WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, February 27, 2010

മന്‍മോഹന്‍ ഇന്ന് സൗദിയില്‍



ന്യൂദല്‍ഹി: ഇന്ത്യഫസൗദി അറേബ്യ ബന്ധം പുതിയ വിതാനങ്ങളിലേക്ക്. 28 കൊല്ലത്തിനിടയില്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൗദിയില്‍ എത്തുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യന്‍ സംഘത്തിന്റെ മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനം ഇന്നു തുടങ്ങും.

നാലു കൊല്ലം മുമ്പത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് എത്തിയതോടെ വര്‍ധിച്ച സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് മന്‍മോഹന്റെ സന്ദര്‍ശനം വഴിയൊരുക്കും.

ഇന്ത്യയും സൗദിയും ഏറെ പ്രാധാന്യത്തോടെ കാണുന്ന സന്ദര്‍ശനത്തിനിടയില്‍ കുറ്റവാളികളെ പരസ്പരം കൈമാറുന്നതടക്കം വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദിയില്‍ ഒരു രാഷ്ട്ര നേതാവിന് ലഭിക്കുന്ന അത്യപൂര്‍വ ബഹുമതിയായി, മന്‍മോഹന്‍സിങ് പണ്ഡിത സഭയായ ശൂറാ കൗണ്‍സിലിനെ അഭിസംബോധന ചെയ്യും. അബ്ദുല്ല രാജാവും മന്‍മോഹന്‍സിങ്ങുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് പുറമെ, മന്ത്രിതലഫവ്യവസായി ചര്‍ച്ചകളും സന്ദര്‍ശനത്തിനിടയില്‍ ഉണ്ടാവും.

ഗുലാംനബി ആസാദ്, മുരളി ദേവ്‌റ, ആനന്ദ് ശര്‍മ എന്നീ കേന്ദ്രമന്ത്രിമാരും അനില്‍ അംബാനി, അസിം പ്രേംജി തുടങ്ങി രണ്ടു ഡസന്‍ വ്യവസായ പ്രമുഖരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്, 18 ലക്ഷത്തോളം ഇന്ത്യക്കാരുടെ തൊഴിലിടവും രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങളില്‍ 20 ശതമാനത്തിന്റെ സ്രോതസ്സുമായ സൗദിയിലേക്ക് പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനത്തിന്റെ പ്രത്യേക പ്രാധാന്യം എടുത്തുകാട്ടുന്നു.

തിരക്കിട്ട പരിപാടികളാണ് മന്‍മോഹന്‍സിങ്ങിന് റിയാദില്‍. ഞായറാഴ്ച രാവിലെ എണ്ണ മന്ത്രി അലി അല്‍ നിയാമി, വിദേശമന്ത്രിയും രാജകുമാരനുമായ സൗദ് അല്‍ ഫൈസല്‍, വാണിജ്യഫവ്യവസായ മന്ത്രി അബ്ദുല്ല സൈനല്‍ അലി റെസ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്ക് കൂടുതല്‍ അസംസ്‌കൃത എണ്ണ നല്‍കുന്ന കാര്യവും ചര്‍ച്ചയാകും.

ഉച്ചക്ക് വ്യവസായ തല സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും അബ്ദുല്ല രാജാവിന്റെയും സാന്നിധ്യത്തില്‍ പ്രതിനിധി തല ചര്‍ച്ചകള്‍; കരാര്‍ ഒപ്പുവെക്കല്‍. തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മജ്‌ലിസുശ് ശൂറയെ അഭിസംബോധന ചെയ്യുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ പ്രവാസി പ്രതിനിധികളെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഉച്ചതിരിഞ്ഞ് ദല്‍ഹിക്ക് മടങ്ങും.

എ.എസ് സുരേഷ്‌കുമാര്‍

No comments: