WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, December 22, 2010

നയത്തില്‍ മാറ്റമില്ലെന്നും പഴയ സമദൂര സിദ്ധാന്തം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ...


മസ്‌കത്ത്: മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളോട് തങ്ങളുടെ നയത്തില്‍ മാറ്റമില്ലെന്നും പഴയ സമദൂര സിദ്ധാന്തം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി. മര്‍കസ് സമ്മേളന പ്രചാരണത്തിന് മസ്‌കത്തിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
മറ്റു സംഘടനകള്‍ തങ്ങളുടെ നേരെ വെച്ചുപുലര്‍ത്തിയിരുന്ന സമീപനങ്ങള്‍ മാറ്റുകയും തെറ്റിദ്ധാരണകള്‍ തിരുത്തി സഹകരിക്കുകയുമാണ് ചെയ്യുന്നതെന്ന് കാന്തപുരം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് മര്‍കസ് എക്‌സലന്‍സി ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തത് പോലെ കണ്ണൂരില്‍ നടന്ന പരിപാടിയില്‍ ഇ. അഹമ്മദും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഇത് തങ്ങളുടെ നയം മാറ്റമല്ലെന്ന് കാന്തപുരം പറഞ്ഞു.
രാജ്യ നന്മക്കായി രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്ലാവരുമായും സഹകരിക്കാന്‍ തയാറാണ്. രാഷ്ട്രീയ രംഗത്തും അല്ലാതെയും നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഇത്തരം സഹകരണങ്ങള്‍ ഏറെ അത്യാവശ്യമാണ്-അദ്ദേഹം പറഞ്ഞു.
12,000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാരന്തൂര്‍ മര്‍കസ് മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മര്‍കസിന് ശാഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടക്കുന്ന 33ാം വാര്‍ഷിക-15ാം ബിരുദദാന സമ്മേളനം ഝാര്‍ഖണ്ട് ഗവര്‍ണര്‍ എം.ഒ.എച്ച്് ഫാറൂഖ് ഉദ്ഘാടനം ചെയ്യും. പുതുതായി നിര്‍മിച്ച കമ്യൂണിറ്റി കോളജ് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി ഉദ്ഘാടനം ചെയ്യുമെന്നും സയന്‍സ് കോളജിന്റെ തറക്കല്ലിടല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ നിര്‍വഹിക്കുമെന്നും കാന്തപുരം അറിയിച്ചു. കേരള വ്യവസായ മന്ത്രി അടക്കമുള്ള പ്രമുഖരും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രണ്ടാം ദിവസം ഉച്ചക്ക് നടക്കുന്ന രാജ്യ സുരക്ഷാ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ശ്രീധരന്‍ പിള്ള, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ്, എം.പി. അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിയോട്, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, ഷാജു ജമാലുദ്ദീന്‍, നിസാര്‍ സഖാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

No comments: