Manqoos Moulid
Saturday, February 27, 2010
ഇന്ത്യന്‍ നായകന് ലഭിച്ചത് ഉജ്ജ്വല വരവേല്‍പ്
റിയാദ്: ഉഭയകക്ഷി സൌഹൃദത്തിന്റെ വഴിയില്‍ പുതിയ നാഴികക്കല്ല് നാട്ടി സൌദി മണ്ണിലെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ലഭിച്ചത് ഒന്നാം ലോക രാഷ്ട്രനായകര്‍ക്ക് ലഭിക്കുന്നതിന് സമാനമായ വരവേല്‍പ്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തില്‍ രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും നേരിട്ടെത്തി വരവേറ്റത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് സൌദി ഭരണകൂടം നല്‍കുന്ന സ്ഥാനത്തിന്റെ മഹിമ വിളിച്ചോതുന്നതായി.
ഇന്ന് വൈകുന്നേരമാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ കാണുന്ന ചരിത്രമുഹൂര്‍ത്തം. ഒന്നാം ലോക രാജ്യങ്ങളുടെ തലവന്മാര്‍ എത്തുമ്പോഴുള്ള സുരക്ഷാ ജാഗ്രതയാണ് ഇന്നലെ രാവിലെ തൊട്ട് നഗരത്തിലെങ്ങും ഏര്‍പ്പെടുത്തിയിരുന്നത്. പ്രധാന ഹൈവേകളിലും ശാഖ റോഡുകളിലും സുരക്ഷാ സേനയുടേതുള്‍പ്പടെ ശക്തമായ ബന്തവസുണ്ടായിരുന്നു. വാഹനങ്ങളെല്ലാം പരിശോധനക്ക് വിധേയമാക്കി. സൌദി ഭരണകൂടത്തിനോടൊപ്പം ഇന്ത്യന്‍ മിഷനും സര്‍വ സന്നാഹങ്ങളുമൊരുക്കിയാണ് പ്രധാനമന്ത്രിക്കും സംഘത്തിനും വേണ്ടി കാത്തിരുന്നത്.
കൃത്യം 5.05നാണ് പ്രധാനമന്ത്രിയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലിറങ്ങിയത്. വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ മിഷന് അംബാസഡര്‍ തല്‍മീസ് അഹ്മദ് നേതൃത്വം നല്‍കി. 28 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ ഭരണത്തലവന്‍ സൌദി മണ്ണിലെത്തുമ്പോള്‍ ഇവിടുത്തെ 18 ലക്ഷം ഇന്ത്യന്‍ തൊഴില്‍ സമൂഹവും ആവേശത്തിലാണ്. ഒട്ടേറെ പ്രതീക്ഷയുമായി കാത്തിരിക്കുന്ന അവര്‍ ഇന്നലെ ഉച്ച കഴിഞ്ഞതുമുതല്‍ പത്രപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളിലേക്ക് നിമിഷങ്ങള്‍ ഇടവിട്ട് 'പ്രധാനമന്ത്രി എത്തിയോ, എത്തിയോ' എന്ന് ആരാഞ്ഞുകൊണ്ടിരുന്നു. തങ്ങള്‍ക്ക് ജീവിതം തരുന്ന സൌദി മണ്ണില്‍ തങ്ങളുടെ നായകന് രാജോചിത വരവേല്‍പ് ലഭിക്കുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത് ഇവരാണ്.
നാളെ രാവിലെ 11ന് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പൌരസമൂഹത്തെ അഭിസംബോധന ചെയ്യാനെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ അവസരം കിട്ടുന്നത് വെറും 150 ല്‍ താഴെ പേര്‍ക്കാണ്.
ഇന്നലെ രാവിലെ മുതല്‍ റിയാദില്‍ സുരക്ഷാ സേനയുടെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുകയായിരുന്നു. പോക്കറ്റ് റോഡുകള്‍ ഉള്‍പ്പെടെ അടച്ചിട്ട് ഹൈവേകളില്‍ ആഭ്യന്തര സുരക്ഷാ സേന കര്‍ശന നിരീക്ഷണം നടത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment