WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, February 28, 2010

ഇന്ത്യയും സൌദിയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു

എണ്ണ വിഹിതം ഇരട്ടിയാക്കും
റിയാദ്: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ത്രിദിന റിയാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും സൌദി അറേബ്യയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും സൌദി ഭരണാധികാരി അബ്ദുല്ല രാജാവുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇതു സംബന്ധിച്ച കരാര്‍ സാധ്യമായത്. ഇതോടെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പരസ്പരം കൈമാറാനുള്ള സാധ്യത തെളിഞ്ഞു. ഇതിനുപുറമെ സൌദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കാനും വഴിയൊരുങ്ങി. അബ്ദുല്ല രാജാവും ഡോ. മന്‍മോഹന്‍ സിങും ചേര്‍ന്ന് റിയാദ് പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇതിനു പുറമെ 10 സുപ്രധാന കാരാറുകളിലും ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ഒപ്പുവെച്ചു.
റിയാദ് പ്രഖ്യാപനത്തിന്റെ നടത്തിപ്പിനു ഇന്ത്യാ^സൌദി സംയുക്ത കമീഷന്‍ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിലാണ് കരാര്‍. ഇതിനു പുറമെ ഐ.എസ്.ആര്‍.ഒ യും കിങ് അബ്ദുല്ല സര്‍വകലാശാലയും സഹകരണത്തിനു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് സൌദി അറേബ്യയുടെ എണ്ണ കയറ്റുമതി ഇരട്ടിയോളമാക്കാനും ധാരണയായി. ഇതനുസരിച്ച് നിലവിലെ 25.5 ദശലക്ഷം മെട്രിക് ടണ്ണില്‍നിന്ന് 40 ദശലക്ഷം ടണ്ണാക്കി ഉയര്‍ത്തുമെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ത്രിദിന റിയാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യ^സൌദി പെട്രോളിയം മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യമറിയിച്ചത്. എണ്ണ വിഹിതം കൂട്ടുന്നതിന്റെ കാലപരിധി നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സൌദി അധികൃതര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ സമഗ്ര ഊര്‍ജ കരാര്‍ ഉണ്ടാക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
വ്യാപാര^സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിക്ഷേപ^സേവന മേഖലകളില്‍ പങ്കാളിത്ത സഹകരണത്തിന്റെ വഴിയില്‍ മുന്നോട്ടു നീങ്ങാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഗള്‍ഫ് മേഖലാ സഹകരണ കൌണ്‍സില്‍ രാജ്യങ്ങളും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഏറ്റവും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ധാരണയായിട്ടുണ്ട്.
സൌദി ഭരണാധികാരി അബ്ദുല്ല രാജാവ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കഴിഞ്ഞ രാത്രി നടത്തിയ കൂടിക്കാഴ്ചക്ക് പശ്ചാത്തലമൊരുക്കുന്നതിന് നേരത്തേ നടന്ന വിവിധ ചര്‍ച്ചകളിലാണ് ഇത്തരമൊരു ധാരണ രൂപപ്പെട്ടത്. സൌദി എണ്ണ^ധാതു വിഭവ മന്ത്രി അലി അല്‍ നൈമി, വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍, വാണിജ്യ^വ്യവസായ മന്ത്രി അബ്ദുല്ല സൈനുല്‍ അലി റിസ എന്നിവരെയാണ് കിങ് സഊദ് ഗസ്റ്റ് പാലസില്‍ പ്രധാനമന്ത്രി കണ്ടത്.
ഇന്ത്യ^സൌദി സഹകരണം ശരിയായ വഴിക്കാണ് മുന്നോട്ടു നീങ്ങുന്നതെന്ന് മന്‍മോഹനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൂടിക്കാഴ്ചകള്‍ അര്‍ഥപൂര്‍ണമായ വഴിയിലാണ്. ഇന്ത്യയുമായുള്ള സഹകരണം വ്യാപാര ബന്ധത്തിനപ്പുറം തന്ത്രപര പങ്കാളിത്തമായി വളര്‍ന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കാളിത്ത സഹകരണം ഉണ്ടാകണമെങ്കില്‍ പരസ്പര വിശ്വാസവും ധാരണയും വേണം. സമാധാനത്തിനും മേഖലയുടെ പുരോഗതിക്കുമായി ഒന്നിച്ചുനില്‍ക്കണം.
ഇന്ത്യ^സൌദി വ്യാപാരബന്ധം 2600 കോടി ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും പരസ്പര സഹകരണത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന വ്യാപാരബന്ധ ശേഷി അതിലുമെത്രയോ അധികമാണെന്ന് മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ചയില്‍ വിലയിരുത്തപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തില്‍ കിഴക്കന്‍ മേഖലയുടെ ചുമതല വഹിക്കുന്ന സെക്രട്ടറി ലതാ റെഡ്ഢി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരസ്പര വ്യാപാരത്തിന്റെ തോത് ഉയര്‍ത്താന്‍ ഏറെ സഹായിക്കുന്ന ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിലേക്ക് ഇനിയും നടപടി ക്രമങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍, കരാറിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കാന്‍ ധാരണയായത് നല്ല നീക്കമാണെന്ന് അവര്‍ വിശദീകരിച്ചു. ജി.സി.സിയിലെ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരത്തിന് വേണ്ടിയുള്ള കരടു കരാര്‍ തയാറാക്കി വേണം മുന്നോട്ടു നീങ്ങാന്‍. ഇതിന് സമയ പരിധി വെച്ചിട്ടില്ല.
പെട്രോകെമിക്കല്‍, വളം, സാങ്കേതിക വിദ്യ, ആരോഗ്യ പരിരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പറ്റിയ നിക്ഷേപ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അത് പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സൌദിക്ക് വേണ്ടി എല്ലാ സഹായവും ചെയ്യുമെന്നും ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പറഞ്ഞു. സൌദിയിലെ പ്രവാസികളില്‍ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടേത് വിശ്വസ്തവും ആശ്രയിക്കാവുന്നതുമായ സേവനമാണെന്ന് സൌദി ഭരണാധികാരികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യയുടെ അയല്‍പക്ക രാജ്യങ്ങളിലെ സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായെന്ന് ലതാ റെഡ്ഢി പറഞ്ഞു. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല.

എ.എസ് സുരേഷ് കുമാര്‍

No comments: