ജിദ്ദ: മഴവെള്ളം കയറി പ്രവര്‍ത്തനം അലങ്കോലപ്പെടുന്നത് പതിവായതോടെ എത്രയും പെട്ടെന്ന് അനുയോജ്യമായ കെട്ടിടം കണ്ടെത്തി അതിലേക്ക ഇന്ത്യന്‍ കോണ്‍സുലേറ്റ് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ച സജീവമായി. ഈ വിഷയത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിക്കുന്നതായി കോണ്‍സല്‍ ജനറല്‍ സഈദ് അഹ്മദ് ബാബ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
അടുത്ത കാലത്തായി നാലു തവണയാണ് കോണ്‍സുലേറ്റിനകത്ത് വെള്ളം കയറിയത്. ചെറിയ മഴ പെയ്താല്‍ പോലും മദീന റോഡ് വെളളത്തിന്നടിയിലാവുന്നത് ഗതാഗത പ്രശ്‌നം സൃഷ്ടിക്കുന്നുമുണ്ട് . ബുധനാഴ്ചത്തെ പെരുമഴയോടെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചതോടെയാണ് പറിച്ചുനടല്‍ അനിവാര്യമാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യമായത്. പ്രാഥമിക അന്വേഷണത്തില്‍ അസീസിയയില്‍ ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റിന് സമീപം ഒരു കെട്ടിടം കണ്ടെത്തിയിട്ടുണ്ടത്രെ. ഇന്ത്യന്‍ സ്‌കൂളിന് സമീപം മറ്റൊരു കെട്ടിടവും കണ്ടുവെച്ചിട്ടുണ്ട്. ഇതിലും മെച്ചപ്പെട്ട കെട്ടിടം ആരെങ്കിലും കണ്ടെത്തി കാണിച്ചുകൊടുക്കുകയാണെങ്കില്‍ അധികൃതര്‍ പരിഗണിക്കും.
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പോയിവരാന്‍ സൗകര്യമുണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഒരു നയതന്ത്രാലയത്തിന് ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കുന്ന കെട്ടിടമായിരിക്കുകയും വേണം. കോണ്‍സുലേറ്റിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കണം. പ്രവാസി സമൂഹത്തെ ഉള്‍ക്കൊള്ളാനാവുന്ന അങ്കണം ഒഴിവാക്കാനാവില്ല. നഗരത്തിലെ മുഴുവന്‍ നയതന്ത്രാലയങ്ങളും കോര്‍ണിഷില്‍ ഇവിടെനിന്ന് വളരെ ദൂരെ പടുത്തുയര്‍ത്തുന്ന ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലേക്ക് മാറ്റണമെന്ന് സൗദി അധികൃതരുടെ നിര്‍ദേശമുണ്ട്. പക്ഷേ അത് പൂര്‍ത്തിയായി വരുമ്പോഴേക്കും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ പിടിച്ചേക്കാം . അതുവരെ വെള്ളപ്പൊക്ക ഭീഷണിയില്‍ തുടരാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടുദിവസത്തെ അവധിക്കുശേഷം ഇന്നലെ രാവിലെ കോണ്‍സുലേറ്റ് തുറന്നപ്പോള്‍ ഉഴുതു മറിച്ചിട്ട വയലിന്റെ അവസ്ഥയിലാണ് താഴത്തെ നില. ഫര്‍ണിച്ചറും കമ്പ്യൂട്ടറും രേഖകളുമെല്ലാം മുറ്റത്ത് നിരത്തിയിട്ട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍. ഓഫീസുകള്‍ സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ പിടിക്കും. അതുവരെ പൊതുജനം ആ ഭാഗത്തേക്ക് പോയിട്ട് ഫലമില്ല. പാസ്‌പോര്‍ട്ടിനും ഔട്ട് പാസിനും എത്തുന്ന ഇന്ത്യക്കാര്‍ക്ക് പുറമെ വിസ ആവശ്യങ്ങള്‍ക്ക് മറ്റു രാജ്യക്കാരും എത്തുന്നുണ്ട്. ഇന്നലെ രണ്ടുപേര്‍ കവാടത്തില്‍ കസേരയിട്ട് ഇരുന്നാണ് സന്ദര്‍ശകരെ മടക്കി അയച്ചത്. എന്നിട്ടും ചില സ്വദേശികള്‍ ഇവരോട് തര്‍ക്കിക്കുന്നുണ്ടായിരുന്നു. പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ ജോലികള്‍ ഔട്ട്‌സോഴ്‌സിങ് ഏജന്‍സികള്‍ ചെയ്യുന്നത് കൊണ്ട് കുറെ നഷ്ടം ഒഴിവായിട്ടുണ്ട്. അല്ലെങ്കില്‍ ആയിരക്കണക്കിന് പാസ്‌പോര്‍ട്ടുകള്‍ ഈ വിഭാഗത്തില്‍ കിടക്കുന്നുണ്ടാകുമായിരുന്നു.
courtesy:gulfmadhyamam
No comments:
Post a Comment