ദൈദ്: തുച്ഛ വേതനവും ഉയര്‍ന്ന ജീവിതചെലവും കാരണം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങുന്നു.
ദൈദില്‍ മാത്രം കഴിഞ്ഞമാസം ഇരുപതോളം പേരാണ് ഇത്തരത്തില്‍ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയത്. നാല്‍പതിലേറെ പേര്‍ തിരിച്ചുപോകാനുള്ള തയാറെടുപ്പിലുമാണ്്. ഇവരില്‍ വലിയൊരു ശതമാനവും മലയാളികളും രാജസ്ഥാനികളും തമിഴ്‌നാട് സ്വദേശികളുമാണ്. യു.എ.ഇയില്‍ ജീവിത ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കുന്നതാണ് മെച്ചമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
എട്ടുവര്‍ഷത്തോളമായി ദൈദില്‍ ലേബറായി ജോലി നോക്കുന്ന കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ജോലി ഒഴിവാക്കി നാട്ടില്‍ പോകാനൊരുങ്ങുകയാണ്. അടിസ്ഥാന ചെലവുകളായ ഭക്ഷണം, താമസം, ഫോണ്‍ എന്നിവ കഴിഞ്ഞാല്‍ വളരെ തുച്ഛമായ തുകയാണ് മിച്ചം വെക്കാന്‍ കഴിയുന്നതെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു. നേരത്തെ നാട്ടില്‍ നടത്തിയിരുന്ന വെറ്റില കച്ചവടമാണ് ഇവിടുത്തെ തൊഴിലിനേക്കാള്‍ മെച്ചമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്.
മലീഹയില്‍ ഏഴു വര്‍ഷമായി ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി നവാസിനും പറയാനുള്ളത് ഇതേ അനുഭവമാണ്. ഇവിടുത്തെ അത്യാവശ്യ ചെലവുകള്‍ കഴിഞ്ഞാല്‍ നാട്ടില്‍ തന്റെ സഹായവും കാത്തിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വല്ലതും അയച്ചു കൊടുക്കാന്‍ പലപ്പോഴും കഴിയാറില്ലെന്ന് ഇദ്ദേഹം പറയുന്നു.
നേരത്തെ കുടുംബവുമായി കഴിഞ്ഞിരുന്ന പലരും ഇതിനകം അവരെ നാട്ടിലയച്ച് 'ബാച്ച്‌ലര്‍' ജീവിതം നയിക്കുകയാണ്. ഗള്‍ഫ് മോഹം യാഥാര്‍ഥ്യമാക്കുന്നതിന് വലിയ തുക കടം വാങ്ങി വിസയെടുത്ത് ഇവിടെയെത്തിയവരും നിരവധിയാണ്. തുച്ഛമായ വേതനമെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതകള്‍ കാരണം പലര്‍ക്കും നിലവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയില്ല. ഗ്രോസറികള്‍, കഫ്തീരിയകള്‍ തുടങ്ങിയ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരാണ് ഇപ്പോള്‍ ഏറെ പ്രതിസന്ധി നേരിടുന്നത്. നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് സമീപത്തും മറ്റും നേരത്തെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇത്തരം നിരവധി സ്ഥാപനങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ അടച്ചുപൂട്ടിയത്.
No comments:
Post a Comment