WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, February 27, 2010

'ഇന്ത്യയും സൌദിയും സഹകരിച്ചാല്‍ വ്യവസായ രംഗത്ത് അദ്ഭുതങ്ങള്‍'

റിയാദ്: വികസന പാതയില്‍ അതിവേഗം കുതിക്കുന്ന സൌദി അറേബ്യക്കും ഇന്ത്യക്കും സമാനങ്ങളായ ആവശ്യങ്ങളും പ്രദാനങ്ങളുമാണുള്ളതെന്നും ഇരുഭരണകൂടങ്ങളും വ്യവസായ മേഖലയും സഹകരിക്കുകയാണെങ്കില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്നും റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അല്‍ ജിറൈസി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സൌദി സന്ദര്‍ശനത്തിന് മുന്നോടിയായി റിയാദില്‍ലെത്തിയ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്ക് ചേമ്പര്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഭവ സമാഹരണത്തിന് ഒരുങ്ങുന്ന സൌദിക്ക് ഇന്ത്യയുടെ സഹകരണം അത്യാവശ്യമായ സന്ദര്‍ഭമാണിത്. 28ലേറെ ഖനിജങ്ങളുടെ കലവറകളാണ് സൌദിയിലുള്ളത്. അവയുടെ ഉദ്ഖനനത്തിന് ഇന്ത്യയുടെ സാങ്കേതിക സഹകരണം ആവശ്യമുണ്ട്. മാനവശേഷിയുടെ കാര്യത്തില്‍ ഇന്ത്യയിലേക്കാണ് ഞങ്ങള്‍ ഉറ്റനോക്കുന്നത്. 18 ലക്ഷം ഇന്ത്യക്കാര്‍ ഇപ്പോള്‍ തന്നെ സൌദിയിലുണ്ട്. അവരുടെ കഠിനാധ്വാനവും വിശ്വസ്തതയും ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നു^അദ്ദേഹം പറഞ്ഞു.

'ഫിക്കി' ചെയര്‍മാനും സുവാരി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം.ഡിയുമായ സരോജ് കെ. പോഡറാണ് ഇന്ത്യന്‍ വ്യവസായ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത രണ്ടു രാഷ്ട്രങ്ങളാണ് ഇന്ത്യയും സൌദിയുമെന്നും 8.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യ അടുത്ത വര്‍ഷം 9.8 ശതമാനം വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും സരോജ് പോഡര്‍ ചൂണ്ടിക്കാട്ടി. മൂലധന കമ്പോളം ഇപ്പോള്‍ ഇന്ത്യയില്‍ സജീവമാണ്. ഖനനം, അടിസ്ഥാന സൌകര്യ വികസനം എന്നീ മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ അനവധിയാണ്. വിവിധ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.

സൌദിയില്‍നിന്ന് വിപുലമായ നിക്ഷേപ സമാഹരണമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേമ്പര്‍ സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ ബിന്‍ അബ്ദുറഹ്മാന്‍ സൌദിയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് വിവരിച്ചു. സ്കൂളുകള്‍, ആതുരാലയങ്ങള്‍, ഐ.ടി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ വിസ ലഭ്യതയും മറ്റും ഉദാരമാക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.അതുല്‍ പുഞ്ച്, പ്രമോദ് ഭാസിന്‍, പ്രകാശ് ഹിന്ദുജ, രവികാന്ത്, കെ.കെ. മോഡി, പ്രീത റെഡ്ഢി, എസ്.പി.എസ് ബക്ഷി തുടങ്ങിയ ഇന്ത്യയില്‍നിന്നുള്ള വ്യവസായ, വാണിജ്യ പ്രമുഖര്‍ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിച്ചു. രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹ്മദ് ഇരുരാജ്യങ്ങളിലെയും വ്യവസായ^വാണിജ്യ സംരംഭങ്ങളെ കുറിച്ച് പരിചയപ്പെടുത്തി.

വി.കെ. ഹംസ അബ്ബാസ്

No comments: