WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, December 23, 2009

മാധ്യമങ്ങള്‍ മതേതര പാരമ്പര്യത്തിലേക്ക് മടങ്ങണം -സച്ചിദാനന്ദന്‍

മാധ്യമങ്ങള്‍ മതേതര പാരമ്പര്യത്തിലേക്ക് മടങ്ങണം -സച്ചിദാനന്ദന്‍
Thursday, December 24, 2009
ന്യൂദല്‍ഹി: സൂഫിയ മഅ്ദനിയുടേതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമചിത്തത വീണ്ടെടുത്ത് മലയാള മാധ്യമങ്ങള്‍ കേരളത്തിന്റെ മതേതര പാരമ്പര്യത്തിലേക്ക് തിരിച്ചുപോകണമെന്ന് പ്രമുഖ കവി സച്ചിദാനന്ദന്‍ ന്യൂദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നാലു മാസമായി മലയാള മാധ്യമങ്ങള്‍ പൊലിപ്പിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വലതുപക്ഷ ഹിന്ദുത്വ കക്ഷികളെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
താന്‍ സൂഫിയയുടെ പക്ഷം ചേരുന്നില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. അതേസമയം, സൂഫിയാ മഅ്ദനി കുറ്റക്കാരിയാണോ അല്ലേയെന്ന് കോടതിയെ മറികടന്ന് മാധ്യമങ്ങള്‍ വിചാരണ നടത്തുന്നതിലെ യുക്തിയെന്താണെന്ന് അദ്ദേഹം ചോദിച്ചു. കോടതി വിചാരണ തുടങ്ങും മുമ്പാണ് മാധ്യമങ്ങളുടെ വിചാരണ. സൂഫിയയുടെ മാധ്യമവിചാരണയും 'ലൌ ജിഹാദി'ന്റെയും വര്‍ക്കലയിലെ ദലിത് തീവ്രവാദത്തിന്റെയും തെറ്റായ വാര്‍ത്തകളും ബീമാപള്ളി വെടിവെപ്പില്‍ യുവാക്കള്‍ മരിച്ചപ്പോള്‍ പാലിച്ച ദുരൂഹമായ മൌനവുമാണ് മലയാള മാധ്യമങ്ങളുടെ കാര്യത്തില്‍ വീണ്ടുവിചാരം ആവശ്യപ്പെടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സച്ചിദാനന്ദന്‍ വിശദീകരിച്ചു.
ഇത്തരം വാര്‍ത്തകളുടെ തലക്കെട്ടിന്റെ വലുപ്പവും പേജിലെ സ്ഥാനവും നിര്‍ണയിക്കുമ്പോള്‍ മതേതര പാരമ്പര്യത്തെ തകര്‍ത്ത് വര്‍ഗീയതക്ക് ഇടംനല്‍കുകയല്ലേ ചെയ്യുന്നതെന്ന് മാധ്യമങ്ങള്‍ വീണ്ടുവിചാരം നടത്തണം. ഇരകളുടെയും പീഡിതരുടെയും പക്ഷത്ത് നില്‍ക്കാനുള്ള ആര്‍ജവമാണ് മാധ്യമങ്ങള്‍ കാണിക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത 'ലൌ ജിഹാദ്' സംബന്ധിച്ച് വന്ന ചില മലയാള പത്രങ്ങളുടെ വാര്‍ത്തകളിലെ വൈരുധ്യം പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. 'ലൌ ജിഹാദി'ന് തെളിവെന്ന് ഡി.ജി.പി എന്ന് തലക്കെട്ട് കൊടുത്ത പത്രത്തിന്റെ തലക്കെട്ടിനു താഴെയുള്ള വാര്‍ത്തയില്‍ 'ലൌ ജിഹാദി'ന് തെളിവില്ലെന്ന് ഡി.ജി.പി കോടതിയില്‍ ബോധിപ്പിച്ചതായാണ് പറയുന്നത്.
അശ്രദ്ധകൊണ്ട് വന്നുപോകുന്ന തെറ്റുകളല്ല ഇത്. ഉദ്ദേശ്യപൂര്‍വം ചെയ്യുന്നതാണ്. അതിന് ഭീകരമായ വിലയായിരിക്കും കേരളീയ സമൂഹം കൊടുക്കേണ്ടിവരികയെന്ന് സച്ചിദാനന്ദന്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ സാംസ്കാരിക നായകര്‍ ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് 17 വര്‍ഷമായി ദല്‍ഹിയില്‍ കഴിയുന്ന തനിക്കറിയില്ലെന്ന് സച്ചിദാനന്ദന്‍ ചോദ്യത്തിനുത്തരമായി പറഞ്ഞു. കോടതി പറഞ്ഞ ലൌ ജിഹാദ് തെറ്റെന്നു പറയുന്ന താങ്കള്‍ കോടതിയെയും വിമര്‍ശിക്കുകയാണോ എന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ കോടതി തന്നെ അത് തിരുത്തിയില്ലേയെന്ന് സച്ചിദാനന്ദന്‍ തിരിച്ചുചോദിച്ചു. പിണറായിയുടെ കാര്യത്തില്‍ ചെയ്തതുതന്നെയല്ലേ സൂഫിയയുടെ കാര്യത്തിലും ചെയ്തിട്ടുള്ളൂവെന്ന് ചോദിച്ച പ്രമുഖ ചാനല്‍ പ്രവര്‍ത്തകനോട് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനിടയുള്ള വൈകാരിക വാര്‍ത്തകളും രാഷ്ട്രീയ വാര്‍ത്തകളും ഏകപക്ഷീയമായി കൊടുക്കുന്നത് ഒരുപോലെയല്ലെന്ന് സച്ചിദാനന്ദന്‍ ഓര്‍മിപ്പിച്ചു.
മദ്രാസ് ഹൈകോടതി കൂടി കുറ്റമുക്തനാക്കിയ പശ്ചാത്തലത്തില്‍ വിചാരണ കൂടാതെ ജീവപര്യന്തത്തോളം തടവ് അനുഭവിച്ച അബ്ദുന്നാസിര്‍ മഅ്ദനിക്ക് നഷ്ടപരിഹാരം ചോദിച്ച് കേരളത്തില്‍നിന്ന് ആരും രംഗത്തുവരാത്തത് തീവ്രവാദമുദ്ര പതിയുമെന്ന് ഭയന്നിട്ടാണെന്ന് അക്കാദമിക് പണ്ഡിതനും ജെ.എന്‍.യുവിലെ അധ്യാപകനുമായ പ്രഫ. എ.കെ രാമകൃഷ്ണന്‍ പറഞ്ഞു. ഏറ്റവും മോശമായ ലൌ ജിഹാദ് പ്രചാരണം ക്രിസ്തീയ സഭകള്‍ ഏറ്റെടുത്തതില്‍ കത്തോലിക്കനായ താന്‍ നാണിക്കുകയാണെന്ന് ദേശീയോദ്ഗ്രഥന സമിതി അംഗം ജോണ്‍ ദയാല്‍ പറഞ്ഞു.
മിശ്രവിവാഹിതര്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന രാജ്യത്ത് അന്യസമുദായക്കാരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന മുസ്ലിം യുവാക്കള്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അന്യസമുദായക്കാരായ യുവാക്കളോടൊപ്പം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പോകുന്നുണ്ടെങ്കില്‍ അതിന്റെ കാരണമന്വേഷിച്ച് പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രചാരണം നടത്തുകയല്ല.

ഹസനുല്‍ ബന്ന

No comments: