WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, December 22, 2009

ഉദ്വേഗ നാളുകളില്‍ ഇന്ത്യ

വരികള്‍ക്കിടയില്‍ / കുല്‍ദീപ് നയാര്‍

സംസ്ഥാന പുനഃസംഘടനയെക്കുറിച്ച് പഠിച്ച ഫസല്‍ അലി കമീഷന്‍ 1954ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസറായിരുന്നു ഞാന്‍. രാജ്യം അഭിമുഖീകരിക്കുന്ന ഒട്ടേറെ അടിയന്തര പ്രശ്നങ്ങള്‍ ഉണ്ടായിരിക്കെ ഇന്ത്യയുടെ ഭൂപടം മാറ്റിവരക്കുന്ന വിവാദദൌത്യം ഇവര്‍ ഏറ്റെടുക്കാന്‍ പോയതെന്തിനാണെന്ന് കമീഷന്‍ ശിപാര്‍ശകള്‍ പരിഗണനക്കെടുക്കുമ്പോഴെല്ലാം അദ്ദേഹം ചോദിക്കുമായിരുന്നു. 55 വര്‍ഷം കഴിഞ്ഞ ഈ ഘട്ടത്തിലും ഭരണാധികാരികളോട് ഇതേ ചോദ്യം പ്രസക്തമാണ്. വാസ്തവത്തില്‍ പ്രശ്നങ്ങള്‍ പെരുകിയിരിക്കയാണ്. സായുധ കലാപം, ഭീകരത, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിങ്ങനെ പ്രശ്നങ്ങള്‍ നീളുന്നു.

ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നത് ഈ സമയത്തല്ലായിരുന്നെങ്കില്‍ അത്ര വലിയ പ്രശ്നമല്ലായിരുന്നു. മാന്ദ്യത്തിന് ശേഷം ഇന്ത്യ വികസനത്തിന്റെ താളം വീണ്ടെടുത്തുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, തെലുങ്കാന രാഷ്ട്ര സമിതി നേതാവ് കെ. ചന്ദ്രശേഖര റാവു പ്രഖ്യാപിച്ച മരണംവരെ നിരാഹാര സമരത്തില്‍ പരിഭ്രാന്തരായ കോണ്‍ഗ്രസ് തിരക്കിട്ട് സംസ്ഥാന രൂപവത്കരണത്തിന് വഴങ്ങുകയായിരുന്നു. വിവിധ ഭാഷ^ വംശീയ വിഭാഗങ്ങള്‍ സ്വന്തം സംസ്ഥാനത്തിന് മുറവിളി കൂട്ടിക്കൊണ്ടിരിക്കെ കേന്ദ്രം കടന്നല്‍കൂട്ടില്‍ കല്ലെറിയേണ്ട കാര്യമുണ്ടായിരുന്നോ? 70 ശതമാനം ജനങ്ങളും ദാരിദ്യ്രത്തിലാണ്ട് കിടക്കുന്ന രാജ്യത്ത് അവര്‍ക്ക് അന്നത്തിന് വഴി കണ്ടെത്തുകയാവണം സര്‍ക്കാറിന്റെ പ്രഥമ കര്‍ത്തവ്യം. അല്ലാതെ ഉറങ്ങുന്ന നായയെ ഉണര്‍ത്തി പിരികേറ്റി വിടുകയല്ല.

ആന്ധ്ര സംസ്ഥാന വാദവുമായി പോറ്റി ശ്രീരാമുല മരണംവരെ നിരാഹാരം നടത്തിയപ്പോള്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പരിഭ്രാന്തനായിരുന്നു. അന്നാണ് ഫസല്‍ അലി കമീഷനെ നിയോഗിച്ചത്. നെഹ്റു പിന്നീട് ഈ തെറ്റ് സമ്മതിക്കുകയുണ്ടായി. സംസ്ഥാന പുനഃസംഘടനക്ക് ശ്രമിക്കുന്നതിനുമുമ്പ് മറ്റ് ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടേണ്ടതായിരുന്നു എന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിന് കുറച്ചുകാലം കാത്തിരിക്കാമെന്ന് ഭരണഘടനാ നിര്‍മാണ സഭ നിയോഗിച്ച ദര്‍ കമ്മിറ്റി പറഞ്ഞതാണെങ്കിലും നെഹ്റു തിടുക്കം കാട്ടി.

നിസാമിന്റെ സാമ്രാജ്യമായിരുന്ന മേഖല ഭാഷാപരമായും സാംസ്കാരികമായും ആന്ധ്രയുടെ ഇതര ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാലാണ് ഫസല്‍ അലി കമീഷന്‍ തെലുങ്കാന സംസ്ഥാനത്തിന് ശിപാര്‍ശ ചെയ്തത്. ഇരട്ട നഗരങ്ങളായ ഹൈദരാബാദിലും സെക്കന്ദരാബാദിലും ഉര്‍ദു സംസാരിക്കുന്നവരാണ് നല്ലൊരു പങ്കും. തെലുങ്ക് ഔദ്യോഗിക ഭാഷയായ സംസ്ഥാനത്തിന് യോജിച്ച നഗരങ്ങളല്ല ഇവ. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലംകൊണ്ട് സംസ്ഥാനം ഭരണപരമായും സാമ്പത്തികമായും ഒന്നായിത്തീര്‍ന്നിരിക്കുന്നു എന്നതു വേറെ കാര്യം. തെലുങ്കാന പ്രഖ്യാപനത്തിനുശേഷം വാസ്തവത്തില്‍ ആത്മാര്‍ഥമായ ചില ശബ്ദങ്ങള്‍ ഉയരുകയുണ്ടായി. ആന്ധ്രപ്രദേശ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണത്.

ഗുജറാത്തിനെയും മഹാരാഷ്ട്രയെയും നിര്‍ബന്ധിച്ച് ഒന്നാക്കിയപ്പോഴത്തെപ്പോലെ നെഹ്റു തെലുങ്കാനയെയും ആന്ധ്രയെയും ലയിപ്പിച്ചപ്പോഴും ശക്തമായ എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഗുജറാത്ത് ശക്തമായ പ്രക്ഷോഭത്തിലൂടെ വിഘടിച്ച് പോയി പ്രത്യേക സംസ്ഥാനമായി. വിഭജന ആവശ്യം പൂര്‍ണമായി കെട്ടടങ്ങിയില്ലെങ്കിലും തെലുങ്കാന ആന്ധ്രപ്രദേശിന്റെ ഭാഗമായി തുടര്‍ന്നു. തെലുങ്കാന സംസ്ഥാന ആവശ്യത്തില്‍ കേന്ദ്രം കാട്ടിയ തിരക്കാണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ച. ഇത്ര തിടുക്കത്തിന്റെ ആവശ്യമെന്തായിരുന്നു.

നിശ്ചയദാര്‍ഢ്യത്തോടെ ചില ശക്തികള്‍ തെരുവിലിറങ്ങിയാല്‍ കേന്ദ്രം വഴങ്ങുമെന്ന സന്ദേശമാണ് ഇതിലൂടെ വന്നത്. അക്രമത്തിനും കുറവുണ്ടായില്ല. തങ്ങളുടെ ആവശ്യം ന്യായമാണെന്ന പേരിലാണ് പ്രക്ഷോഭകര്‍ അതിനെ ന്യായീകരിച്ചത്. പൊതുമുതലിന് തീയിടുന്നതും ക്രമസമാധാനപാലന സംവിധാനം തകരാറിലാക്കുന്നതും ലക്ഷ്യസാക്ഷാത്കാരത്തിനുള്ള വഴിയായി കണക്കാക്കപ്പെട്ടു. രാജ്യമെങ്ങും അന്തരീക്ഷം സംഘര്‍ഷഭരിതമായി. സംഘര്‍ഷത്തിന്റെ അലയൊലികള്‍ അസം വരെയെത്തി.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പട്ടേലും അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തെലുങ്കാന വിഷയത്തില്‍ യോഗം ചേര്‍ന്നപ്പോള്‍ രാഷ്ട്രീയം മാത്രമാണ് മനസ്സില്‍ കണ്ടതെന്നാണ് തോന്നുന്നത്. തീരുമാനം എങ്ങനെ വോട്ടായി മാറ്റുമെന്നായിരുന്നു അവരുടെ ചിന്ത. സോണിയാമ്മ തന്നെ മകനെപ്പോലെ കണ്ട് തെലുങ്കാന തന്നു എന്നാണ് ചന്ദ്രശേഖര റാവു പറഞ്ഞത്. സാമ്രാജ്യത്വ മോഹങ്ങളായിരുന്നു സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍ ബ്രിട്ടീഷുകാരെ നയിച്ചത്.ഏതാനും വര്‍ഷം മുമ്പ് ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഞ്ചല്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ ബി.ജെ.പിക്കുണ്ടായിരുന്ന അതേ രാഷ്ട്രീയ പരിഗണനകളാണ് കോണ്‍ഗ്രസിനും പ്രചോദനമായത്.

ഭാഷാ സംസ്ഥാന രൂപവത്കരണത്തിലെ ന്യായം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ഓരോ വംശീയ വിഭാഗങ്ങളെയും പ്രീതിപ്പെടുത്താന്‍ ഇതേ തത്ത്വം അവലംബിക്കുന്നത് തീക്കളിയാണ്. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാണെന്നതിനാല്‍ ചെറു സംസ്ഥാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. പ്രാദേശിക താല്‍പര്യങ്ങളോട് അപ്പോള്‍ സജീവമായ അവബോധമുണ്ടാവും. വന്‍കിട ഭരണസംവിധാനത്തേക്കാള്‍ കാര്യക്ഷമമായി സര്‍ക്കാറിന് ജനകീയ പ്രശ്നങ്ങള്‍ക്ക്പരിഹാരം കാണാനാവും. ഭരണം പ്രിയതരമാവുകയും ജനാവശ്യങ്ങളോട് ഉടനടി പ്രതികരിക്കുന്നതാവുകയും ചെയ്യും.

എത്രമാത്രം ചെറുതാവാം എന്നിടത്താണ് പ്രശ്നം. സാമ്പത്തിക ഭദ്രത, ചരിത്രപരവും സാംസ്കാരികവുമായ പരിഗണനകള്‍ എന്നിവയും പ്രസക്തമാണ്. രാഷ്ട്രീയ പരിഗണനകളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ച മൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര സഹായത്തിലാണ് നിലനില്‍ക്കുന്നത്. അഴിമതിക്ക് കേള്‍വി കേട്ടതാണ് മൂന്ന് സംസ്ഥാനവും. ഒന്നിന് പിറകെ ഒന്നായി അഴിമതിക്കാരായ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്തു എന്ന സവിശേഷത ഝാര്‍ഖണ്ഡിന് സ്വന്തം. രണ്ടുവര്‍ഷം സംസ്ഥാനം ഭരിച്ച മധു കോഡ 4000 കോടി രൂപ കീശയിലാക്കിയയെന്നാണ് റിപ്പോര്‍ട്ട്.

തെലുങ്കാനക്കുശേഷം പുതിയ സംസ്ഥാനങ്ങളുണ്ടാവില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ അടുത്ത സ്ഥാനക്കാരനായ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചത്. കുതിര ഓടിപ്പോയശേഷം ഗേറ്റ് പൂട്ടിയിടുന്നതിന് തുല്യമാണിത്. തെലുങ്കാനയില്‍ സമ്മര്‍ദത്തിന് മുട്ടുമടക്കിയ കേന്ദ്രത്തിന് എങ്ങനെ ഒറ്റയടിക്ക് ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ കഴിയും? സംസ്ഥാന ആവശ്യമാവുമായി ഇപ്പോള്‍തന്നെ എട്ടിടത്ത് പ്രക്ഷോഭവും ഉപവാസ സമരവും നടന്നുവരികയാണ്. തെലുങ്കാന പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രം കുറഞ്ഞപക്ഷം ആന്ധ്ര മുഖ്യമന്ത്രിയുമായെങ്കിലും കൂടിയാലോചിക്കേണ്ടതായിരുന്നു. ഹിതപരിശോധനയോ സംസ്ഥാന നിയമസഭയുടെ പ്രമേയമോ വേണമെന്ന് കേന്ദ്രത്തിന് ആവശ്യപ്പെടാമായിരുന്നു. പകരം ആന കരിമ്പിന്‍ കാട്ടില്‍ കയറിയപോലത്തെ നടപടിയാണ് കേന്ദ്ര സര്‍ക്കാറില്‍നിന്നുണ്ടായത്.

വളരെ വിശാലമാണ് പ്രശ്നം. ഭരണത്തിലെ കെടുകാര്യസ്ഥതയും വികസനരാഹിത്യവുമാണ് യഥാര്‍ഥ വിഷയം. അടിസ്ഥാന സൌകര്യങ്ങളും രക്ഷകരായി നിഷ്പക്ഷമായ പൊലീസ് സംവിധാനവും ഇല്ലാത്ത ജനങ്ങള്‍ തങ്ങളോടടുത്ത ഭരണകൂടമാണ് പരിഹാരമെന്ന ചിന്തയില്‍ അതിനായി സമ്മര്‍ദം ചെലുത്തുകയാണ്. യഥാര്‍ഥമായ പ്രത്യക്ഷ ജനാധിപത്യം സാധ്യമായ ലോകത്തെ ഏക ഇടം സ്വിസ് കാന്റണുകള്‍ മാത്രമാണ്.

കേന്ദ്ര നടപടി രാജ്യമെങ്ങും അസ്വാസ്ഥ്യം പരത്തുന്നതാണ്. അതിന്റെ സൂചനകള്‍ പ്രത്യക്ഷമായിക്കഴിഞ്ഞു. മറ്റൊരു സംസ്ഥാന പുനസ്സംഘടനാ കമീഷനെ നിയമിക്കുന്നത് കലാപത്തിന്റെയും വിനാശത്തിന്റെയും കുടം തുറക്കുന്നതിന് തുല്യമായിരിക്കും. വളരെ ചെറിയ ഭാഷാ വിഭാഗം പോലും സ്വന്തം സംസ്ഥാനത്തിനായി രംഗത്തുവരും. ഭ്രാന്തമായ സ്വരാജ്യചിന്ത പുലര്‍ത്തുന്ന പലരും മരണംവരെ നിരാഹാരം കിടക്കും. കാരണം, കാര്യസാധ്യത്തിനുള്ള എളുപ്പവഴി അതാണെന്ന് അവര്‍ക്ക് നന്നായി അറിയാം. രാജ്യത്തിന്റെ ഐക്യം തന്നെ അങ്ങനെ അവതാളത്തിലാവും.
ഭരണത്തിന്റെ പ്രയോജനം അനുഭവിക്കാന്‍ കഴിയാതെ പോകുന്ന ജനങ്ങളിലേക്ക് എങ്ങനെ എത്താമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു മിച്ചിരുന്ന് ആലോചിക്കണം. ചെറുവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്‍തന്നെ ആവശ്യമാണ്. പ്രാതിനിധ്യ പങ്കാളിത്ത വ്യവസ്ഥ ഒരുപക്ഷേ, ഒരു പരിഹാരമായേക്കും. തെലുങ്കാനയുടെ പ്രത്യാഘാതങ്ങള്‍ അവഗണിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. ഉദ്വേഗജനകമായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോണ്‍ഗ്രസിന്റെ പെരുമാറ്റം എത്ര വീണ്ടുവിചാരമില്ലാത്തതാണെങ്കിലും ഈ ഘട്ടത്തില്‍ തീയണക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരെ സഹായിക്കണം. കാരണം, ആ തീനാളങ്ങള്‍ കോണ്‍ഗ്രസിനെ മാത്രമല്ല എല്ലാവരെയും പൊള്ളിക്കുന്നതാണ്.

No comments: