WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, December 22, 2009

ബഹുസ്വരതയുടെ വിദൂഷക വേഷങ്ങള്‍

ബഹുസ്വരതയുടെ വിദൂഷക വേഷങ്ങള്‍
അഭിമുഖം/ഒ അബ്‌ദുല്ല
ഒ അബ്‌ദുല്ല ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്‌. അകത്തളങ്ങളിലെ
അടക്കംപറച്ചില്‍ മുതല്‍ അരങ്ങിലെ ആട്ടക്കഥകള്‍ വരെ അറിഞ്ഞനുഭവിച്ച ഒരാള്‍
ഔദ്യോഗികവൃത്തത്തിനു പുറത്ത്‌ വിമതശബ്‌ദം ഉയര്‍ത്തിയപ്പോള്‍ മൗനമാണ്‌
പ്രതിരോധത്തിന്റെ ഏകമാര്‍ഗമായി അവര്‍ കണ്ടത്‌. പക്ഷേ, ആ നിസ്സഹായതയിലെ ദൈന്യത
വ്രണമായി എന്നും നീറ്റലാവുന്ന വല്ലാത്തൊരു പ്രതിസന്ധിയാണ്‌. തരാതരം പുതിയ
അമ്പുകളുയര്‍ത്തി രംഗത്തെത്താറുള്ള അബ്‌ദുല്ല, വിജയദശമി ദിനത്തില്‍ പ്രമുഖനായ
ജമാഅത്ത്‌ നേതാവിന്റെ സ്ഥാപനത്തിന്റെതായി പ്രത്യക്ഷപ്പെട്ട `ഹരിശ്രീ ഗണപതായ നമഃ'
എന്ന പരസ്യം വിവാദമായ പശ്ചാത്തലത്തില്‍ രിസാലയുമായി സംസാരിക്കുന്നു.
ഒ അബ്‌ദുല്ല ഒരു ജമാഅത്ത്‌ വിമര്‍ശകനെന്ന പേരില്‍ സമൂഹത്തിലിടം നേടാന്‍
ശ്രമിക്കുകയാണോ?
ജമാഅത്തിലെ അരുതായ്‌മകള്‍ അതിരുവിടുമ്പോള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്ന്‌
പ്രതിരോധിക്കാന്‍ ശ്രമിക്കാറുണ്ട്‌ എന്നതിനപ്പുറം അങ്ങനെ പേരെടുക്കേണ്ട കാര്യം
എനിക്കില്ല. തെറ്റെന്ന്‌ ഞാന്‍ മനസ്സിലാക്കിയ വിഷയങ്ങള്‍ ആരില്‍നിന്ന്‌
സംഭവിച്ചാലും ഇടപെടാന്‍ ശ്രമിക്കുന്ന ഒരാള്‍. അതിന്‌ ജമാഅത്തെന്നോ മറ്റോ ഉള്ള
വേര്‍തിരിവ്‌ കാണിക്കാറില്ല.
ഗണപതീ വന്ദനവുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ വെറുമൊരു വ്യക്തിയുടെ കാര്യമല്ലേ?
പ്രസ്ഥാനത്തെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തേണ്ട കാര്യമുണ്ടോ?
അദ്ദേഹം വെറുമൊരു വ്യക്തിയല്ല. ജമാഅത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ആളാണ്‌.
മുന്‍കാല ശൂറാ അംഗമാണ്‌. മാധ്യമ പത്രത്തിന്റെ സാരഥിയാണ്‌. ചെര്‍ക്കളം അബ്‌ദുല്ല
ശൃംഗേരി മഠത്തില്‍ ചെന്നപ്പോഴും കുഞ്ഞാലിക്കുട്ടി നിലവിളക്ക്‌ കൊളുത്തിയപ്പോഴും
അത്‌ ആഘോഷമാക്കിയ മാധ്യമത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍. ഇദ്ദേഹം ചെയ്‌തത്‌
മാത്രമെങ്ങനെയാണ്‌ വ്യക്തിപരമാവുന്നത്‌.
ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യം സ്ഥാപനത്തിന്റെ അധിപന്‍ തന്നെ
കണ്ടുകൊള്ളണമെന്നില്ല. പിന്നെ അതിന്റെ പേരില്‍ പ്രസ്ഥാനത്തെ ഒന്നാകെ
കുറ്റവാളിയാക്കണമെന്ന ശാഠ്യം സങ്കുചിതമല്ലേ?
ഞാനും ആദ്യം അങ്ങനെ ചിന്തിച്ചിരുന്നു; മാതൃഭൂമിയില്‍ പരസ്യം വന്നപ്പോള്‍. പക്ഷേ,
അതിനു പറഞ്ഞ ന്യായം കേട്ടപ്പോള്‍ എന്തോ മറച്ചുപിടിക്കുന്നതായി തോന്നി.
`ജനീവയിലാണുള്ളത്‌, പെട്ടെന്ന്‌ കൊടുത്ത പരസ്യമാണ്‌' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.
എന്നാല്‍ മാതൃഭൂമിയില്‍ പരസ്യം വരാന്‍ അഞ്ചാറുദിവസം മുമ്പെങ്കിലും ശ്രമം നടത്തണം.
ഇനി മാതൃഭൂമിയുടെ കാര്യത്തില്‍ നിരപരാധിത്വം വകവച്ചുകൊടുക്കാം. പരസ്യം
മാധ്യമത്തില്‍ വന്നില്ലേ? മാതാ അമൃതാനന്ദമയിയുടെ ഫുള്‍പേജ്‌ പരസ്യം വേണ്ടന്നുവച്ച
പാരമ്പര്യമുള്ള പത്രമാണ്‌ മാധ്യമം. അതില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍
വേണ്ടി മാത്രം പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുണ്ട്‌. അത്തരം സാഹചര്യത്തില്‍ ഇങ്ങനെ
സംഭവിക്കുക പ്രയാസമാണ്‌. കരുതിക്കൂട്ടി കെട്ടിയാടിയ ബഹുസ്വരതയുടെ വിദൂഷക
വേഷങ്ങളിലൊന്നായിരുന്നു ഗണപതീ വന്ദനം.
ഈ വിഷയം താങ്കള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ നേരിട്ടോ അല്ലാതെയോ പ്രതികരിക്കാന്‍
മാധ്യമം തയാറായോ?
അവര്‍ പ്രതികരിക്കില്ലല്ലോ. ഒ അബ്‌ദുല്ല പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. അയാള്‍
മരിച്ചുപോയി എന്നു വിശ്വസിക്കാനാണ്‌ അവരിഷ്‌ടപ്പെടുന്നത്‌. എന്നാല്‍ ഈ മൗനത്തിന്റെ
മുഖംമൂടിയില്‍ എത്രകാലം മറഞ്ഞിരിക്കാനാവും. ജമാഅത്തിനെ സ്‌നേഹിക്കുന്നവര്‍ ഈ
കാപട്യത്തെ ചോദ്യം ചെയ്യാന്‍ തയാറാവുമെന്നാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്‌.
ബഹുസ്വരതയെക്കുറിച്ച്‌ പറഞ്ഞല്ലോ? അതു വേണ്ടെന്നാണോ?
ഒരിക്കലുമല്ല. ബഹുസ്വരത ഇസ്‌ലാമിലുണ്ട്‌. അവിശ്വാസിയുടെ കൈയില്‍ അങ്കി പണയം വച്ച
അവസ്ഥയില്‍ മരിച്ച പ്രവാചകന്റെ മതമാണ്‌ ഇസ്‌ലാം. ജൂതന്റെ ശവശരീരത്തെ ബഹുമാനിക്കാന്‍
എഴുന്നേറ്റുനിന്ന വ്യക്തിത്വമാണ്‌ തിരുനബിയുടേത്‌. എന്നാല്‍ അതിന്‌ ശിര്‍ക്കിനെ
വാരിപ്പുണരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇവര്‍ക്കെങ്ങനെയാണ്‌ സുന്നികളെ
എതിര്‍ക്കാന്‍ സാധിക്കുന്നത്‌. മുഹ്‌യിദ്ദീന്‍ ശൈഖ്‌, ബദ്‌രീങ്ങള്‍ മുതലായവരുടെ
സുകൃതത്തിനായി നടത്തിയ ഇടതേട്ടം ശിര്‍ക്കാവുകയും ഗണപതിവന്ദനം തൗഹീദാവുകയും
ചെയ്യുന്നത്‌ എത്രമാത്രം ബാലിശമാണ്‌.
ബഹുസ്വരതയെ അംഗീകരിക്കുന്നുവെങ്കില്‍ പിന്നെ ചെങ്ങറയിലും പ്ലാച്ചിമടയിലും നടത്തിയ
സമരങ്ങളെ പരിഹസിക്കുന്നത്‌ ശരിയാണോ?
ഞാന്‍ ചെങ്ങര സമരത്തിനെതിരല്ല. പ്ലാച്ചിമടയില്‍ ചെയ്‌തത്‌ തെറ്റെന്ന്‌
അഭിപ്രായവുമില്ല. പക്ഷേ ജമാഅത്തില്‍ സംഭവിക്കുന്നത്‌ എന്താണെന്ന്‌ നിങ്ങള്‍
ശ്രദ്ധിച്ചു നോക്കൂ. പൊതുജനാംഗീകാരം അല്ലെങ്കില്‍ ബഹുസ്വരത എന്ന ഒരേ ഒരു അജണ്ടയില്‍
ജമാഅത്ത്‌ ഒതുങ്ങിപ്പോയിരിക്കുന്നു. കഴിഞ്ഞ അമ്പത്‌ കൊല്ലം ജമാഅത്ത്‌ മുന്നോട്ടു
വച്ചിരുന്ന അടിസ്ഥാനകാര്യങ്ങള്‍, സമഗ്രഇസ്‌ലാം, ഇസ്‌ലാം ജീവിത വ്യവസ്ഥ, താഗൂത്ത്‌
തുടങ്ങിയ സംഞ്‌ജകള്‍ ഇന്ന്‌ ജമാഅത്ത്‌ സ്റ്റേജില്‍ കേള്‍ക്കാന്‍ പോലുമില്ല.
വ്യക്തമായി പറഞ്ഞാല്‍ അവര്‍ക്ക്‌ അത്‌ അറിയില്ല. എന്തിനും സി ആര്‍ നീലകണ്‌ഠനും
മറ്റും വേണമെന്നതാണ്‌ അവസ്ഥ. ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ഇവര്‍തന്നെ
വേണ്ടിവരുമോ.
ഇപ്പറഞ്ഞത്‌ സോളിഡാരിറ്റിയിലെ ചില യുവനേതാക്കളുടെ മാത്രം കാര്യമല്ലേ?
എന്നു പറയാനാവുമോ? സാമൂഹികാംഗീകാരവും ബഹുസ്വരതയും അജണ്ടയായപ്പോള്‍ നിലപാടില്ലാത്ത
ആള്‍ക്കൂട്ടമായി ജമാഅത്ത്‌ മാറിപ്പോയി. ആണവകരാറിനെ അംഗീകരിച്ചവര്‍ക്ക്‌
വോട്ടില്ലെന്ന്‌ പറഞ്ഞവര്‍ എം ഐ ഷാനവാസിനും ഇ ടി മുഹമ്മദ്‌ ബഷീറിനും വോട്ടു
ചെയ്‌തു. ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മുസ്‌ലിം പ്രാതിനിധ്യപ്രശ്‌നമായി ന്യായീകരണം.
ഇത്‌ അഹമ്മദിന്റെ വിഷയത്തിലുണ്ടായില്ല. ഒരു തവണ മൂല്യംനോക്കി
വോട്ടുകൊടുത്തവര്‍ക്ക്‌ അടുത്ത തവണ വോട്ടില്ല. ഇങ്ങനെ ഒരു അരക്ഷിതാവസ്ഥ. ടോട്ടലി
കണ്‍ഫ്യൂസ്‌ഡ്‌.
ഒരുവേള, മൗദൂദിയുടെ സിദ്ധാന്തങ്ങള്‍ക്ക്‌ പോലും മേല്‍വിലാസമില്ലാതാക്കാനാണ്‌
ശ്രമിക്കുന്നത്‌. പ്രസിദ്ധമായ `ഖുതുബാത്ത്‌' പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ പേര്‌
`പത്താന്‍കോട്ടിലെ പ്രസംഗം' എന്നാക്കി. ഖുതുബാത്ത്‌ വിപണിയിലില്ലെന്ന്‌
വരുത്തിത്തീര്‍ത്തിട്ട്‌ ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നതെന്തെന്ന്‌ മനസ്സിലാവുന്നില്ല.
ജമാഅത്തിലെ മാറ്റങ്ങള്‍ ഒരു പുതിയ കാര്യമല്ലല്ലോ? നിങ്ങള്‍ അകത്തുള്ള സമയത്ത്‌
തന്നെയാണല്ലോ രാഷ്‌ട്രീയനിലപാട്‌ മാറിയത്‌?
വോട്ടൊരു മൗലികപ്രശ്‌നമല്ലല്ലോ. സാന്ദര്‍ഭികമായി മാറ്റാവുന്ന ഒരു നിലപാട്‌ മാത്രം.
ഇവിടെ പ്രശ്‌നം തൗഹീദിന്റെ, അടിസ്ഥാന കാര്യത്തിലാണ്‌.
മൗലികപ്രശ്‌നമല്ല എന്ന്‌ പറയുന്നത്‌ ശരിയല്ല. കാരണം ഇബാദത്ത്‌ അല്ലാഹു
അല്ലാത്തവര്‍ക്ക്‌ പങ്കുവയ്‌ക്കപ്പെടുകയാണ്‌ ജനാധിപത്യവ്യവസ്ഥയില്‍
നടക്കുന്നതെന്നാണല്ലോ ഉന്നയിക്കപ്പെട്ടിരുന്നത്‌?
അതില്‍ രണ്ടഭിപ്രായങ്ങളുണ്ട്‌. ആ ഒരു വേര്‍തിരിവ്‌ ജമാഅത്തില്‍ മുമ്പേ
നിലനിന്നതാണ്‌. ശബരിമലയില്‍ ഇന്ന്‌ സ്വാമിമാര്‍ പോകുന്ന മനസ്സുമായി പോകുന്നതും
കാണാനും അറിയാനും പോകുന്നതും തമ്മിലുള്ള ഒരു വ്യത്യാസമുണ്ട്‌. അതുപോലെ അല്ലാഹുവിനെ
അനുസരിക്കുന്നതും അല്ലാഹുവിന്റെ നിയമങ്ങള്‍ അംഗീകരിച്ച്‌ ഭരണാധിപരെ
അംഗീകരിക്കുന്നതും വ്യത്യസ്‌തമാണ്‌. ഈ ഭിന്നാഭിപ്രായം ഇന്നും ചിലര്‍ക്കുണ്ട്‌.
അവരാരും ഇന്നും വോട്ടുചെയ്യാറില്ല.
മറ്റുള്ള മുസ്‌ലിം സംഘടനകളോട്‌ ജമാഅത്തിന്റെ നിലപാടില്‍ സഹകരണ മനോഭാവം
കാണുന്നുണ്ട്‌?
അത്‌ നല്ല ഒരു പ്രവണതയാണ്‌. അത്‌ എല്ലാ മുസ്‌ലിം സംഘടനകളിലുമുണ്ടാവണം. അകല്‍ച്ച
തീര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാവണം. ലീഗിന്റെ നേതാക്കളോട്‌ ഞാന്‍ അത്‌
സൂചിപ്പിക്കാറുണ്ട്‌. സുന്നി ഐക്യത്തിനും മുജാഹിദ്‌ ഐക്യത്തിനും ഞാന്‍ ചെറുതല്ലാത്ത
ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ലീഗിന്റെ തലപ്പത്ത്‌ ശിഹാബ്‌ തങ്ങളെപ്പോലെ ഒരാളെ
നിര്‍ത്തി മതരംഗത്ത്‌ കാന്തപുരത്തെ ഉള്‍ക്കൊള്ളാനായാല്‍ ലീഗിന്‌
നഷ്‌ടപ്പെട്ടുവെന്നു പറയുന്ന കഴിഞ്ഞകാലം വീണ്ടെടുക്കാനാവും. കാന്തപുരം കരുത്തു
തെളിയിച്ചിട്ടുണ്ട്‌. അത്‌ അംഗീകരിച്ചേ പറ്റൂ. ഞാന്‍ മനസ്സിലാക്കിയിടത്തോളം
ലീഗിലല്ല അതിന്‌ തടസ്സം. ഇകെ വിഭാഗം സുന്നികളാണ്‌. അവരെ നിയന്ത്രിക്കാന്‍ ലീഗ്‌
ത്രാണി കാണിക്കണം. ഈ രൂപത്തില്‍ പരസ്‌പര വിട്ടുവീഴ്‌ചക്കും സഹകരണത്തിനും എല്ലാവരും
തയാറാവണം എന്നു തന്നെയാണ്‌ ഞാന്‍ പറയുന്നത്‌.
പക്ഷേ, ജമാഅത്തിന്റെ സഹകരണം തങ്ങളെ വിഴുങ്ങുകയില്ല എന്ന സാഹചര്യങ്ങളില്‍
മാത്രമാണ്‌. തങ്ങള്‍ ഐക്യപ്പെട്ടാല്‍ ഇല്ലാതായിപ്പോവും എന്ന്‌ അവര്‍ ഭയക്കുന്ന ചില
കാര്യങ്ങളുണ്ട്‌. അത്തരം വിഷയങ്ങളില്‍ ഐക്യപ്പെടാന്‍ അവര്‍ തയാറാവില്ല. മാത്രമല്ല,
ലീഗിനോട്‌ ഐക്യപ്പെടാന്‍ തയാറാവാതെ അകന്നു നില്‍ക്കുന്നത്‌ ജമാഅത്തിന്റെ ഏറ്റവും
വലിയ വിഡ്‌ഢിത്തങ്ങളില്‍ ഒന്നാണ്‌.
ജമാഅത്ത്‌ നേതൃത്വം അകറ്റിനിര്‍ത്തിയപ്പോഴും താന്‍ ജമാഅത്തുകാരന്‍ തന്നെയാണ്‌
എന്നാണല്ലോ താങ്കള്‍ പറയാറുള്ളത്‌. താങ്കളെപ്പോലെ അകന്നുനില്‍ക്കുന്ന-ഉദാഹരണത്തിന്‌
രിയാളുസാഹിബ്‌ - വരെ ഉള്‍പ്പെടുത്തി ഒരു ശുദ്ധീകരണത്തിന്‌ ശ്രമിച്ചുകൂടേ? അതൊരു
ബദലാണെങ്കില്‍ പോലും?
സംഘടനയെ പിളര്‍ത്തുക എന്നാല്‍ അധികാരമോഹമായാണ്‌ പൊതുജനം വീക്ഷിക്കുന്നത്‌. അങ്ങനെ
വലിയവനാവാന്‍ എനിക്ക്‌ ആഗ്രഹമില്ല. മാത്രമല്ല ഇനി സംഘടന ഉണ്ടാക്കിയാല്‍ തന്നെ അത്‌
വലിയ ഭാരമാണ്‌. ശ്രമകരമായ ദൗത്യമാണ്‌. അതിനു പുറമെ സംഘടനാപരമായ അപചയങ്ങള്‍
വന്നുചേരില്ലെന്ന്‌ ഉറപ്പാക്കാന്‍ സാധിക്കാത്ത ഭൗതികസാഹചര്യവുമാണ്‌
നിലനില്‍ക്കുന്നത്‌.
എന്‍ഡിഎഫിന്റെ സഹയാത്രികനാകുന്നു എന്ന നിരീക്ഷണത്തെക്കുറിച്ച്‌?
ഒരിക്കലും ശരിയല്ല. അവരുടെ നിലപാടുകളെ ആശങ്കയോടെ നോക്കിക്കാണുന്നയാളാണ്‌ ഞാന്‍.
തേജസില്‍ ലേഖനമെഴുതുക എന്നതിലപ്പുറം ഞാനൊന്നും ചെയ്‌തില്ല. അവരെ മുഖ്യധാരയിലേക്കു
കൊണ്ടുവരാനും നയവൈകല്യമുണ്ടെങ്കില്‍ തിരുത്താനും ശ്രമങ്ങളുണ്ടാവണം എന്നാണ്‌ എന്റെ
പക്ഷം.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക‌

No comments: