
ഗൂഗിളില്‍നിന്ന് പുതിയ ഉപഹാരം. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് നെറ്റില്‍ പരതുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് പ്രിവ്യൂ (Instant Preview) സൗകര്യം തയാറായി. സര്‍ച്ച് ഫലങ്ങളുടെ ലിങ്കുകളിലേക്ക് ക്ലിക്ക് ചെയ്യുന്നതിനുമുമ്പുതന്നെ അതത് വെബ്‌സൈറ്റുകളുടെ ഒരു ചെറു രൂപം ദൃശ്യമാക്കുന്ന സൗകര്യമാണ് ഇന്‍സ്റ്റന്റ് പ്രിവ്യൂ സംവിധാനം. ആഴ്ചകള്‍ക്കുമുമ്പ് ഇന്റര്‍നെറ്റ് ലോകത്തിനായി പരിചയപ്പെടുത്തിയ ഈ പരിഷ്‌കാരംവഴി സര്‍ച്ചുഫലങ്ങളിലെ ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത് പരിശോധിക്കുന്നതിനുപകരം ഉദ്ദേശിച്ച വെബ്‌സൈറ്റിലും വിവരത്തിലും എത്തിച്ചേരാനും, അനാവശ്യ വെബ്‌സൈറ്റുകളിലേക്കോ, വിവരങ്ങളിലേക്കോ ഉള്ള പ്രവേശനം തടയാനും പ്രയോക്താവിന് ഇത് ഒരു പരിധിവരേ പ്രയോജനപ്പെടും.
ഈ നവീകരണം ഗൂഗിളിന്റെ സൈറ്റ് അന്വേഷണം (Website search), വാര്‍ത്താ അന്വേഷണം (News search), വീഡിയോ, ബിസിനസ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഗൂഗള്‍ ഇമേജ്‌സെര്‍ച്ചില്‍' ഈയിടെ കൂട്ടിച്ചേര്‍ത്തതിനോടുസമാനമായ രീതി തന്നെയാണ് ഗൂഗിള്‍ ഇന്‍സ്റ്റന്റ് പ്രിവ്യൂവിലും അവലംബിച്ചിരിക്കുന്നത്. സര്‍ച്ചുഫലങ്ങള്‍ക്കൊപ്പം ദൃശ്യമാക്കിയിരിക്കുന്ന 'മാഗ്‌നിഫയില്‍ ഗ്ലാസ്' ഐക്കണിനുമുകളില്‍ ക്ലിക്കുചെയ്യുന്നതോടെ നിമിഷങ്ങള്‍ക്കകം ബന്ധപ്പെട്ട വെബ്‌സൈറ്റിന്റെ ചെറു ഇമേജ് വലതുവശത്ത് ദൃശ്യമാവുകയാണ് ഇന്‍സ്റ്റന്റ് പ്ര്യൂവ്യൂവിലൂടെ സാധ്യമാകുന്നത്. ഇമേജിന്റെ വ്യക്തതക്കോ, സൈറ്റിന്റെ രൂപകല്‍പനക്കോ ഒട്ടും കോട്ടംവരാത്ത രീതിയില്‍ ദൃശ്യമാക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഇതേരീതിയില്‍ മുഴുവന്‍ സര്‍ച്ച് ഫലങ്ങളുടെയും ഇമേജുകള്‍ ബാക്ഗ്രൗണ്ടില്‍, ഉപയോക്താവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസമൊന്നും സൃഷ്ടിക്കാതെ തന്നെ ലോഡ് ചെയ്യുന്നുവെന്നതിനാല്‍ ഫലങ്ങളിലൂടെ മൗസ് നീങ്ങുന്ന മാത്രയില്‍ തന്നെ അതത് സൈറ്റുകളുടെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കം മുന്നിലെത്തുകയും താരതമ്യവും വിശകലനവുമൊക്കെ അനായാസമാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി ഗൂഗിള്‍ പരിചയപ്പെടുത്തിയ ടൈപ്പ് ചെയ്യുന്നമാത്രയില്‍ ഫലം ലഭ്യമാക്കുന്ന 'ഇന്‍സ്റ്റന്റ് സെര്‍ച്ചിന്റെ' (Instant Search) തുടര്‍ച്ചതന്നെയാണ് പുതിയ പ്രിവ്യൂ സംവിധാനവും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് (Antroid OS) സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഈ പുതിയ സംവിധാനത്തിന്റെ ഗുണം പൂര്‍ണമായി പ്രയോജനപ്പെടുത്താനാവുമെന്നാണ് ഗൂഗിളിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഈയിടെ വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 40 ഓളം ഭാഷകളില്‍ ഇന്‍സ്റ്റന്റ് പ്രിവ്യൂ സംവിധാനത്തിന്റെ ഗുണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഗൂഗിള്‍ നിലവിലുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ വേഗതക്കോ കാര്യക്ഷമതക്കോ ഒട്ടും കോട്ടം വരില്ല എന്നതും നിലവിലുള്ളതിലും അഞ്ച് ശതമാനം കൂടുതല്‍ കാര്യക്ഷമമായിരിക്കും പുതിയ സംവിധാനം എന്നതും നേട്ടമായി ഗൂഗിള്‍ അവകാശപ്പെടുകയും ചെയ്യുന്നു.
--------------------------------------------------------------------------------
No comments:
Post a Comment