WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, February 28, 2010

ഇന്ത്യയും സൌദിയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു

ശശി തരൂര്‍ വീണ്ടും വിവാദത്തില്‍
റിയാദ്: ഇന്ത്യ-പാകിസ്താന്‍ പ്രശ്നത്തില്‍ സൌദി അറേബ്യയുടെ മാധ്യസ്ഥ്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തില്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കുന്നതില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനിടയിലാണ് റിയാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച തരൂര്‍ സൌദിയുടെ മാധ്യസ്ഥ്യം താല്‍പര്യപ്പെടുന്ന വിധം അഭിപ്രായ പ്രകടനം നടത്തിയത്.
വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവരുകയും വിഷയം വിവാദമാവുകയും ചെയ്തതോടെ സൌദി ഇടപെടണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തരൂര്‍ തിരുത്തിയിട്ടുണ്ട്. സൌദിക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട മധ്യസ്ഥനാകാന്‍ കഴിയുമെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും മറിച്ചൊരു അര്‍ഥവും അതിനില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. നമ്മോട് സംസാരിക്കുന്ന ആരും നമ്മുടെ മധ്യസ്ഥനാണെന്നും അതിനപ്പുറത്തെ അര്‍ഥം അതിനില്ലെന്നും തരൂര്‍ ട്വിറ്ററിലും വിശദീകരിച്ചു.
എന്നാല്‍, തരൂരിന്റെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നു. ഇതേക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇന്ത്യ^പാക് പ്രശ്നത്തില്‍ മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടില്‍നിന്ന് ഭിന്നമായി പറഞ്ഞ തരൂരിന്റെ പ്രസ്താവനയെ ദല്‍ഹിയില്‍ കോണ്‍ഗ്രസും നിരാകരിച്ചു. ഇടതുപാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സൌദി സന്ദര്‍ശന സംഘത്തില്‍ അംഗമായി റിയാദില്‍ എത്തിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍, ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ തല്‍മീസ് അഹ്മദ് ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്. പാകിസ്താനിലെ തീവ്രവാദ സാഹചര്യങ്ങള്‍ വഴി ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പാകിസ്താനുമായി സൌദി അറേബ്യക്ക് തീര്‍ച്ചയായും നല്ല ബന്ധമുണ്ടെന്നാണ് ഇന്ത്യ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍, സൌദി ഒരു വിലപ്പെട്ട മധ്യസ്ഥനായി മാറുന്നുണ്ട്. ഇത്തരമൊരു വിഷയത്തില്‍ നമ്മുടെ നിലപാട് സഹതാപ പൂര്‍വവും ഉത്കണ്ഠയോടെയും അവര്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷ'^സൌദിയുടെ സഹകരണം ഇന്ത്യ തേടുമോ എന്ന ചോദ്യത്തിന് തരൂരിന്റെ അഭിപ്രായ പ്രകടനം ഇങ്ങനെയായിരുന്നു. മുമ്പും തരൂരിന്റെ പല പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ പാകിസ്താനോടും അഫ്ഗാനിസ്താനോടുമുള്ള സൌദിയുടെ നിലപാട് എന്തായിരിക്കുമെന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ താല്‍പര്യപൂര്‍വം ചര്‍ച്ചചെയ്യുന്നുണ്ട്. പാകിസ്താനിലെ സാഹചര്യങ്ങള്‍ അസ്വാസ്ഥ്യവും ഖേദകരവുമാണെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സൌദി വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാകിസ്താന്‍ സൌദിക്ക് സൌഹൃദ രാജ്യമാണ്. അതുകൊണ്ടുതന്നെ അപകടകരമായ സൂചനകളുള്ള അവിടത്തെ ഏതു സംഭവവികാസവും സൌദിക്ക് അസ്വസ്ഥത നല്‍കുന്നതാണെന്ന് സഊദ് അല്‍ ഫൈസല്‍ പറഞ്ഞു. താലിബാനില്‍ അല്‍ഖാഇദ ബന്ധമുള്ളവരുണ്ടെന്ന് കണ്ടതോടെ സൌദി അവരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്തും നിരുത്തരവാദപരമാണ് തരൂരിന്റെ പ്രസ്താവനയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ അറിവോടെയാണോ അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയണം^ പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ അപമാനിക്കുന്നതാണ്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രധാന വിഷയങ്ങളില്‍ പ്രസ്താവന നടത്തുമ്പോള്‍ പക്വത പാലിക്കാതിരുന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.
അതിനിടെ, ഇന്ത്യ^പാക് പ്രശ്ന പരിഹാരത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു

No comments: