
ഭരണകൂട ഭീകരത- ഷാഹിന പ്രതികരിക്കുന്നു
കേസന്വേഷണം പോലീസിന്റെ ജോലി തന്നെയാണ് ,അത് മാധ്യമങ്ങളുടെ ജോലി ആണെന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ല. പക്ഷെ പോലിസ് പറയുന്ന കഥകള്‍ സാമാന്യയുക്തിക്ക് നിരക്കാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ അവരുടെതായ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തി എന്ന് വരും .അതൊരു പുതിയ കാര്യമല്ല .തെഹല്‍കയുടെ റിപ്പോര്‍ട്ടര്‍ എന്നെ നിലയില്‍ ഞാന്‍ ചെയ്തതും അതാണ്.
പിഡിപി നേതാവ് അബ്ദില്‍ നാസ്സര്‍ മദനി കുടകിലെ ലക്കേരി എസ്റെറ്റില്‍ വെച്ച് തടിയന്റവിടെ നസീരുമായി കൂടിക്കാഴ്ച നടത്തി എന്നും ബംഗ്ലൂര് സ്ഫോടനം ആസൂത്രണം ചെയ്തു എന്നും ആണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പറയുന്നത്. കൊച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ വെച്ചും കൂടിക്കാഴ്ച നടത്തിയതായി ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട് .കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ ,ആലുവ സ്വദേശി ജോസ് വര്‍ഗീസിന്റെതാണ് ഇക്കാര്യത്തില്‍ പോലീസു ഹാജരാക്കിയ സാക്ഷിമൊഴി .ഇങ്ങനെ ഒരു മൊഴി താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് പറഞ്ഞു ജോസ് നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു . മറ്റൊരു സാക്ഷിമൊഴി മദനിയുടെ സഹോദരനും അന്വാരശ്ശേരി മതപഠന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും ആയിരുന്ന മുഹമ്മദ് ജമാലിന്റെതാണ്.സ്ഫോടനത്തിനു ശേഷം അതില്‍ പങ്കെടുത്ത ചിലരെ അന്വാരശ്ശേരിയില് ഒളിവില്‍ താമസിക്കാന്‍ സഹായിച്ചു എന്നും അതുമായി ബന്ധപ്പെട്ടു മദനി തനിക്കു നിര്‍ദേശം നല്‍കിഎന്നും ജമാല്‍ മൊഴി നല്‍കിയതായാണ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ താന്‍ അങ്ങനെ ഒരു മൊഴിയെ നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ തന്നെ കണ്ടിട്ട് പോലുമില്ലെന്നും കാണിച്ചു മുഹമ്മദ് ജമാല്‍ കൊല്ലം ശാസ്താംകോട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഇതിനെല്ലാം പുറമേ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടെ അബ്ദുല്‍ നാസ്സര്‍ മദനിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ ഉണ്ടായ വ്യതാസവും ശ്രദ്ധേയമാണ്.ഇത്തരം സാഹചര്യങ്ങളാണ് 'കുടക് കഥ'യുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് .
ഇക്കഴിഞ്ഞ പതിനാറാം തിയാതിയാണ് ഞാന്‍ കുടകിലെ ഐഗൂര്‍ പഞ്ചായത്തില്‍ പോയത് ,കുംബുര്‍ ,ഹോസതോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഞങ്ങള്‍ യാത്ര ചെയ്തു. അവിടെയുള്ളവര്‍ക്ക് മലയാളം അറിയാന്‍ സാധ്യത ഇല്ല എന്നായിരുന്നു എന്റെ ധാരണ. അതിനാല്‍ തര്‍ജമക്ക് വേണ്ടി ഒരാളെ കൂടെ കൂട്ടിയുരുന്നു . അയാളുടെയും എന്റെയും ഒരു പൊതുസുഹൃത്തും കൂടെവന്നു . ആ നാട്ടുകാരനായ മറ്റൊരാള്‍ വഴികാട്ടിയായും.ബിജെപിക്ക് വലിയ സ്വാധീനമുള്ള ആ പ്രദേശത്ത് പോയി നാട്ടുകാരോട് വഴി ചോദിച്ചാല്‍ ഒരു പക്ഷെ പോയ കാര്യം നടക്കാതെ പോയേക്കും എന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് വഴി നന്നായി അറിയാവുന്ന ഒരാളെയും കൂട്ടിയത് .
ഇത്രയും കാര്യങ്ങള്‍ ഞാന്‍ വിശദമാക്കുന്നത് ,എന്റെ കൂടെ ഒരു സംഘം PDP ക്കാരും ഉണ്ടായിരുന്നു എന്ന പോലിസ് വാര്‍ത്തയോടുള്ള പ്രതികരണമായാണ്.പത്രപ്രവര്‍ത്തകര്‍ വാര്‍ത്ത ശേഖരിക്കാന്‍ പലരുടെയും സഹായം തേടി എന്ന് വരും .അതാരൊക്കെയാണെന്നു വെളിപ്പെടുത്തണമെന്നു പോലീസ് നിര്‍ബന്ധിക്കുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലാതെ മറ്റൊന്നുമല്ല .ഞാന്‍ മടങ്ങിയെത്തി രണ്ടു ദിവസത്തിന് ശേഷം ഹോസതോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നെ വിളിച്ചു കൂടെവന്നവരുടെ വിശദാംശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു .
അത് നല്കാന് ഒരുക്കമല്ലെന്നും വേണ്ടി വന്നാല്‍ കോടതിയില്‍ പറഞ്ഞുകൊള്ളാമെന്നും ഞാന്‍ വ്യക്തമാക്കി .
തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം കര്‍ണാടകയിലുള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞാണ് കേസ് എടുത്തു എന്ന (പത്ര)വാര്‍ത്ത ഞാന്‍ അറിയുന്നത് . കേരളത്തിലെ ചില പത്രസുഹൃത്തുക്കള്‍ പോലീസില്‍ വിളിച്ചപ്പോള്‍ ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചു .
കുംബൂരില് നിന്നും മദനി കേസിലെ ഒരു പ്രോസിക്യൂഷന് സാക്ഷിയായ യോഗനന്ദയെ കണ്ടു മടങ്ങും വഴി ഹോസതോട്ട സി ഐ യുടെ നേതൃത്വത്തിലുള്ള ഒരു പോലിസ് സംഘം ഞങ്ങളെ തടഞ്ഞു .ഇത്തരം കാര്യങ്ങള്‍ ഇവിടെ നടക്കില്ല എന്ന് കര്‍ക്കശമായി പറഞ്ഞ സി ഐ ആദ്യം ഹോസതോട്ട സ്റെഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു . എന്തുകൊണ്ട് എന്ന് ചോദിച്ചപ്പോള്‍ പോലീസ് ആ ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഞങ്ങള്‍ അവിടെ നിന്ന് മടങ്ങുമ്പോള്‍ കുറച്ചു ദൂരം പോലിസ് പിന്തുടരുകയും ചെയ്തു .കുറച്ചു സമയത്തിന് ശേഷം മറ്റൊരു വാഹനത്തില്‍ ഞങ്ങള്‍ യാത്ര തുടരുകയായിരുന്നു .
കുടകില്‍ നിന്ന് മടങ്ങുന്ന വഴി രാത്രി വൈകി സി.ഐ. എന്നെ വിളിച്ച് ഞാന്‍ തീവ്രവാദി ആണെന്ന് സംശയമുണ്ടെന്ന് വ്യക്തമാക്കി .എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഇതാദ്യമാണ് ഒരു പോലിസ് ഓഫീസര്‍ നേരിട്ട് വിളിച്ച് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുനത് . എന്റെ ചീഫ് എഡിറ്ററുടെ നമ്പര്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
കേസ് എടുത്തതുമായി ബന്ധപ്പെട്ടു എനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. എന്തായാലും ഇത് വളരെ അപകടകരമായ പ്രവണതയാണ് എന്ന് പറയാതിരിക്കാനാവില്ല .പോലിസ് പറയുന്നതിനപ്പുറം അന്വേഷണങ്ങള്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകരെ(അത് വഴി പൌരസമൂഹതെയും ) പേടിപ്പിച്ചു നിശ്ശബ്ദരാക്കിക്കളയാം എന്ന് കരുതുന്ന ഭരണകൂടം ജനാധിപത്യത്തിന്റെ ആരാച്ചാര്‍ ആവുകയാണ് ചെയ്യുന്നത് .
കര്‍ണാടക പോലീസിന്റെ നടപടിയേക്കാള്‍ എനിക്ക് അസുഖകരമായി തോന്നിയത് ഈ പ്രശ്നത്തെ ചില മാധ്യമങ്ങള്‍ സമീപിച്ച രീതിയാണ് . പോലിസ് പറഞ്ഞു കൊടുക്കുന്ന നുണക്കഥകള്‍ അത് പോലെ പകര്‍ത്തുകയാണ് ഇന്നലെ കേരളകൌമുദിയും മാതൃഭുമിയും ചെയ്തത് .കേസിലെ 'പ്രതി' പരിചയമുള്ള ഒരു മാധ്യമ പ്രവര്‍ത്തക ആയിട്ട് പോലും ഒരു അന്വേഷണവും നടത്താതെ വാര്‍ത്ത എഴുതുന്നത് ലജ്ജാകരമാണ് . മാതൃഭൂമി എഡിറ്റര്‍ ശ്രി കേശവമേനോനെ വിളിച്ചു ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ മാന്യമായി പ്രതികരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
എല്ലാ വാര്‍ത്തകളും എല്ലാ ദിവസവും ചീഫ് എഡിറ്റര്‍ കാണണമെന്നില്ല എന്ന് നമുക്കറിയാം . പ്രസ്തുത റിപ്പോര്‍ടറെ വിളിച്ചു സംസരിക്കുന്നുണ്ടെന്നും ഇന്നത്തെ പത്രത്തില്‍ തിരുത്ത് കൊടുക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി .തുടര്‍ന്ന് മാതൃഭുമിയുടെ ബംഗ്ലൂര് ലേഖകന്‍ ബിജുരാജ് എന്റെ വശം കേള്‍ക്കുകയും ചെയ്തു. തലേന്ന് എന്റെ ഫോണ്‍ നമ്പര്‍ കിട്ടിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം .ഫോണ്‍ നമ്പര്‍ കിട്ടാത്തതിനെത്തുടര്‍ന്ന് 'സമ്മര്‍ദ്ദം' മൂലം വാര്‍ത്ത കൊടുക്കേണ്ടി വന്നുവത്രേ ,ആരുടെ സമ്മര്‍ദ്ദം എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല . കര്‍ണാടക പോലീസിന്റെ സമ്മര്‍ദ്ദമാണോ അതോ ഡെസ്കില്‍ നിന്നുള്ള സമ്മര്‍ദ്ദമാണോ എന്നറിയില്ല , എന്തായാലും രണ്ടാമത്തെതാവില്ല എന്ന് ഞാന്‍ കരുതുന്നു . കാരണം ക്രോസ് ചെക്ക് ചെയ്യാന്‍ കഴിയാത്ത ഒരു വാര്‍ത്ത തരണമെന്ന് ഒരു ന്യൂസ് ഡെസ്കും നിര്ബന്ധിക്കില്ല എന്നാണു ഇത്ര കാലത്തെ പത്രപ്രവര്‍ത്തന പരിചയത്തില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നത് .
മദനിയുടെ കുടക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോലിസ് കഥയെക്കുറിച്ച് ഞാന്‍ പല പ്രമുഖ പത്രപ്രവര്‍ത്തകരോടും സംസാരിച്ചിട്ടുണ്ട് .അവരൊക്കെ വളരെ ആധികാരികമായി തന്നെ മദനി കുടകില്‍ പോയിട്ടുണ്ട് എന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട് .പോലിസ് പറയുന്ന അതെ കഥയാണ് ഒരു പരമമായ സത്യം പോലെ അവര്‍ തറപ്പിച്ചു പറയുന്നത് . നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ആധികാരികമായ ഉറവിടം ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത് എന്ന് മുതലാണ്? വാര്‍ത്ത ജനങ്ങളില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു . വാര്‍ത്തയുടെ ഏറ്റവും വലിയ സോര്സും അവര്‍ തന്നെയാണ് . ഭരണകൂടത്തിന്റെ ഗൂഡലോചനകള്‍ ജനങ്ങള്‍ തന്നെ പുറത്തു കൊണ്ട് വരും .അതിന്റെ വാഹകരാവുക എന്ന ദൗത്യം മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളൂ എന്ന് ഞാന്‍ കരുതുന്നു
ഷാഹിന കെ.കെ
No comments:
Post a Comment