മലയാളി വൃദ്ധയെ ഷാര്‍ജയില്‍ വഴിയില്‍ തള്ളിയ നിലയില്‍
Wednesday, December 23, 2009
ഷാര്‍ജ: മലയാളി വൃദ്ധയെ ദുരൂഹസാഹചര്യത്തില്‍ ഷാര്‍ജയിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അവശയായി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളോടെ റോഡരികില്‍ കിടന്ന ഇവരെ സമീപത്തെ വ്യാപാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധയെ വഴിയില്‍ തള്ളി കടന്നുകളഞ്ഞവര്‍ക്കായി ഷാര്‍ജ പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞദിവസം രാവിലെയാണ് ഷാര്‍ജ നാഷണല്‍ പെയ്ന്റ്സ് റൌണ്ട്എബൌട്ടില്‍ നിന്ന് കല്‍ബയിലേക്ക് പോകുന്ന റോഡില്‍ ഇവരെ അവശനിലയില്‍ കണ്ടത്. സ്യൂട്ട്കേസും രണ്ട് ബാഗുകളും മൊബൈല്‍ ഫോണും മരുന്നുകളും സമീപത്തുണ്ടായിരുന്നു.
ഈ ഭാഗത്ത് ടയര്‍കട നടത്തുന്ന ഷമീം എന്ന യുവാവാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. വൃദ്ധയുടെ മൊബൈല്‍ ഫോണില്‍ കണ്ട നമ്പറുകളിലേക്ക് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച സൂചന ഇവര്‍ മുണ്ടക്കയം സ്വദേശിയായ മേരിക്കുട്ടി ജോണ്‍സന്‍ ആണെന്നാണ്. 35 വര്‍ഷത്തോളമായി യു.എ.ഇയിലുള്ള ഇവര്‍ ഏറെക്കാലം ദുബൈ ഹോസ്പിറ്റലില്‍ ജോലിചെയ്തതായും പറയപ്പെടുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച നമ്പര്‍ വഴി നാട്ടിലുള്ള ഇവരുടെ മക്കളെയും മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. മൊബൈല്‍ നമ്പറും വ്യക്തിവിവരണങ്ങളും പ്രകാരം ഇത് തങ്ങളുടെ മാതാവ് മേരിക്കുട്ടി ജോണ്‍സനാണെന്ന് ഇളയമകന്‍ ബ്ലെസന്‍ 'ഗള്‍ഫ് മാധ്യമ'ത്തോടു പറഞ്ഞു.
വര്‍ഷങ്ങളായി യു.എ.ഇയിലുള്ള മേരിക്കുട്ടി ആശുപത്രിയില്‍ നിന്ന് വിരമിച്ച ശേഷം നാട്ടിലെ സ്വത്ത് വിറ്റ് ഷാര്‍ജ റോളയില്‍ കണ്ണടവ്യാപാരം നടത്തുകയായിരുന്നുവെന്ന് മക്കള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഇവരില്‍ പ്രിന്‍സ് മുണ്ടക്കയത്തും, ബ്ലെസന്‍ കോയമ്പത്തൂരിലുമാണ്. അമ്മ ഷാര്‍ജയില്‍ ബിസിനസ് നടത്തുന്നുവെന്നതിനപ്പുറം മറ്റൊന്നും ഇവര്‍ക്ക് അറിയില്ല. ജോസ്പോള്‍ എന്ന ബിസിനസ് പാര്‍ടണറുടെ പേരും നമ്പറും ഇവര്‍ നല്‍കുന്നുണ്ടെങ്കിലും ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നാട്ടില്‍ തിരിച്ചെത്തി തങ്ങള്‍ക്കൊപ്പം കഴിയാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അമ്മ വഴങ്ങിയിട്ടില്ലെന്ന് മക്കള്‍ പറയുന്നു. ആഴ്ചയില്‍ ഫോണില്‍ ബന്ധപ്പെടുമെന്നതൊഴിച്ചാല്‍ കൂടുതല്‍ അടുപ്പം അമ്മയുമായില്ല.
ദുബൈയിലെ സമ്പാദ്യങ്ങള്‍ക്ക് പുറമെ നാട്ടില്‍ സ്വത്ത് വിട്ട് കിട്ടിയ ലക്ഷങ്ങളുമായാണ് ഇവര്‍ ഷാര്‍ജയില്‍ ബിസിനസ് ചെയ്തിരുന്നതത്രെ. എന്നാല്‍, ബിസിനസിനും ഇവരുടെ സമ്പാദ്യങ്ങള്‍ക്കും എന്ത് സംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച നമ്പറിലെ ഉത്തരേന്ത്യന്‍ യുവതി മറ്റൊരു വിവരമാണ് നല്‍കുന്നത്. സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന മേരി തന്റെ കുട്ടിയെ പരിചരിക്കാനെത്താറുണ്ടെന്നും താന്‍ സാമ്പത്തികമായി സഹായിക്കാറുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.
ഇപ്പോള്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ കഴിയുന്ന മേരിക്കുട്ടിയെ റോഡില്‍ ഉപേക്ഷിച്ചതാരാണെന്നതടക്കം ദൂരൂഹതകള്‍ ഏറെയാണ്. ഇവരുടെ സമ്പത്ത് അപഹരിച്ചശേഷം പരിചയക്കാര്‍ ആരെങ്കിലും വഴിയില്‍ തള്ളിയതാണോ എന്നും വ്യക്തമല്ല. മാതാവ് സുഖംപ്രാപിച്ചാല്‍ നാട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാന്‍ തയാറാണെന്ന് മകന്‍ ബ്ലസന്‍ പറഞ്ഞു. യു.എ.ഇയില്‍ മേരിക്കുട്ടിക്ക് അടുത്ത ബന്ധുക്കളാരുമില്ലത്രെ. എന്നാല്‍, വഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് മേരിക്കുട്ടി ജോണ്‍സന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതേയുള്ളു. ഇവര്‍ക്കൊപ്പം ദുബൈ ആശുപത്രിയില്‍ ജോലിചെയ്തവരുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്.
ഷിനോജ് കെ.എസ്
No comments:
Post a Comment