WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, December 29, 2010

ചാറ്റിങ്ങ് ചതിക്കുഴികള്‍

സാമാന്യം തരക്കേടില്ലാത്ത ജോലിക്കാരായ ദമ്പതികള്‍. വീട്ടില്‍ ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും. ഭാര്യയും ഭര്‍ത്താവുമൊക്കെ ചാറ്റിങ്ങ് റൂമുകളില്‍ നേരമ്പോക്കിന് സൗഹൃദം പങ്കിടാറുണ്ട്. സ്വസ്ഥമായി മുന്നോട്ടു നീങ്ങിയ കുടുംബത്തിലേക്ക് ഇടിത്തീ പോലെയാണ് റഷ്യന്‍സുന്ദരി കടന്നു വന്നത്. തുടക്കത്തില്‍ ഭാര്യ ഒന്നും അറിഞ്ഞില്ല. വിദ്യാസമ്പന്നനായിരുന്ന കുടുംബനാഥന്റെ ജീവിതം ദേശങ്ങള്‍ക്കപ്പുറമുള്ള അജ്ഞതയിലേക്ക് ചുരുങ്ങാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. റഷ്യക്കാരിയുമായി എങ്ങനെ അടുക്കുമെന്നായി ചിന്ത. ഒടുവില്‍ അവള്‍ തന്നെ മാര്‍ഗം നിര്‍ദേശിച്ചു-എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് വരാന്‍ താന്‍ തയാറാണെന്ന്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ടിക്കറ്റിനും വിസക്കും ആവശ്യമായ തുക അയച്ചുകൊടുത്താല്‍ വരാന്‍ നൂറുവട്ടം സമ്മതമാണെന്നും അറിയിപ്പു വന്നു. പിന്നീടങ്ങോട്ട് കാമുകിയെ എങ്ങനെ നാട്ടിലെത്തിക്കുമെന്നും ഭാര്യയെ എങ്ങനെ ഒഴിവാക്കുമെന്നുമായി അയാളുടെ ചിന്ത മുഴുവന്‍. രണ്ടിനും അയാള്‍ തന്നെ വഴി കണ്ടെത്തി. ഒരു സുപ്രഭാതത്തില്‍ ഭാര്യയോട് അയാള്‍ നിര്‍വികാരനായി പറഞ്ഞു-നമുക്ക് പിരിയാം, നിന്റെ കൂടെ ജീവിക്കാന്‍ എനിക്കാവില്ല. ഞെട്ടലില്‍ നിന്ന് മുക്തയായി കാര്യങ്ങള്‍ ചികഞ്ഞപ്പോഴാണ് റഷ്യന്‍ സുന്ദരി ഭര്‍ത്താവിനെ കീഴടക്കിയ വിവരം കൂടെ കഴിഞ്ഞവള്‍ അറിയുന്നത്. ആദ്യം പ്രതിഷേധിക്കുകയും പിന്നെ കരഞ്ഞപേക്ഷിക്കുകയും ചെയ്‌തെങ്കിലും പ്രണയാതുരനായ ഭര്‍ത്താവിന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വീട്ടിലേക്ക് മാറി. ഭാര്യ ഒഴിഞ്ഞതോടെ പണം കണ്ടെത്താന്‍ വീടു വില്‍ക്കാന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത ജോലിയുള്ളതുകൊണ്ട് തല്‍ക്കാലം വാടകവീട്ടില്‍ കഴിയാമെന്നും പതിയെ വീട് വാങ്ങാമെന്നും കരുതി. വീടു വിറ്റു കിട്ടിയ പണം കാമുകിക്ക് അയച്ചു കൊടുത്ത് പ്രതീക്ഷയോടെ, അയാള്‍ കാത്തിരുന്നു. ദിവസങ്ങള്‍ കൊഴിയെ കാമുകി ചാറ്റില്‍ വരാതായി. പിന്നെ പിന്നെ അയാളറിഞ്ഞു താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം.
* * * *
എം.എസ്.സി വിദ്യാര്‍ഥിനി ചാറ്റിങ്ങിലൂടെയാണ് അവനെ കണ്ടെത്തിയത്. ഫോട്ടോയും വിവരങ്ങളും കൈമാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും വസ്ത്രങ്ങളും കൈയിലെടുത്ത് ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകനുമായി ഒന്നിച്ച് ജീവിക്കുന്ന സുന്ദര മുഹൂര്‍ത്തവും സ്വപ്‌നം കണ്ട് അവള്‍ അന്യസംസ്ഥാനത്തേക്ക് വണ്ടി കയറി. ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാമുകന്‍ അവളെ കാത്തുനില്‍പുണ്ടായിരുന്നു. പ്രിയപ്പെട്ടവനെ കണ്‍കുളിര്‍ക്കെ കണ്ട അവളുടെ ഹൃദയം തുടികൊട്ടി. സ്‌റ്റേഷന്റെ പടിയിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ കാമുകന്‍ കയറിയപ്പോഴും അവള്‍ അമ്പരന്നില്ല. ഓട്ടോ ഡ്രൈവറെയാണ് താന്‍ പ്രണയിച്ചിരുന്നതെന്ന് അവള്‍ ആ യാത്രയില്‍തന്നെ തിരിച്ചറിഞ്ഞു. പ്രണയാതുരതയ്ക്ക് അതും തടസ്സമായി തോന്നിയില്ല. എല്ലാ വൃത്തികേടുകളുടെയും കൂട്ടുകാരനായ യുവാവിനെയായിരുന്നു അവള്‍ എല്ലാം മറന്ന് പ്രണയിച്ചത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട, അന്യനാട്ടുകാരനായ കാമുകന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തിനിരയായി വലിച്ചെറിയപ്പെട്ട ഒരു കാമുകിയുടെ മാനസികാവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടത്?
* * * *
പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതുവരെ അവള്‍ കാത്തിരുന്നു. കാമുകനെ നേരില്‍ കാണാന്‍, അവനെ വിവാഹം കഴിച്ച് കൂടെ പൊറുക്കാന്‍. പിറന്നാള്‍ പിറ്റേന്ന് അവള്‍ ഗുജറാത്തിലെ ബറോഡയിലേക്ക് വണ്ടി കയറി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍. എല്ലാം മറന്ന് ഒന്നാകാന്‍. ചാറ്റിങ്ങിലൂടെ ലഭിച്ച സുഹൃത്തുക്കളില്‍ നിന്ന് തെരഞ്ഞെടുത്ത സങ്കല്‍പങ്ങളിലെ കാമുകനുമായി ചെറുതും വലുതുമായ വിശേഷങ്ങള്‍ പങ്കിട്ടായിരുന്നു തുടക്കം. വിവാഹത്തിന് പതിനെട്ടു വയസ്സാവണമെന്ന നിയമം അറിയാവുന്നതുകൊണ്ടാണ് പ്രായം തികയുന്ന ദിവസം വരെ ഇരുവരും കാത്തിരുന്നത്. ബറോഡയില്‍ തന്നെ കാത്തു നിന്ന 68 കാരനെ കണ്ടപ്പോള്‍ അവള്‍ ആദ്യം അമ്പരന്നു. കാമുകന്റെ പിതാവായിരിക്കുമെന്ന് മനസ്സിനെ ആശ്വസിപ്പിച്ചു. എന്നാല്‍ 68 കാരനായ വൃദ്ധന്‍ തന്നെയാണ് ഇത്രനാളും താന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച കാമുകന്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ താളംതെറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മകളുടെ ദുരന്തം വീട്ടുകാര്‍ അറിയുന്നത്. പിഴച്ച താളം നന്നാക്കിയെടുക്കാന്‍ പെടാ പാടു പെടുന്ന ഒരു കുടുംബത്തിന്റെ ചിത്രം വരികളില്‍ നിന്ന് വായിച്ചെടുക്കുക...

ഓര്‍ക്കൂട്ട്, സോര്‍പ്പിയ, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളില്‍ സുന്ദരമായ ഫോട്ടോകളോടൊപ്പം നല്‍കിയ വിവരങ്ങളില്‍ വിശ്വസിച്ച് ചതിയില്‍ പെടുന്നവരുടെ എണ്ണം നമ്മള്‍ സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ്. പുറത്തു പറയാന്‍ മടിക്കുന്നതുകൊണ്ട് അവയില്‍ പലതും രഹസ്യമായി ഒടുങ്ങുന്നു. സുന്ദരികളുടെ ഫോട്ടോ കണ്ട് ഇത്തരം സൈറ്റുകളില്‍ കയറി സൗഹൃദം സ്ഥാപിക്കുന്നവര്‍ക്ക് വന്‍തുക സ്വന്തമായുണ്ടെന്നും അത് നാട്ടിലെത്തിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയാറാണെന്നും അറിയിച്ചുകൊണ്ടുള്ള കാമുകിമാരുടെ മെയിലുകളാണ് ലഭിക്കുക. ആ പണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ബാങ്ക് അക്കൗണ്ട് നല്‍കണമെന്നുമൊക്കെ ആവശ്യങ്ങള്‍ പിറകെ വരും. അതല്ലെങ്കില്‍ കൂടെ ജീവിക്കാനാവശ്യമായ ടിക്കറ്റും വിസക്കുള്ള കാശും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. കാമുകിയെ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ കാശ് അയച്ചുകൊടുത്തവര്‍ നിരവധിയാണ്. വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ ചെറിയു തുക പ്രോസസിംങ് ചാര്‍ജായി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെയിലെങ്കിലും ലഭിക്കാത്ത ആരുമുണ്ടാവില്ല. രാജ്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാവുമെന്നല്ലാതെ തട്ടിപ്പിന്റെ സ്വഭാവം ഏതാണ്ട് ഒന്നു തന്നെയാണ്.
നാളെ: കെണിവെച്ച് കമ്പനികള്‍;
വീഴുന്നത് കോടികള്‍

No comments: