
റിയാദ്: പരസ്പര ബന്ധത്തില്‍ ഊഷ്മളതയുടെ പുതിയ അധ്യായം രചിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സൌദിയില്‍. 28 വര്‍ഷത്തിന് ശേഷം ഇതാദ്യമായി വിരുന്നെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രോട്ടോക്കോളിന്റെ അതിരുകള്‍ മാറ്റിനിറുത്തി അബ്ദുല്ല രാജാവിന്റെ സഹോദരനും ഒന്നാം കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തില്‍ സൌദി മന്ത്രിസഭാംഗങ്ങള്‍ ഒന്നാകെ എത്തിയാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പത്നി ഗുര്‍ചരണ്‍ കൌര്‍, മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, മുരളി ദേവ്റ, ആനന്ദ് ശര്‍മ, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ എന്നിവര്‍ക്കൊപ്പം വൈകീട്ട് 5.05നാണ് മന്‍മോഹന്‍സിങ് വിമാനമിറങ്ങിയത്. രണ്ടാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രമുഖരാണ്. ഇന്ത്യയുമായുള്ള ബന്ധത്തിന് സൌദി നല്‍കുന്ന പ്രത്യേക പ്രാധാന്യം വിളിച്ചോതുന്നതായി വരവേല്‍പ്.
വിമാനത്താവളത്തില്‍ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിച്ച പ്രധാനമന്ത്രിയേയും മറ്റു വിശിഷ്ടാതിഥികളെയും പിന്നീട് ജനാദ്രിയയിലെ കിങ് സഊദ് അതിഥി മന്ദിരത്തിലേക്ക് ആനയിച്ചു. കിലോമീറ്ററുകള്‍ നീളുന്ന റോഡിന് ഇരുവശവും ഇന്ത്യയുടെയും സൌദിയുടെയും പതാകകള്‍ പാറിപ്പറന്നു. മന്‍മോഹന്‍ സിങിനെ സ്വീകരിക്കാന്‍ കാബിനറ്റ് അംഗങ്ങളെ ഒന്നാകെ വിമാനത്താവളത്തിലേക്ക് അയച്ച അബ്ദുല്ല രാജാവ്, ഇന്ന് രാജകൊട്ടാരത്തില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്‍കും. നാലു കൊല്ലം മുമ്പ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ അബ്ദുല്ല രാജാവിനെ പതിവുകള്‍ മാറ്റിനിറുത്തി ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അന്ന് സ്വീകരിച്ചത്.
മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര മേനോന്‍, റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹ്മദ്, വിദേശകാര്യ മന്ത്രാലയത്തില്‍ കിഴക്കന്‍ മേഖലാ ചുമതലയുള്ള സെക്രട്ടറി ലതാ റെഡ്ഢി, പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഡോ. ഹരീഷ് ഖരെ, വിദേശകാര്യ വക്താവ് വിഷ്ണുപ്രകാശ് തുടങ്ങിയവര്‍ മന്‍മോഹന്‍സിങ്ങിനൊപ്പമുണ്ട്.
കുറ്റവാളികളെ കൈമാറല്‍, വിവര സാങ്കേതിക വിദ്യ, സാംസ്കാരികം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 10 കരാറുകള്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഒപ്പുവെച്ചേക്കും. ഇതുസംബന്ധിച്ച കൂടിക്കാഴ്ചകള്‍ ഇന്ന് നടക്കും. സൌദിയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സുരക്ഷിതത്വം സംബന്ധിച്ച കരാറിന്റെ സാധ്യതകളെക്കുറിച്ച ചര്‍ച്ചകളും ഇതിനൊപ്പം നടക്കും. ഇന്ത്യ^സൌദി സംയുക്ത നിക്ഷേപ നിധി രൂപവത്ക്കരിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കും. നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഇത്തരമൊരു നിധി അറബ് രാജ്യങ്ങള്‍ തമ്മിലുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ ഇന്ത്യയെയാണ് ആദ്യമായി സൌദി പരിഗണിക്കുന്നത്.
എ.എസ്. സുരേഷ്കുമാര്‍
No comments:
Post a Comment