇത്രകാലം വിളിച്ചിരുന്നതെന്നു ചുരുക്കം. സ്വാഭാവികമായും തിരക്കഥക്ക് ബലമുണ്ടാകണമെങ്കില്‍ സൂഫിയതന്നെ നായികയാവണം. അതിനുള്ള വകുപ്പ് പക്ഷേ, കോള്‍ലിസ്റ്റിലില്ല. അഥവാ പൊലീസ് അഭിലഷിക്കുന്ന വെടിമരുന്ന് അതിലില്ല. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ തിരക്കഥാകൃത്തുക്കള്‍ ബാധ്യസ്ഥരാകും. വിശേഷിച്ചും അതിനുള്ള സമ്മര്‍ദം അവര്‍ക്കുമേലുണ്ടെങ്കില്‍, വിരുദ്ധധ്രുവങ്ങളില്‍ നിന്നുള്ള സമ്മര്‍ദം വരുമ്പോള്‍ അന്വേഷകര്‍ സൌകര്യംപോലെ ഡബിള്‍റോള്‍ നടിക്കും^അതതു സമ്മര്‍ദങ്ങളുടെ കാലികമായ ബലവും ക്ഷയവുമനുസരിച്ച്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഉഴപ്പിയതും കോടിയേരിയുടെ പൊലീസ് വെച്ചുതാമസിപ്പിച്ചതുമൊക്കെ ഈ സമ്മര്‍ദത്തിന്റെ ഒരൊറ്റ സന്തുലന ബിന്ദുവിലാണ്^മഅ്ദനിയെവെച്ചുള്ള മുസ്ലിം വോട്ടുരാഷ്ട്രീയം.
കേരളത്തിലെ ഇരു മുന്നണികള്‍ക്കും മഅ്ദനി ലക്ഷണമൊത്ത രാഷ്ട്രീയായുധമാണ്. ഇരുമുന്നണിയും തെരഞ്ഞെടുപ്പിന് മഅ്ദനിയുടെ പിന്തുണ തേടിച്ചെല്ലും. പിന്തുണ കിട്ടുന്നവര്‍ക്കെതിരെ മറുപക്ഷം ഉടനടി 'തീവ്രവാദിബന്ധം' ആരോപിക്കും. അടുത്ത റൌണ്ടില്‍ ഈ മറുപക്ഷത്തിനാണ് പിന്തുണ കിട്ടുന്നതെങ്കില്‍ അവര്‍ അതുവരെ പ്രചരിപ്പിച്ച തീവ്രവാദി ബന്ധക്കഥ ഒരുളുപ്പുമില്ലാതങ്ങ് വിഴുങ്ങും. കഴിഞ്ഞ തവണ മഅ്ദനിയുടെ തോളില്‍ കൈയിട്ട കൂട്ടര്‍ ഉടനെ പ്ലേറ്റ് തിരിച്ചുവെക്കും^എതിര്‍പക്ഷത്തിനുമേല്‍ തീവ്രവാദിബന്ധം എന്ന ലേബലൊട്ടിക്കുകയായി. കേരളീയരുടെ സാമാന്യബോധത്തെ ഇത്ര കൂളായി കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് കഴിഞ്ഞ ഒരു ദശകമായി ഇടതുപക്ഷവും യു.ഡി.എഫും സാഘോഷം വെച്ചുനടത്തുന്നു. ദോഷം പറയരുതല്ലോ^ഇക്കാര്യത്തില്‍ ഇരട്ടത്താപ്പില്ലാത്ത ഏകകക്ഷി ബി.ജെ.പിയാണ്.
നിര്‍ലജ്ജമായ ഈ ഭൂമികയിലേക്കാണ് മഅ്ദനി ജയില്‍വിട്ടെത്തുന്നത്. അതിനുമുമ്പ്, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പിന്തുണ തേടി ഇരുമുന്നണിയിലെയും പ്രമുഖര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അനന്തരം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഒരു പൊതുയോഗം. ഇക്കുറി മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നറിയിക്കുന്ന കത്ത് അവിടെവച്ച് പരസ്യമായി കൈമാറുന്നു. ഏറ്റുവാങ്ങിയത് കോടിയേരി. മുഖ്യപ്രസംഗകരിലൊരാള്‍ ആര്‍.എസ്.പി നേതാവ് ചന്ദ്രചൂഡന്‍ (ഈ ദേഹമാണ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളയില്‍ 'തീവ്രവാദബന്ധ'ത്തിന്മേല്‍ നമ്മളെ ധാര്‍മികമായി പ്രബുദ്ധരാക്കിയത്). ആ കത്തില്‍ പറഞ്ഞിരുന്നപോലെ വോട്ടുപെട്ടി തുറന്നപ്പോള്‍ 'വന്‍മരങ്ങള്‍ പലതും കടപുഴകി'. പുഴകിയ മരങ്ങള്‍ കൂടുതലും യു.ഡി.എഫിലായതുകൊണ്ട് മഅ്ദനി ജയില്‍വിട്ടിറങ്ങിയതും ഇടതുപക്ഷം ചെമ്പരവതാനി വിരിച്ച് ആളെ റാഞ്ചി. മുസ്ലിം വോട്ടില്‍ ഒരു കഷണം ഇടതുപക്ഷത്താവുന്നതിന്റെ ത്രാസം മറുപക്ഷം മറച്ചത് പഴയ പല്ലവി പൊടിതട്ടിയെടുത്തുകൊണ്ടാണ് ^'തീവ്രവാദിബന്ധം'. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് പ്രമാണിമാരുടെ മഅ്ദനി വിരോധം മൂര്‍ച്ഛിച്ചു. മാധ്യമങ്ങളില്‍^പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളില്‍^കയറിയിരുന്ന് പരസ്യമായ ശരവര്‍ഷം തുടങ്ങി. രാഷ്ട്രീയ വിമര്‍ശങ്ങളും ആരോപണ പ്രത്യാരോപണങ്ങളും എന്ന നിലവിട്ട് പച്ചയായ വ്യക്തിവിദ്വേഷവും ആപത്കരമായ വിഷവര്‍ഷവും പ്രസരിപ്പിക്കാനുള്ള ലൈസന്‍സായി പലര്‍ക്കും ഈ അവസരം. ഓപറേഷന്‍^മഅ്ദനിയുടെ രാഷ്ട്രീയ പിന്നാമ്പുറത്തേക്ക് വെളിച്ചംവീശുന്ന മാതൃകയായി പ്രശസ്തമായ ഒരുദാഹരണം തരാം^കെ. ബാബു എം.എല്‍.എ.
(തുടരും)
http://www.madhyamam.com
Subscribe to:
Post Comments (Atom)
No comments:
Post a Comment